വൈറ്റില ഓവർബ്രിഡ്ജിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാൽ മുകളിലെ മെട്രോ പാലത്തിൽ മുട്ടുമെന്ന ആരോപണം ശരിയോ…?

രാഷ്ട്രീയം | Politics

വിവരണം 

Padmamohan Mohan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു 15 മണിക്കൂറുകൾ കൊണ്ട് 800 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. “സ്വയം പ്രബുദ്ധർ എന്നു വിളിക്കുന്ന, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിഡ്ഢികൾ ആയ ഒരു ജനസമൂഹം ആണ് മലയാളികൾ..

കൊച്ചി പാലാരിവട്ടം പാലത്തിൽ എട്ടിന്റെ പണി കിട്ടിയ മലയാളിക്ക്, അടുത്ത പതിനാറിന്റെ പണിയും ആയി വരുന്നു, ‘വൈറ്റില ഓവർ ബ്രിഡ്‌ജ്‌’.

മൂന്നു മാസം മുൻപ് പണി നിർത്തി വെച്ചു. കാരണം പുറത്തു പറയാൻ പറ്റില്ല ?? പാലം പണിതു വന്നപ്പോൾ മുകളിൽ കൂടി പോകുന്ന മെട്രോ പാലത്തിൽ വണ്ടി മുട്ടും എന്നു. ???

വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തൻ എങ്കിലും മരുന്നിനു പോലും ഇല്ലേടെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിൽ.

കിഫ്ബിയിൽ കടം വാങ്ങിയ പണം കൊണ്ട്, സർ പി വിജയൻ സർക്കാർ ഒന്നരവർഷം കൊണ്ട് പണിതു ആദ്യമായി സ്വന്തമായി പണിത ഒരു പാലം എങ്കിലും ഉൽഘാടനം ഈ ഭരണ കാലയളവിൽ ചെയ്യണം എന്ന മുഖ്യന്റെ ആഗ്രഹത്തിന്റെ കടക്കൽ കോടാലി വെച്ചു കൊടുത്ത അവസ്‌ഥയാണ്‌.

ഇനി ഏതായാലും മുഖ്യന് മരട് ഫ്ലാറ്റിന്റെ പൊളിക്കൽ ഉൽഘാടനത്തോട് ഒപ്പം വെറ്റില പാലത്തിന്റെ പൊളിക്കൽ ഉൽഘാടനം കൂടി ചെയ്തു, ആദ്യമായി സ്വയം പണിത് പാലം പൊളിച്ചു മാറ്റി എന്ന പേരിൽ സായൂജ്യം അടയാം.

അന്തംകമ്മി ഫാക്ഷനുകൾ പ്രവർത്തിക്കുന്ന മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, റീപോര്‍ടർ മുതൽ ഇന്നലെ കിളിർത്ത മംഗളവും 24/7 വരെ എത്ര ദിവസം ഈ വാർത്ത മൂക്കും എന്നു നോക്കി ഇരിക്കുകയാണ് ഞങ്ങൾ സംസ്ഥാന ദ്രോഹികൾ. ?????

ജട്ടി തപ്പി നടക്കുന്നവനെയൊക്കെ മന്ത്രിയാക്കിയാല്‍ ഇങ്ങനെയിരിക്കും” എന്ന വിവരണത്തോടെ പോസ്റ്റിൽ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ ചിത്രത്തിൽ  റോഡിലൂടെ പോകുന്ന വാഹനങ്ങൾ മെട്രോ പാലത്തിൽ മുട്ടാൻ സാധ്യതയുണ്ട് എന്നറിയിക്കാനായി ചുവന്ന വൃത്തം വരച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ചിത്രം 

മെട്രോ പാലവും ഓവർബ്രിഡ്ജും തമ്മിലുള്ള അകലം കുറവാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള രീതിയിൽ ചിത്രീകരിച്ചതാണ്. ഒപ്പം അങ്ങനെ പാലാരിവട്ടം ഇബ്രാഹിം കുഞ്ഞു പാലത്തിനു ശേഷം കേരളത്തിലെ അഡ്ജസ്റ്റ്‌മെന്റ് മുന്നണി അവതരിപ്പിക്കുന്ന പാലംപൊളി മഹോത്സവം അടുത്ത പൊളി വൈറ്റിലയിലെ സാർ പി വിജയൻ മെമ്മോറിയൽ പാലം.. എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. 

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം വൈറ്റില ഓവർബ്രിഡ്ജ് മൂന്നു മാസങ്ങൾക്ക് മുമ്പ് പണി നിർത്തിവച്ചു. കാരണം പണി തീർന്നു വന്നപ്പോൾ മുകളിൽ കൂടി പോകുന്ന മെട്രോ പാലത്തിൽ ഓവർബ്രിജിലൂടെ പോകുന്ന വാഹനങ്ങൾ മുട്ടുന്നു എന്നാണ് വാർത്തയിൽ അവകാശപ്പെടുന്നത്. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് പാലം നിർമ്മിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നു.

ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വെഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ വാർത്ത തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ നിരവധി ഫേസ്‌ബുക്ക് പ്രൊഫൈലുകളിലും പേജിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്ലാതെ ആധികാരികമായി ഇത്തരത്തിലൊരു വാർത്ത എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല.

തുടർന്ന് ഞങ്ങൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ അവരല്ല വൈറ്റില ഓവർബ്രിജ് നിർമ്മാണം നടത്തുന്നത് എന്നാണ്‌ വിശദീകണം നൽകിയത്. 

തുടർന്ന് ഞങ്ങൾ പൊതുമരാമത്തു മന്ത്രി ജി സുധാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ് : “മെട്രോ റെയിൽ ഓടിത്തുടങ്ങിയിട്ടുണ്ട്.  പാലവും ഓവർ ബ്രിഡ്ജും തമ്മിലുള്ള അകലം നോക്കിയിട്ടുള്ള ക്ലിയറൻസ് നടത്തിയത് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ഇ ശ്രീധരൻ എന്ന അവരുടെ അഡ്വൈസറുമാണ്. ഒരുപാട് ചർച്ചകൾക്കൊടുവിൽ  ഡിസൈൻ എല്ലാം പൂർത്തിയായ ശേഷമാണ് ഇവിടെ വർക്ക് തുടങ്ങിയത്. മൂന്നു മാസം വർക്ക് നിർത്തിവച്ചു എന്നത് വെറും വ്യാജ ആരോപണമാണ്. ഞങ്ങളുടെ വർക്ക് ചാർട്ട് പ്രകാരം ഇതുവരെ വർക്ക് മുടങ്ങിയിട്ടില്ല. പിന്നെ  കരാറുകാരൻ ഒരു ദിവസം വർക്ക് നിർത്തിവച്ചിരുന്നു. അയാൾക്ക് ബില്ല് സമയത്തു മാറിക്കിട്ടിയില്ല എന്നാണ് പറഞ്ഞത്. ഇതല്ലാതെ ഇന്നുവരെ വർക്ക് നിന്നിട്ടില്ല. പകൽ സമയത്തേക്കാൾ രാത്രി വർക്ക് വളരെ ലൈവാണ്. 

പിഡബ്ള്യുഡി ദേശീയപാതയാണ് നിർമ്മാണം നടത്തുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അല്ല. പോസ്റ്റിൽ പറയുന്നതെല്ലാം പച്ച നുണയാണ്. ഏതാനും നാളുകൾകൂടെയേ ഈ നുണകൾക്ക് ആയുസ്സുള്ളൂ. അതിനു ശേഷം ബ്രിഡ്ജ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. കേരള സ്റ്റേറ്റ് റോഡ്‌ ഫണ്ട് ബോർഡ് ദേശീയ പാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യുന്നത്. 

ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ച്  അപ്രൂവൽ നൽകി. ഇ ശ്രീധരൻ അപ്രൂവൽ നൽകി. ഡിഎംആർസിയുടെ ആളുകൾ അപ്രൂവൽ നൽകി. സാങ്കേതികമായി ഇതേപ്പറ്റി പഠിച്ച ആൾക്കാരാണ് ഇവരെല്ലാം.  ഇപ്പറഞ്ഞ സൈറ്റ് സന്ദർശിച്ചാൽ തന്നെ ഈ സംശയം മാറ്റാവുന്നതേയുള്ളു. വൈറ്റിലയിൽ നിന്നും കുറച്ച് അകലെ കുണ്ടന്നൂർ എന്ന സ്ഥലത്ത് മേൽപ്പാലം പണിതപ്പോൾ ഭാരത് പെട്രോളിയം കോർപ്പറേഷനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ സാധാരണയിൽ നിന്നും ഒരു മീറ്റർ ഉയരം അവിടെ കൂട്ടിയിട്ടുണ്ട്. നല്ല ഹൈറ്റിൽ വരുന്ന ചില പെട്രോളിയം വാഹനങ്ങളുണ്ട്.  മെട്രോ പാലവും ഓവര്‍ ബ്രിഡ്ജും തമ്മിലുള്ള അകലം 6 മീറ്ററുണ്ട്. ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന ഏറ്റവും ഉയരം കൂടിയ വാഹനം പോലും ഏതാണ്ട് നാലര മീറ്റര്‍ മാത്രമേ ഉണ്ടാകൂ.വൈറ്റിലയില്‍ ആരോപണം ഉന്നയിച്ച സ്ഥലത്ത് ഏതെങ്കിലും വണ്ടി മുട്ടുകയോ തട്ടുകയോ ചെയ്യട്ടെ. എന്നിട്ട് ആരോപണം ഉന്നയിച്ചാൽ പോരെ..”

കൂടാതെ ഞങ്ങള്‍ക്ക് വൈറ്റില മേല്‍പ്പാലത്തിന്‍റെ യഥാര്‍ത്ഥ ചിത്രം വിശദമാക്കുന്ന ഒരു ഗ്രാഫ് ലഭിച്ചിരുന്നു. 

ഇതുകൂടാതെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.

ഇതുകൂടാതെ മലയാള മനോരമയില്‍ ഫോടോഗ്രാഫറായ Josekutty Panackal തന്‍റെ ഫേസ്ബുക്ക് പേജില്‍ വൈറ്റില മേല്‍പ്പാലത്തിലൂടെ പോകുന്ന വണ്ടികള്‍ മെട്രോ പാലത്തില്‍ മുട്ടും എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ആരോപണത്തിന് നല്കിയ വിശദീകരണം താഴെ കൊടുക്കുന്നു. ഫോടോ എടുത്ത ആങ്കിലുകളെ പറ്റിയുള്ള ആധികാരികമായ വിവരണം അതിലുണ്ട്  

facebookarchived link

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് ഈ മേൽപ്പാലം ഇതുവരെ ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടില്ല. മൂന്നു മാസമായി നിർമ്മാണം നിർത്തി വച്ചിട്ടില്ല.  സാങ്കേതിക വിദഗ്ദർ നൽകിയ നിർദ്ദേശങ്ങളും ഉപദേശങ്ങളും പാലിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. വാഹനങ്ങൾ ഓടിത്തുടങ്ങിക്കഴിഞ്ഞു  മാത്രമേ ഇത്തരത്തിൽ ഒരു ആരോപണത്തിന് പ്രസക്തിയുള്ളൂ. അതായത് ഏതെങ്കിലും വാഹനം മെട്രോ പാലത്തിൽ തട്ടിയാൽ മാത്രമേ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നതിൽ അർത്ഥമുള്ളൂ.

നിഗമനം 

ഇ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. വൈറ്റില മേൽപ്പാലം പണി ഇതുവരെ നിർത്തിവച്ചിട്ടില്ല. പ്രസ്തുത പാലത്തിലൂടെ ഇതുവരെ വാഹങ്ങൾ ഓടിത്തുടങ്ങിയിട്ടില്ല. മെട്രോ പാലവും ഓവര്‍ ബ്രിഡ്ജും  തമ്മിലുള്ള അകലം 6 മീറ്ററുണ്ട്. ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന ഏറ്റവും ഉയരം കൂടിയ വാഹനം പോലും ഏതാണ്ട് നാലര മീറ്റര്‍ മാത്രമേ ഉണ്ടാകൂ എന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. വാഹനങ്ങൾ ഓടാതെത്തന്നെ അവ മുകളിലെ പാലത്തിൽ മുട്ടും എന്ന് അനുമാനിച്ചുള്ള  ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യവായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു 

Avatar

Title:വൈറ്റില ഓവർബ്രിഡ്ജിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാൽ മുകളിലെ മെട്രോ പാലത്തിൽ മുട്ടുമെന്ന ആരോപണം ശരിയോ…?

Fact Check By: Vasuki S 

Result: False