പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭ അംഗവുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വര്‍ഗീസും സംസ്ഥാന സര്‍ക്കാരും വലിയ വിവാദങ്ങളിലും തുടര്‍ന്ന് വാര്‍ത്തയിലും ഇടം നേടിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കെ.കെ.രാഗേഷും ഭാര്യ പ്രിയ വര്‍ഗീസും മക്കളും അവരുടെ വീടിന് മുന്നില്‍ സത്യാഗ്ര സമരം നടത്തിയെന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മതിയായ യോഗ്യത ഇല്ലാത്തതിൻ്റെ പേരിൽ. സ്വന്തം ഭാര്യയേ  ഹൈക്കോടതി അയോഗ്യത കൽപ്പിച്ച് പുറത്താക്കിയതിൽ പ്രതിക്ഷേധിച്ച്. സ്വന്തം സർക്കാറിനും പ്രസ്ഥാനത്തിനുമെതിരേ വീട്ടിലിരുന്ന് മക്കളുമൊത്ത് സത്യാഗ്രഹ സമരം നടത്തുന്ന ലോകത്തിലേ ഏക #അന്തം_കമ്മി K K Ragesh എന്ന തലക്കെട്ട് നല്‍കി പൊരാളി മുത്തു എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 45ല്‍ അധികം റിയാക്ഷനുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിലെ ഹൈക്കോടതി വിധിക്കെതിരെ കെ.കെ.രാഗേഷും ഭാര്യ പ്രിയ വര്‍ഗീസും കുടുംബത്തോടൊപ്പം പ്രതിഷേധം നടത്തുന്നതിന്‍റെ വീഡിയോ തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പരിശോധിച്ചതില്‍ നിന്നും കെ.കെ.രാഗേഷും കുടുംബവും വീടിന് മുന്നില്‍ സിപിഎം കൊടിയും ഉയര്‍ത്തി കയ്യില്‍ പ്ലക്കാര്‍ഡ് മാതൃകയുമായി മുദ്രാവാക്യം ഉയര്‍ത്തുന്നതായി കാണാന്‍ സാധിക്കും. ഇവരുടെ കയ്യിലെ പ്ലക്കാര്‍ഡില്‍ വീട്ടുമുറ്റത്ത് സത്യഗ്രഹ സമരം എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഈ കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് സെര്‍ച്ച് ചെയ്തതില്‍ നിന്നും സിപിഐ എം കേരളയുടെ ഔദ്യോഗിക പേജില്‍ നിന്നും ഈ സമരപരിപാടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായി. കൂടാതെ കെ.കെ.രാഗേഷ് തന്‍റെ ഔദ്യോഗിക പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ള യഥാര്‍ത്ഥ വീഡിയോയുടെ പൂര്‍ണ്ണരൂപവും കണ്ടെത്താന്‍ കഴിഞ്ഞു.

സൗജന്യ വാക്‌സിനേഷന്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വീട്ടുമുറ്റത്ത് സത്യഗ്രഹം എന്ന പേരില്‍ 2021 ഏപ്രില്‍ 28ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ വീഡിയോയാണിത്. പരിപാടിയുടെ പോസ്റ്ററും വിശദാംശങ്ങളും സിപിഎം കേരളയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും 2021 ഏപ്രില്‍ 25ന് പങ്കുവെച്ചിരുന്നു.

2021 ഏപ്രില്‍ 28ന് നടന്ന വീട്ടുമുറ്റത്ത് സത്യാഗ്രഹ സമര പരിപാടിയില്‍ സിപിഎം നേതാവായ കെ.കെ.രാഗേഷും കുടുംബവും പങ്കാളികളായതിന്‍റെ വീഡിയോ കെ.കെ.രാഗേഷ് അന്നെ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് ഈ വീഡിയോയില്‍ മുദ്രാവാക്യം വിളിക്കുന്ന ഒരു ഭാഗം മാത്രം ക്രോപ്പ് ചെയ്താണ് ഇപ്പോള്‍ പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.

സിപിഐ എം കേരളയുടെ പേജില്‍ വീട്ടുമുറ്റത്ത് സത്യഗ്രഹം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ പോസ്റ്റര്‍-

കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ വര്‍ഷം സിപിഎം സംഘടിപ്പിച്ച വീട്ടുമുറ്റത്ത് സത്യഗ്രഹം സമരത്തിന്‍റെ ഭാഗമായി കെ.കെ.രാഗേഷും കുടുംബവും പങ്കെടുക്കുന്ന വീഡിയോ-

നിഗമനം

2021 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ നല്‍കില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റത്തിരുന്നു മുദ്രാവാക്യം ഉയര്‍ത്തുന്ന കെ.കെ.രാഗേഷും തന്‍റെ ഭാര്യ പ്രിയ മക്കളുടെയും വീഡിയോയാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False