വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കുമെന്ന്  മന്ത്രി കെ എൻ ബാലഗോപാലിന്‍റെ പേരില്‍ വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കെ റെയിലിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിൽ പദ്ധതിയെ കുറിച്ച് പരാമർശങ്ങൾ ഒന്നുമുണ്ടായില്ല മാത്രമല്ല വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു.

ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം വൈറൽ ആകുന്നുണ്ട്. സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാൽ കെ റെയിലിന്‍റെ അഭാവത്തിൽ വന്ദേഭാരത് പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. കെഎൻ ബാലഗോപാലിന്‍റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കും മന്ത്രി കെ എൻ ബാലഗോപാൽ.”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ബാലഗോപാലനെ പേരിൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു 

വസ്തുത ഇങ്ങനെ

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സംസ്ഥാന ധനമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയെന്ന് പ്രചരണം വന്നുതുടങ്ങിയത്. എന്നാൽ ഞങ്ങൾ പ്രസ്തുത വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തി നോക്കിയപ്പോൾ ബാലഗോപാൽ ഇത്തരത്തിൽ എന്തെങ്കിലും ഒരു പ്രസ്താവന നടത്തിയതായി മാധ്യമവാർത്തകൾ ഒന്നും കാണാൻ സാധിച്ചില്ല.

ഞങ്ങൾ സംസ്ഥാനതല മന്ത്രിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ കേന്ദ്രബജറ്റിൽ തുടർന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ വീഡിയോ  ലഭിച്ചു. 

അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. “സിൽവർലൈനിന്‍റെ അതേ സ്ഥലത്ത് തന്നെ കേന്ദ്ര സർക്കാർ പണം മുടക്കി പണിയുകയാണെങ്കിൽ നമുക്ക് വളരെ സന്തോഷം. ആ പണത്തിന്‍റെ ഒരു ശതമാനം മാത്രമാണ് കേരള സർക്കാർ ആവശ്യപ്പെടുന്നത്. സിൽവർലൈനുപകരം അതുപോലൊരു റെയിൽവേ ലൈൻ കൊണ്ടുവരുമെന്ന് വിവരമാണ് പ്രതിപക്ഷ നേതാവിന് കിട്ടിയിരിക്കുന്നതെങ്കിൽ നമുക്ക് അതിനെ പറ്റി ചർച്ച ചെയ്യാം സംസ്ഥാന സർക്കാരിന് വന്ദേഭാരത് നെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.” ഇതല്ലാതെ പോസ്റ്റില്‍ നൽകിയിരിക്കുന്നത് പോലെ ഒരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ല. കൂടുതൽ വ്യക്തമായി ഞങ്ങൾ ധനമന്ത്രി ബാലഗോപാലുമായി സംസാരിച്ചിരുന്നു.

സിൽവർലൈനു പകരം വന്ദേ ഭാരത് ട്രെയിനുകളെ സ്വാഗതം ചെയ്യുന്ന മട്ടില്‍ യാതൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തിൽ നിന്നുള്ള ചില കാര്യങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.  സില്‍വര്‍ ലൈന്‍ വേണ്ടെന്നോ ഉപേക്ഷിക്കുന്നുവെന്നോ സംസ്ഥാന സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. 

പ്രതിപക്ഷ പാർട്ടികൾ കെ റെയിലിന് അനുകൂലമായ യാതൊരു നിലപാടുകളും ഇതുവരെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല പദ്ധതിയെ അവർ എതിർക്കുകയും ചെയ്യുന്നുണ്ട്. സിൽവർലൈൻ പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മെട്രോമാന്‍ ശ്രീധരനുമായി വിശദമായി സംസാരിച്ചുവെന്നും അന്തിമ ലൊക്കേഷൻ സർവ്വേയും മറ്റു നടപടികളും പൂർത്തിയാകാതെ സ്ഥലം ഏറ്റെടുക്കാൻ സാധ്യമാകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

എന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ല. 

പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം 

സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വന്ദേഭാരത് വരികയാണെങ്കിൽ കെ റയിൽ ഉപേക്ഷിക്കാം എന്ന് പറഞ്ഞതായുള്ള പ്രസ്താവന വ്യാജമാണ്. അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാലിന്‍റെ പേരില്‍ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False