FACT CHECK: മുസ്ലിം വനിതാ അധ്യാപകര്‍ക്ക് പ്രസവാനുകൂല്യമായി 15000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം

പ്രചരണം 

പുതിയ സംസ്ഥാന മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ ചൊല്ലി സാമൂഹ്യ മാധ്യമ വേദികളില്‍ നിത്യേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യം ലഭിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: വനിതാമുസ്ലീം അദ്ധ്യാപകര്‍ക്ക് രണ്ട് പ്രസവത്തിന് 15000 വച്ച് സര്‍ക്കാര്‍ കൊടുക്കുമത്രേ. മറ്റുള്ള മത അദ്ധ്യാപകര്‍ മുട്ടയിടുന്നത് കൊണ്ട് കുഴപ്പമില്ല. 

archived linkFB post

അതായത് മുസ്ലിം വനിതാ അധ്യാപകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് 15000 രൂപ വീതം രണ്ടു പ്രസവങ്ങള്‍ക്കായി ലഭിക്കും എന്നാണ് അറിയിക്കുന്നത്. ഇങ്ങനെയൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമം പ്രസിദ്ധീകരിച്ചതിന്‍റെ സ്ക്രീന്‍ഷോട്ടോ ലിങ്കോ പോസ്റ്റിനൊപ്പം നല്‍കിയിട്ടില്ല.  ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് വെറും തെറ്റായ പ്രചരണം മാത്രമാണെന്നും ഇങ്ങനെയൊരു ആനുകൂല്യം മുസ്ലിം വനിതാ അധ്യാപകര്‍ക്ക് ഇല്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

വസ്തുതാ വിശകലനം

പലരും ഇതേ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങള്‍ ഓണ്‍ലൈനില്‍ പ്രചാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇങ്ങനെയൊരു ആനുകൂല്യം നിലവില്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ പുതുതായി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലോ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതാണ്.പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ  വെബ്‌സൈറ്റില്‍ അറിയിപ്പ് ഉണ്ടാകുന്നതാണ്. സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങളും ഇപ്രകാരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. എന്നാല്‍ പോസ്റ്റിലെ പ്രചരണം വിശ്വാസയോഗ്യമാണ് എന്ന് സൂചിപ്പിക്കുന്ന യാതൊരു വാര്‍ത്തയും ഞങ്ങള്‍ക്ക് ലഭിച്ചില്ല. 

സര്‍ക്കാരിന്‍റെ  മെറ്റേണിറ്റി ബെനിഫിറ്റ് പ്രോഗ്രാം പദ്ധതി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും (പിഡബ്ല്യു & എൽഎം)  ആരോഗ്യ സംരക്ഷണത്തിനായുള്ളതാണ്. വനിതാ ശിശു വികസന / സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പ്ലാറ്റ്ഫോം ഉപയോഗിച്ച് പദ്ധതി നടപ്പാക്കും. 5000 രൂപ ക്യാഷ് ഇൻസെന്റീവ് നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും അർഹരുടെ  ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് 5,000 രൂപ ഡെപ്പോസിറ്റ് ചെയ്യുന്ന പദ്ധതിയാണിത്. എന്നാൽ പദ്ധതി മുസ്ലിം വനിതാ അധ്യാപകർക്ക് ഉള്ളതല്ല,  ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ സ്ത്രീകൾക്കുമായി വിഭാവനം ചെയ്തിട്ടുള്ളതാണ്. 

ഞങ്ങളുടെ അന്വേഷണത്തില്‍ മുസ്ലിം വനിതാ അദ്ധ്യാപകര്‍ക്കായി പ്രത്യേകിച്ച് പദ്ധതികള്‍ എന്തെങ്കിലും ഉള്ളതായി  കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഇങ്ങനെയൊരു ആനുകൂല്യം മുസ്ലിം വനിതാ അധ്യാപകര്‍ക്ക് അനുവദിച്ചു എങ്കില്‍ അത് വിവാദമാവുകയും ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്യുമായിരുന്നു. 

കൂടുതല്‍ വ്യക്തതയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. ഇത് വെറും അടിസ്ഥാന രഹിതവും വ്യാജവുമായ പ്രചരണം മാത്രമാണെന്നും മുസ്ലിം വനിതാ അദ്ധ്യാപകര്‍ക്ക് ഇങ്ങനെയൊരു ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്‌ വ്യക്തമാക്കി. 

നിഗമനം 

പോസ്റ്റിലെ ആരോപണം പൂര്‍ണ്ണമായും തെറ്റാണ്. മുസ്ലിം വനിതാ അദ്ധ്യാപകര്‍ക്ക് രണ്ടു  പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമായി സര്‍ക്കാര്‍ 15000 രൂപ വീതം നല്‍കുന്നു എന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു ആനുകൂല്യം നല്‍കുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുസ്ലിം വനിതാ അധ്യാപകര്‍ക്ക് പ്രസവാനുകൂല്യമായി 15000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •