പ്രിയങ്ക ചോപ്ര ബിജെപിയെ തരംതാഴ്ത്തിക്കൊണ്ട് കേരളത്തെ പുകഴ്‌ത്തി ഇങ്ങനെ പ്രസ്താവന നടത്തിയോ

രാഷ്ട്രീയം സാമൂഹികം

വിവരണം

Youth Congress Thannithode എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 11 മുതൽപ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 10000 ഷെയറുകളായിട്ടുണ്ട്. ഹിന്ദി സിനിമാ താരം പ്രിയങ്കാ ചോപ്രയുടെ പ്രസ്താവനയാണ് പോസ്റ്റിന്‍റെ  ഉള്ളടക്കം. പ്രസ്താവന ഇതാണ്,”ഇന്ത്യയുടെ തെക്കു ഭാഗത്ത് കേരളം എന്നൊരു സംസ്ഥാനമുണ്ട്. വിദ്യാഭ്യാസം, വൃത്തി, ജീവിത നിലവാരം എന്നിവയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം. നാനാജാതി മതസ്ഥരും ഒരുമയോടെ കഴിയുന്ന സംസ്ഥാനം. എന്തുകൊണ്ട് കേരളം അങ്ങനെയാണ് എന്നതിനുത്തരം ബിജെപി ആ സംസ്ഥാനം ഭരിച്ചിട്ടില്ല എന്നതാണ്.- പ്രിയങ്കാ ചോപ്ര”

archived link FB post

പ്രിയങ്ക ചോപ്രയ്ക്ക് കേരളവുമായി ചില ബന്ധങ്ങളുണ്ട്. അവരുടെ മുത്തശ്ശി മലയാളിയായിരുന്നുവെന്ന് നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു കഴിഞ്ഞതാണ്. മുത്തശ്ശിയുടെ മരണ സമയത്ത് അവർ കേരളത്തിലെത്തിയിരുന്നു. മുത്തശ്ശിയുടെ നാടിനെപ്പറ്റി പ്രിയങ്ക ഇങ്ങനെ പുകഴ്ത്തി സംസാരിച്ചോ…അതോ ഇതു  വെറുതെ അവരുടെ പേരിൽ വ്യാജമായി ചമച്ചെടുത്ത അഭിപ്രായം മാത്രമാണോ… നമുക്ക് അറിയാൻ ശ്രമിക്കാം

വസ്തുതാ പരിശോധന

ഞങ്ങൾ ആദ്യം തിരഞ്ഞത് വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലാണ്. പ്രിയങ്ക  ചോപ്രയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ കഴിയുന്നുണ്ടെങ്കിലും  പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനയെപ്പറ്റിയുള്ള പരാമർശങ്ങൾ എവിടെയും കാണാനില്ല.കേരളത്തെ പുകഴ്ത്തി സംസാരിച്ചെന്നും അതിന് ബിജെപിയുടെ പേര് മോശമായി ഉപയോഗിച്ച് എന്നുമാണ് പോസ്റ്റിലെ വാദഗതി.

കേരളവുമായി ബന്ധപ്പെട്ട് പ്രിയങ്ക നടത്തിയ ആകെയുള്ള  പരാമർശം തന്‍റെ മുത്തശ്ശിയുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രിയങ്കയുടെ മുത്തശ്ശി ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയത്തെ കുമരകം സ്വദേശിയായ  മലയാളിയായിരുന്നു. അന്യമതസ്ഥനായ ഉത്തരേന്ത്യക്കാരനെ വിവാഹം കഴിച്ച് അവിടെ കഴിയുകയായിരുന്നു അവർ. മരണശേഷം താൻ മാമോദിസ മുങ്ങിയ പള്ളിയിൽ അടക്കം ചെയ്യണമെന്ന അവരുടെ ആഗ്രഹം നിറവേറ്റാൻ പ്രിയങ്ക ചോപ്ര അടക്കമുള്ള കുടുംബാങ്ങങ്ങൾ കുമാരകത്തെത്തിയിരുന്നു. എന്നാൽ ദേവാലയ അധികൃതർ മുത്തശ്ശി അന്യമതസ്ഥനെ വിവാഹം കഴിച്ചതിനാലും പിന്നീട് ദേവാലയവുമായി ബന്ധം പുലർത്താതിരുന്നതിനാലും മൃതദേഹം പള്ളിയിൽ അടക്കാൻ വിസമ്മതമറിയിച്ചു.( പിന്നീട് സമീപത്തുള്ള മറ്റൊരു ദേവാലയത്തിലാണ് പ്രിയങ്കയുടെ മുത്തശ്ശിയെ അടക്കം ചെയ്തത്)   അതേത്തുടർന്ന് പ്രിയങ്ക ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതല്ലാതെ പ്രിയങ്ക കേരളത്തെക്കുറിച്ച്  മറ്റു പരാമർശങ്ങളൊന്നും നടത്തിയതായി വാർത്തകൾ ലഭ്യമല്ല.  പ്രിയങ്കയുടെ മുത്തശ്ശിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ഏതാനും ലിങ്കുകൾ വിശദമായ വായനയ്ക്കായി  താഴെ കൊടുക്കുന്നു.

archived link YouTube

archived link YouTube

archived link
indiatimes
archived link
mathrubhumi
archived link
malayalam.oneindia
archived link
asianetnews
archived link
manoramaonline

ഞങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ അക്കൗണ്ടുകൾ ഞങ്ങൾ പരിശോധിച്ചു. പ്രിയങ്കയുടെ ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ യാതൊരു പരാമർശവും കണ്ടെത്താനായില്ല. മുത്തശ്ശിയുടെ മരണശേഷം പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം താഴെ കൊടുക്കുന്നു.

പ്രിയങ്ക ചോപ്രയും  കേരളവുമായി ബന്ധപ്പെടുത്തുന്ന മറ്റു യാതൊരു  വാർത്തകളോ പരാമർശങ്ങളോ ഒരിടത്തും ലഭ്യമല്ല.

നിഗമനം

പ്രിയങ്ക ചോപ്ര കേരളത്തെ പ്രശംസിച്ചു പ്രസ്താവന നടത്തി എന്ന വാർത്ത വ്യാജമാണ്. സ്വന്തം അഭിപ്രായം പ്രചരിപ്പിക്കാൻ പോസ്റ്റ് ഉടമകൾ  പ്രിയങ്കയുടെ പേര് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. അതിനാൽ അടിസ്ഥാനമില്ലാത്ത ഈ വാർത്ത വസ്തുതയറിയാതെ പ്രചരിപ്പിക്കാതിരിക്കാൻ പ്രീയ വായനക്കാർ ശ്രമിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:പ്രിയങ്ക ചോപ്ര ബിജെപിയെ തരംതാഴ്ത്തിക്കൊണ്ട് കേരളത്തെ പുകഴ്‌ത്തി ഇങ്ങനെ പ്രസ്താവന നടത്തിയോ

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •