
വിവരണം
Ansif Nujum എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Gulf Malayalees എന്ന പബ്ലിക് ഗ്രൂപ്പിലൂടെ 2019 ഡിസംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ RSS തീവ്രവാദികൾ ആണ് ഇന്ത്യ ഭരിക്കുന്നത്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജന്മഭൂമി ദിനപത്രം 1947 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച എഡിഷന്റെ ഒന്നാം പേജാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചില വാർത്തകൾ നമുക്ക് പേജിൽ കാണാനാകും. “ഇനിയും 100 വട്ടം മാപ്പു പറയാൻ തയ്യാർ…സവർക്കർജി” എന്ന വാർത്തയും “തകർത്തത് രാജ്യത്ത് ആസൂത്രിത കലാപം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യ സമര ഭീകരരുടെ ഗൂഢ ശ്രമം” എന്ന വാർത്തയും ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

archived link | FB post |
ജന്മഭൂമി ദിനപത്രം ഈ ഒന്നാം പേജ് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1947 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. നമുക്ക് ഈ വാദഗതിയുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ജന്മഭൂമി പത്രത്തിന്‍റെ ചരിതം ആദ്യം ഞങ്ങൾ ഓൺലൈനിൽ അന്വേഷിച്ചപ്പോൾ വിക്കിപീഡിയ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരണം ലഭിച്ചു. അതിൽ 1975 ലാണ് ജന്മഭൂമി പത്രം ആദ്യം ആരംഭിച്ചത് എന്നാണ് നൽകിയിരിക്കുന്നത്. സായാഹ്ന പത്രമായാണ് ആദ്യം ജന്മഭൂമി പുറത്തിറങ്ങിയത്.


archived link | wikipedia |
1975ല്‍ സായാഹ്ന പത്രമായി ആരംഭിച്ച ജന്മഭൂമി 1977 ലാണ് ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ജന്മഭൂമിയുടെ എഡിറ്റർ കെ എൻ രാമൻ നമ്പൂതിരിയോട് സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയ്ക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ് :
“ഈ പ്രചരണം കുറേ നാളുകള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. 1947 ല്‍ നിലവിലില്ലാത്ത പത്രം ഇത്തരത്തില്‍ ഒന്നാം പേജ് പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞു വ്യാജ പ്രചരണം നടത്തുകയാണ്. ജന്‍മഭൂമിയുടെ പേര് ഇല്ലാതാക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങളാണിതൊക്കെ.”
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കൃത്രിമമായി നിർമിച്ചതാണ്. ഇത്തരത്തിൽ ഒരു ഒന്നാം പേജ് 1947 ഓഗസ്റ്റ് 15 ന് ജന്മഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല. ജന്മഭൂമി ആദ്യ പ്രതി പുറത്തിറക്കിയത് 1975 ൽ സായാഹ്ന പത്രമായാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ജന്മഭൂമി പത്രത്തിന്‍റെ പേരിൽ കൃത്രിമമായി നിർമ്മിച്ച ഒന്നാം പേജാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം 30 വർഷത്തിന് ശേഷമാണ് ജന്മഭൂമി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:1947 ഓഗസ്റ്റ് 15 നു ജന്മഭൂമി പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജാണോ ഇത്…?
Fact Check By: Vasuki SResult: False
