ഉത്തർപ്രദേശിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തിയെന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്…

ദേശീയം സാമൂഹികം

വിവരണം 

ശ്രീരാമജയം!

രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതും ഭഗവാന്‍റെ അനുഗ്രഹവും നമ്മളെ തേടിയെത്തി!

ഉത്തർ പ്രദേശിൽ നടത്തിയ ഭൂഗർഭ പര്യവേക്ഷണത്തിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തി. റിസർവ് ബാങ്കിന്‍റെ ഇന്നത്തെ സ്വർണ്ണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയിൽ കൂടുതൽ വരും ഈ പുതിയ കണ്ടെത്തൽ.

മദാമ്മാ ഗാന്ധിയും ചിദംബരവും അധികാരത്തിൽ ഇരുന്ന കാലത്തായിരുന്നെങ്കിൽ മുഴുവനും അവർ അടിച്ചു മാറ്റിയേനെ! ഇനി രാഷ്ട്രീയക്കാർ കട്ടു കൂട്ടിയ ധനം കൂടി പിടിച്ചെടുത്താൽ, ഭാരതം ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ടമാകും.

5 ട്രില്യൺ ഡോളറിന്‍റെ സമ്പത് വ്യവസ്ഥ എന്ന നമ്മുടെ സ്വപ്നം പൂവണിയാൻ പോകുന്നു! എന്ന വിവരണത്തോടെ ഉത്തർ പ്രദേശിൽ സ്വർണ്ണം കണ്ടെത്തിയ സ്ഥലത്തിന്‍റെത് എന്ന മട്ടിലുള്ള രണ്ടു ചിത്രങ്ങളും ചേർത്താണ് പോസ്റ്റിന്‍റെ പ്രചരണം.

archived linkFB post

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് 3350 ടൺ സ്വർണ്ണം നിറഞ്ഞ ഖനി കണ്ടെത്തിയതായി വാർത്തകൾ പ്രചരിക്കുന്നത്. റിസർവ് ബാങ്കിന്‍റെ സ്വർണ്ണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയിൽ കൂടുതലുണ്ടിത് എന്ന വിശേഷണത്തോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. 

ഈ വാർത്ത പൂർണ്ണമായും തെറ്റാണെന്ന് ജിയോഗ്രഫിക്കൽ സർവേ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷവും ഇത്തരം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. ഈ വാർത്ത പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലൊന്നാണ് മുകളില്‍ നല്‍കിയിട്ടുള്ളത്. നമുക്ക്  വാർത്തയുടെ യാഥാർഥ്യമറിയാം

വസ്തുതാ വിശകലനം 

ഫെബ്രുവരി 21 മുതലാണ് ഈ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങൾ മാത്രമല്ല,  ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വാർത്താ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ ഫെബ്രുവരി 22 ന് ജോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആഷിഷ്‌കുമാർ നാഥ്‌ ഇറക്കിയ പത്രക്കുറിപ്പിൽ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വാർത്തയിൽ തങ്ങൾക്ക് പങ്കില്ലെന്നും സോൻഭദ്രയിൽ എത്ര സ്വർണ്ണ നിക്ഷേപമുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണക്കെടുത്തിട്ടില്ലെന്നും വാർത്ത കുറിപ്പിൽ പറയുന്നു. വാർത്താക്കുറിപ്പ് താഴെ കൊടുക്കുന്നു. ഇതുവരെ കണ്ടെത്തിയ സ്വർണ്ണത്തിന്റെ അയിര് 160 കിലോഗ്രാം മാത്രമാണെന്നും വാർത്താ കുറിപ്പിലുണ്ട്. 

archived link

ചില മാധ്യമങ്ങൾ വാർത്ത കുറിപ്പിനെ ആധാരമാക്കി സ്വർണ്ണ നിക്ഷേപം 3350 ടൺ ഇല്ലെന്നുള്ള വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

പോസ്റ്റിലെ വാർത്ത തെറ്റാണ്. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ സ്വർണ്ണ ഖനനത്തിൽ നിന്നും 3350 ടൺ സ്വർണ്ണം ലഭിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 3350 ടൺ  സ്വർണ്ണം കണ്ടെത്തി എന്ന വാർത്ത തെറ്റാണെന്ന് ജിയോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 160  കിലോഗ്രാം സ്വർണ്ണ അയിരാണ് കണ്ടെത്തിയത്. ഇതേപ്പറ്റി മറ്റുതരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്

Avatar

Title:ഉത്തർപ്രദേശിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തിയെന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്…

Fact Check By: Vasuki S 

Result: False