
വിവരണം
Pratheesh R Eezhavan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരുന്ന വാർത്ത ഇതാണ് : പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ ഡിസംബർ 15 ഞായറാഴ്ച പെങ്ങളൂട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് ഉണ്ടായിരിക്കുന്നതാണ്.
രമ്യ ഹരിദാസ് എംപി തന്‍റെ പാട്ട് അവതരണം കൊണ്ട് ശ്രദ്ധേയയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിൽ രമ്യ ഹരിദാസ് പാട്ടുപാടി വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ പൗരത്വ ബില്ലിനെതിരെ ബിജെപിയുടെ എതിർ കക്ഷികൾ രാജ്യം മുഴുവൻ പ്രതിഷേധം ഉയർത്തുന്നുണ്ട്. രമ്യ ഹരിദാസ് എംപി പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ പാട്ടുപാടി പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിച്ചു. എന്നാൽ ഒരു മാധ്യമത്തിലും ഇത്തരത്തിൽ ഒരു വാർത്ത വന്നിട്ടില്ല. തുടർന്ന് ഞങ്ങൾ രമ്യ ഹരിദാസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യം നൽകിയിട്ടുണ്ടോ എന്ന് തിരഞ്ഞു. എന്നാൽ അതിലും ഇങ്ങനെയൊരു വാർത്ത കാണാനില്ല. തുടർന്ന് ഞങ്ങൾ രമ്യ ഹരിദാസിനോട് നേരിട്ട് വിശദീകരണം തേടി.
ഇതാണ് രമ്യാ ഹരിദാസ് നല്കിയ വിശദീകരണം.
ഈ പോസ്റ്റിൽ ആരോപണം ഉന്നയിക്കപ്പെട്ട രമ്യ ഹരിദാസ് തന്നെ ഇത് തെറ്റാണെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. രമ്യ ഹരിദാസ് നാടൻ പാട്ടു പാടി പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ തെറ്റാണെന്നു രമ്യ തന്നെ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:രമ്യ ഹരിദാസ് എംപി പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ പാട്ടുപാടി പ്രതിഷേധിക്കാൻ തീരുമാനിച്ചോ…?
Fact Check By: Vasuki SResult: False
