അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് ജനങ്ങള്‍ പണം നല്‍കേണ്ടതില്ലെന്ന് വിവരാവകാശ രേഖയില്‍ മറുപടിയായി ലഭിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോഴത്തെ പ്രചരണം. പഞ്ചായത്തിന്റെ പേരിൽ വീട്ടിൽ പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിയ്ക്കാൻ വരുന്നവർ 50 രൂപ വാങ്ങാൻ നിയമമില്ല. വിവരാവകാശ രേഖ പുറത്ത്.

എല്ലാവരും ഷെയർ ചെയ്യുക. എന്ന തലക്കെട്ട് നല്‍കി ഒരു വിവരാവകാശ രേഖയുടെ പകര്‍പ്പ് സഹിതമാണ് സമൂഹമാധ്യമത്തിലൂടെയുള്ള വ്യാപക പ്രചരണം. കോന്നി വാര്‍ത്തകള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 113ല്‍ അധികം റിയാക്ഷനുകളും 230ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് 50 രൂപ നല്‍കണമെന്ന നിയമമില്ലേ? വിവരാവകാശ രേഖയില്‍ ഹരിത കര്‍മ്മ സേനയ്ക്ക് 50 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് മറുപടി നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്..

ആദ്യം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരാവകാശ രേഖ എന്തെന്ന് പരിശോധിക്കാം. ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ആലപ്പുഴ അവലൂക്കുന്ന് ആശ്രമം വാര്‍ഡ് സ്വദേശിയായ ധനേഷ്.ഡ‍ി സമര്‍പ്പിച്ച വിവരാവകാശത്തിന്‍റെ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. അപേക്ഷകന് സമര്‍പ്പിച്ച ചോദ്യം ഇത്തരത്തിലാണെന്ന് മറുപടിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്-ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഏത് സേവനങ്ങള്‍ക്കുമുള്ള അപേക്ഷയോടൊപ്പം ഹരിത കര്‍മ്മ സേന അംഗങ്ങളില്‍ നിന്നും പ്ലാസ്ടിക് ശേഖരണത്തിന് ലഭിക്കുന്ന രസീതിന്‍റെ പകര്‍പ്പ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഉത്തരവിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു വിവരാവകാശം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സര്‍ക്കാര്‍ ഉത്തരവ് ഇല്ലാ എന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ മറുപടിയും നല്‍കി അപ്പീല്‍ തീര്‍പ്പാക്കുകയും ചെയ്തു.

എന്നാല്‍ ഇതില്‍ എവിടെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ 50 രൂപ ഈടാക്കുന്നത് നിയമപരമാണോ എന്നോ ഇതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വിവരാവകാശ രേഖ കൃത്യമായി മനസിലാക്കാതെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ അടിസ്ഥാന രഹിതമായ തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരാവകാശ രേഖ- 

ഹരിത കര്‍മ്മ സേനയ്ക്ക് ഉപഭോക്താവില്‍ നിന്നും യൂസര്‍ ഫീ ഈടാക്കാന്‍ നിയമമുണ്ടോ? സര്‍ക്കാര്‍ അത്തരത്തില്‍ ഉത്തരവിറക്കിയിട്ടുണ്ടോ?

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച  ഹരിത കര്‍മ്മ സേന  പ്രവര്‍ത്തന മാര്‍ഗ രേഖ ആലപ്പുഴ ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫിസ് മുഖാന്തരം ലഭിച്ചു. ഇതില്‍ കൃത്യമായി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും യൂസര്‍ ഫീ നിശ്ചയിക്കുന്ന രീതിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന വിവരങ്ങള്‍ ചുവടെ-

ഒരോ ഹരിത കര്‍മ്മ സേനയും തദ്ദേശ സ്ഥാപനവുമായി ആലോചിച്ച ശേഷമാണ് യൂസര്‍ ഫീ നിശ്ചയിക്കുന്നത്. ഉദാഹരണമായി ചാക്ക് ഒന്നിന് 50 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ നിരക്കായി മാര്‍ഗ രേഖ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒരു ചാക്കില്‍ കൂടുതല്‍ പ്ലാസ്ടിക് മാലിന്യവും മറ്റ് അജൈവ മാലിന്യവുമുണ്ടെങ്കില്‍ ഉപഭോക്താവില്‍ നിന്നും അതനുസരിച്ച് യൂസര്‍ ഫീ അധികമായി ഈടാക്കാം.ഹരിത കര്‍മ്മ സേന സംരംഭകര്‍ക്ക് കൃത്യമായി യൂസര്‍ ഫീ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്‍റെ (പഞ്ചായത്ത്-നഗരസഭ) ഉത്തരവാദിത്തമാണ്. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ സിംഹഭാഗവും യൂസര്‍ ഫി ആയി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന തുകയില്‍ നിന്നും തന്നെയാണ്.

ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന യൂസര്‍ ഫീ ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യത്തിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. കണ്‍സോര്‍ഷ്യം സെക്രട്ടറിയുടെയും പ്രസിഡന്‍റിന്‍റെയും പേരിലാണ് ഈ ബാങ്ക് അക്കൗണ്ട്. കോര്‍പ്പസ് ഫണ്ടിലേക്ക് 10% ഓരോ ഹരിത കര്‍മ്മ സേന അംഗത്തിന്‍റെയും വരുമാനത്തില്‍ നിന്നും കണ്‍സോര്‍ഷ്യത്തില്‍ സൂക്ഷിച്ച ശേഷം എല്ലാ മാസവും അഞ്ചാം തീയതി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വീതിച്ച് നല്‍കുകയും ചെയ്യുന്നു. പരിക്കുന്ന യൂസര്‍ ഫീ കൃത്യമായി ഹരിത സേന പ്രവര്‍ത്തകരുടെ പക്കലുള്ള കളക്‌ഷന്‍ ബുക്കിലും ഉപഭോക്താവിന്‍റെ പക്കലുള്ള കളക്‌ഷന്‍ കാര്‍ഡിലും രേഖപ്പെടുത്തും.

സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് (പ്രസക്ത ഭാഗങ്ങള്‍) – 

ഹരിത കര്‍മ്മസേനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലാ കളക്‌ടര്‍ കൃഷ്ണ തേജയും ഇത് സംബന്ധിച്ച വിശദീകരണം ജില്ലാ കളക്‌ടറിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ജില്ലാ കളക്ടറിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post 

നിഗമനം

തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനിക്കുന്നത് പ്രകാരം നിശ്ചിത തുകയാണ് ഉപഭോക്താവ് ഹരിത കര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിന് നല്‍കേണ്ട യൂസര്‍ ഫീ എന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരാവകാശ രേഖയിലെ ചോദ്യം ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കേണ്ട യൂസര്‍ ഫീ സംബന്ധിച്ചല്ലായെന്നതും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False