
സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ജപ്തി ചെയ്ത് വരുകയുമാണ്. ഇതിനിടയിലാണ് വിഷയത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റും സിപിഐം രാജ്യസഭ അംഗവുമായ എ.എ.റഹീം പ്രതികരിച്ച് രംഗത്ത് വന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം തുടങ്ങിയത്. പിടിയിലായ പിഎഫ്ഐ പ്രവര്‍ത്തകരുടെ ബീവിമാര്‍ (ഭാര്യമാര്‍) മാത്രമുള്ള വീടിന് ചുറ്റും ഡിവൈഎഫ്ഐ സഖാക്കള്‍ കാവല്‍ നില്‍ക്കുമെന്ന് റഹീം പറഞ്ഞു എന്നതാണ് പ്രചരണം. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ കൃഷ്ണന്‍കുട്ടി തെനയത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,800ല്‍ അധികം റിയാക്ഷനുകളും 212ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

യഥാര്‍ത്ഥത്തില്‍ എ.എ.റഹീം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എ.എ.റഹീമുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ഡിവൈഎഫ്ഐയ്‌ക്കോ സിപിഎമ്മിനോ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടിന് കാവല്‍ നില്‍ക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലൊരു പ്രസ്താവനയും എവിടെയും നടത്തിയിട്ടില്ല. സംഘപരിവാര്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പടച്ചുവിടുന്ന നുണപ്രചരണം മാത്രമാണിതെന്നും റഹീം വ്യക്തമാക്കി. റഹീം ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളില്ലായെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിഗമനം
താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് എ.എ.റഹീം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
