2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?

ദേശീയം

വിവരണം 

Shahul Kunnummal എന്ന ഫെസ്ബുക്ക്‌പേജിൽ നിന്നും 2019    മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “HOT NEWS ……

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു – ഡിസംബർ 31 ന് മുമ്പ് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുത്തിരിക്കണം.ജനുവരി മുതൽ പുതിയ 1000 രൂപ നോട്ട്:” എന്ന അടിക്കുറിപ്പോടെ ഇതിന്റെ വിവരണത്തോടെയുള്ള വീഡിയോ വാർത്തയാണ് നൽകിയിട്ടുള്ളത്.  “രാജ്യത്തു നിന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന്റെ മുന്നോടിയായി 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ അവസാനിപ്പിച്ചു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചന. വിവരാവകാശ നിയപ്രകാരം നൽകിയ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2000  രൂപയുടെ ഒരു നോട്ടു പോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. എടിഎമ്മുകളിൽ അനുഭവപ്പെട്ട 2000 രൂപാ നോട്ടിന്റെ ക്ഷാമത്തിന് പിന്നാലെയാണ് വിവരാവകാശരേഖയിൽ അച്ചടി നിർത്തിയതായുള്ള റിസർബാങ്കിന്റെ തീരുമാനം പുറത്തു വന്നിട്ടുള്ളത്. തീരുമാനത്തിന്റെ തുടർച്ചയായി 2000 ത്തിന്റെ നോട്ടുകൾ പ്രചാരണത്തിൽ നിന്നും പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. …” ഇങ്ങനെയാണ് വാർത്തയിലെ വിവരണം. 

FB postarchived linkarchived video

ഈ വാർത്തയുടെ സത്യാവസ്ഥ നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. ചില മാധ്യമങ്ങൾ ഈ വാർത്ത നൽകിയിട്ടുണ്ട്, 2000  രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തി വച്ചിരിക്കുന്നു എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു എന്ന വാർത്ത മാധ്യമങ്ങൾ നൽകിയിട്ടുണ്ട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്ന മാധ്യമം വിവരാവകാശരേഖ വഴി ഇക്കാര്യം ആർബിഐയിൽ നിന്നും അറിഞ്ഞു എന്നാണ് ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ വാർത്തയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ വെബ്‌സൈറ്റ്  പരിശോധിച്ചു. 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരിക്കുന്നു എന്നു മാത്രമാണ് വാര്‍ത്തയില്‍ നല്കിയിരിക്കുന്നത്. അല്ലാതെ നോട്ട് പിന്‍വലിക്കുന്നു എന്ന് അതിലൊരിടത്തും പരാമര്‍ശമില്ല. 

ആർബിഐയുടെ വെബ്‌സൈറ്റിലോ അവരുടെ ഔദ്യോഗിക ട്വിറ്റർ  പേജിലോ ഇക്കാര്യത്തെ കുറിച്ച് യാതൊരു സ്ഥിരീകരണവുമില്ല. 

കൂടാതെ ഞങ്ങള്‍ ആര്‍ബിഐ യുടെ കൊച്ചി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. “2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നു എന്നുള്ളത് പൂര്‍ണ്ണമായും തെറ്റായ വിവരമാണ്. പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള വിവരങള്‍ക്കായി ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിച്ചാല്‍ മതിയാകും” എന്നാണ് അധികൃതര്‍  ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്. 

ആൾട്ട് ന്യൂസ് എന്ന വസ്തുത അന്വേഷണ വെബ്‌സൈറ്റ്  ഈ വാർത്തയുടെ മുകളിൽ വസ്തുത അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തിൽ ഒരു വാർത്ത തെറ്റാണെന്ന നിഗമനത്തിലാണ് അവരും എത്തിയിട്ടുള്ളത്. 

ആർബിഐ 2000  രൂപയുടെ നോട്ടുകൾ പിൻ‌വലിക്കുന്നു എന്നോ ഡിസംബർ 31  നു മുമ്പ് 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കണമെന്നോ  ജനുവരി മുതൽ പുതിയ 1000 രൂപ നോട്ടുകൾ വിനിമയത്തിനായി പുറത്തിറക്കുമെന്നോ ആർബിഐ ഇതുവരെ വിവരങ്ങളൊന്നും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തയാണ് 

നിഗമനം 

 ഈപോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. 2000 രൂപയുടെ നോട്ട് പിൻവലിക്കുമെന്ന് ആർബിഐ ഇതുവരെ റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പുതിയ 1000 രൂപ പുറത്തിറക്കുന്ന  കാര്യത്തിലും ഇതുവരെ ആർബിഐ റിപ്പോർട്ടുകളില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം കൊംവദന്തികളാണ്. അതിനാൽ മാന്യ വായനക്കാർ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. 

Avatar

Title:2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •