പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല എന്ന വാർത്ത തെറ്റാണ്…

രാഷ്ട്രീയം

വിവരണം 

“പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല. 2015 സെപ്‌തംബറിൽ തൃശ്ശൂരിലെ എആർ ക്യാമ്പിൽനിന്ന്‌ സീൽ ചെയ്‌ത പാക്കറ്റിൽ 200 വെടിയുണ്ടകൾ കാണാതെ പോയതായി ചെന്നിത്തല വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. സിഎജി റിപ്പോർട്ടിൽ യുഡിഎഫ്‌ സർക്കാരിന്‍റെ തെറ്റുകൾ ഒന്നും ഇല്ല എന്ന്‌ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ സംഭവിച്ച തെറ്റ്‌ പറഞ്ഞത്‌.

ഈ സംഭവത്തിൽ അന്വേഷണ സംഘത്തെ ഏർപ്പെടുത്തി എന്ന്‌ പറഞ്ഞ ചെന്നിത്തല 2016 ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ അതിന്റെ വിവരങ്ങൾ പുറത്തുവന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ്‌ ഭരണകാലത്ത്‌ നടന്ന ക്രമക്കേടിൽ സർക്കാരിന്‌ അന്വേഷണം നടത്താമെന്നും ചെന്നിത്തല പറഞ്ഞു” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: ഉണ്ട പോയത് യുഡിഎഫ് ഭരണകാലത്ത് തന്നെ. വീഴ്ച പറ്റിയെന്നു സമ്മതിച്ച് ചെന്നിത്തല.”

archived linkFB post

കേരളാ പോലീസിന്‍റെ ആയിരത്തിലധികം വെടിയുണ്ടകളും തോക്കുകളും കാണാതായി എന്ന സിഐജി റിപ്പോർട്ടിനെ തുടർന്ന് ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ അതേപ്പറ്റിയുള്ള വാർത്തകളും ചർച്ചകളും നിറയെ വന്നുകൊണ്ടിരിക്കുന്നു. ഈ സംഭവത്തെ പറ്റി ഉന്നതാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനം നടത്തിയിരുന്നു. പത്ര സമ്മേളനത്തിൽ പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ ചെന്നിത്തല സമ്മതിച്ചു എന്നാണു പോസ്റ്റിലെ അവകാശവാദം. 

ചെന്നിത്തല ഇങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സത്യമെന്താണെന്ന് താഴെ കൊടുക്കുന്നു 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയെ പറ്റി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗം സുമോദിനോട് സംസാരിച്ചപ്പോൾ ഇത് വെറും വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അറിയിച്ചു. പോസ്റ്റിലെ വാദഗതിക്ക് ആധാരമായ പത്ര സമ്മേളനം ലൈവായി രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

തുടർന്ന് ഞങ്ങൾ രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചപ്പോൾ പത്ര സമ്മേളനത്തിന്‍റെ വീഡിയോ ലഭിച്ചു. 

archived link

20 മിനിറ്റ് ദൈർഘ്യമുള്ള പത്ര സമ്മേളനത്തിന്‍റെ വീഡിയോയിൽ ഒരിടത്തും രമേശ് ചെന്നിത്തല പോസ്റ്റിൽ അവകാശവാദം ഉന്നയിക്കുന്നത് പോലെ പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ ഒരിടത്തും പറയുന്നില്ല. അദ്ദേഹത്തിന്‍റെ ചില വാക്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: അഴിമതിയുടെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഡിഎഫിന്‍റെ കാലത്താണ് ഇതൊക്കെ സംഭവിച്ചത് എന്ന വ്യാജ പ്രചാരണം നടത്തുന്നത്. സിഎജി റിപ്പോർട്ടിൽ ഒരിടത്തും യുഡിഎഫ് കാലത്താണ് ഇത് നടന്നത് എന്ന് സൂചന പോലുമില്ല എന്നതാണ് വസ്തുത.  2015 ൽ തൃശൂർ എആർ ക്യാമ്പിൽ നിന്ന് 200 ബുള്ളറ്റുകളുടെ പാക്കറ്റ് കാണാതായിരുന്നു. യുഡിഎഫ് സർക്കാർ അന്നുതന്നെ ഇതിന്‍റെ മുകളിൽ അന്വേഷണം നടത്താൻ ബോർഡിനെ നിയോഗിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 ലാണ് ഇതുസംബന്ധിച്ച വിശദീകരണം വന്നത്.  ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുതിയ ഒരു ബോർഡിനെ എൽഡിഎഫ് സർക്കാർ നിയമിച്ചു. അവരുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്  എൽഡിഎഫിന്‍റെ ഭരണകാലത്ത് 1999 ജൂലൈ 12  നു പാക്ക് ചെയ്ത സ്റ്റോക്കിൽ നിന്നാണ് ഉണ്ടകൾ നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ്. എൽഡിഎഫ് സർക്കാർ തന്നെ രൂപീകരിച്ച ബോർഡ് കണ്ടെത്തിയത് 2000 ത്തിനും 2014 നുമുള്ളിൽ എപ്പോഴെങ്കിലും വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ്. 2017 നു ശേഷം 7433 ബുള്ളറ്റുകൾ കാണാതായി… 2018 നു ശേഷം 1000 വെടിയുണ്ടകൾ കാണാതായി….” ഇങ്ങനെ തുടരുന്ന രമേശ് ചെന്നിത്തല കാണാതായ തോക്കുകളുടെയും മറ്റും കണക്കുകളും പോലീസ് സേനയിലെ മറ്റ് ക്രമക്കേടുകളുടെ കാര്യങ്ങളുമാണ് വിശദീകരിക്കുന്നത്.  ആരുടെ ഭരണ കാലത്താണ് എന്നതല്ല വിഷയം. ഇതിന്മേൽ ഉന്നതതല അന്വേഷണം വേണം എന്നുള്ളതാണ് എന്നും അദ്ദേഹം പറയുന്നു. 

രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പരാമർശിക്കുന്ന കാലയളവിൽ ഭരണത്തിലുണ്ടായിരുന്ന സർക്കാരുകളിൽ എൽഡിഎഫും  യുഡിഎഫുമുണ്ട്. യുഡിഎഫിന്‍റെ മുകളിൽ അനാവശ്യമായി കുറ്റാരോപണം നടത്താൻ ശ്രമിക്കുന്നു എന്നാണ്  അദ്ദേഹം പത്രസമ്മേനത്തിൽ പറഞ്ഞത്. 

പോസ്റ്റിലെ ആരോപണം തെറ്റാണ്. രമേശ് ചെന്നിത്തലയുടെ വാക്കുകളെ വളച്ചൊടിച്ച്  മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് പോസ്റ്റിൽ ചെയ്തിരിക്കുന്നത്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം പൂർണ്ണമായും തെറ്റാണ്. പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ രമേശ്‌ ചെന്നിത്തല ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരത്തിൽ വരുന്ന വാർത്തകളൊക്കെ വ്യാജ പ്രചാരണങ്ങളാണ്. 

Avatar

Title:പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല എന്ന വാർത്ത തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •