മന്ത്രി കെ ടി ജലീൽ രാജി വയ്ക്കും എന്ന വാർത്ത സത്യമോ..?

രാഷ്ട്രീയം | Politics

വിവരണം 

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അധികാരത്തിൽ

അള്ളിപ്പിടിച്ചിരിക്കാൻ

ഇത്‌ കൊങ്ങിയുമല്ല, മൂരിയുമല്ല

നല്ല അന്തസ്സുള്ള സഖാവ്..

അഭിവാദ്യങ്ങൾ മലപ്പുറം സുൽത്താൻ ??

#KTJ” എന്ന അടിക്കുറിപ്പോടെ മന്ത്രി കെടി ജലീലിന്റെ ചിത്രവും ഒപ്പം ” കെ ടി ജലീൽ രാജി വയ്ക്കും.. തെറ്റ് ചെയ്തില്ല എന്ന ബോധ്യമുണ്ട്. രാജി ധാർമികതയുടെ പേരിൽ മാത്രം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം രാജി സമർപ്പിക്കുമെന്ന്  ഇടതു മുന്നണി കൺവീനർ…” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  

archived linkFB post

എംജി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ റ്റി ജലീലിന് പങ്കുണ്ടെന്ന പേരിൽ പ്രതിപക്ഷനേതാവും മറ്റ്  എതിർ രാഷ്ട്രീയ പാർട്ടികളും പരാതികളും അഭിപ്രായങ്ങളും കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പങ്കു വയ്ക്കുകയാണ്. ഇതിനിടയിൽ മന്ത്രി തന്റെ  രാജി പ്രഖ്യാപനം നടത്തിയോ…? ഇക്കാര്യം ഇടതു മുന്നണി കൺവീനർ പരസ്യമായി പ്രഖ്യാപിച്ചോ…? നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഈ വാർത്തയെ പറ്റി  അറിയാൻ ഞങ്ങൾ വാർത്തയുടെ വിവിധ കീ വേർഡ്‌സ്  ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി.മന്ത്രി കെ ടി ജലീൽ രാജി സന്നദ്ധത അറിയിച്ചു എങ്കിൽ അത് പ്രധാന വാർത്തയായി മാധ്യമങ്ങൾ നൽകേണ്ടതാണ്.  എന്നാൽ മന്ത്രി കെ ടി ജലീലിന്റെ രാജിയെ പറ്റി മാധ്യമ വാർത്തകളൊന്നും വന്നിട്ടില്ല. . അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലോ ഇടതുമുന്നണിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഇത്തരത്തിൽ യാതൊരു വാർത്തയും നൽകിയിട്ടില്ല. 

അതിനാൽ ഞങ്ങൾ മന്ത്രി കെ ടി ജലീലുമായി നേരിട്ട്  ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ തിരക്ക് മൂലം അദ്ദേഹത്തെ ലഭിച്ചില്ല. പകരം അദ്ദേഹത്തിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീൻ കെ ആണ് ഞങ്ങൾക്ക് വിശദീകരണം നൽകിയത്. “ഇത് പൂർണ്ണമായും വ്യാജ വാർത്തയാണ്. മന്ത്രി കെ ടി ജലീൽ രാജി വയ്ക്കുന്നതിനെ  യാതൊരു തീരുമാനമോ നീക്കങ്ങളോ ഇല്ല.”

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മന്ത്രി കെ ടി  ജലീൽ രാജി വയ്ക്കും എന്ന മട്ടിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്ന്  മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യാതിരിക്കുക

Avatar

Title:മന്ത്രി കെ ടി ജലീൽ രാജി വയ്ക്കും എന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False