FACT CHECK: ശാഖയില്‍ പരിശീലനത്തിന് പോയ യുവാവിന് പരിക്കേറ്റു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയൂ…

കുറ്റകൃത്യം സാമൂഹികം

വിവരണം 

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ശരീരത്തിന്‍റെ പിന്‍ഭാഗത്ത് തറഞ്ഞു കയറിയ കത്തിയില്‍ നിന്ന് ചോര വാര്‍ന്ന നിലയില്‍ ഒരു യുവാവ് കമിഴ്ന്നു കിടക്കുന്നതായും ഏതാനും നേഴ്സുമാര്‍ മുറിയുടെ മൂലയില്‍ അമ്പരന്ന് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഒപ്പം നല്‍കിയിരിക്കുന്ന വാചകം ഇങ്ങനെ: ശാഖയിൽ ദണ്ഡ് പരിശീലനത്തിനിടെ യുവാവിന് പരിക്ക്,, മലദ്വാരത്തിൽ കത്തി കയറി” പോസ്റ്റിനു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത് ശാഖയിൽ പോയ്‌ ആഞ്ഞ് അടിക്കുന്നവർ ഓർക്കുക അലി അക്ബർ ജി പറഞ്ഞത് ഓർമ വേണം 💪💪💪🚩🚩എന്നുമാണ്. പ്രചരിക്കുന്ന ചിത്രം ഒരു സ്ക്രീന്‍ഷോട്ടാണ്. 

archived linkFB Post

അതായത് യുവാവിന് പരിക്കേറ്റത് ശാഖയില്‍ പരിശീലനത്തിനിടെ ആണെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വെറും വ്യാജ പ്രചാരണമാണ്. ഈ ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. ചിത്രത്തെപ്പറ്റി ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പങ്കുവയ്ക്കാം.

വസ്തുതാ വിശകലനം

ഫേസ്ബുക്കില്‍ ചിലര്‍ ചിത്രം പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

 ഞങ്ങള്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം 2015 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഇംഗുര്‍ എന്ന ചിത്രങ്ങളുടെ വെബ്സൈറ്റില്‍ ഈ ചിത്രം നല്‍കിയിരിക്കുന്നത് “മഹാരാഷ്ട്രയിലെ പൂനയില്‍ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗം തന്നെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അഡ്മിനെ കത്തി ഉപയോഗിച്ച് പിന്‍ഭാഗത്ത് കുത്തി” എന്ന വിവരണത്തോടെയാണ്. ഈ ചിത്രം ഒരു സ്ക്രീന്‍ഷോട്ടാണ്. മുഴുവന്‍ പ്രച്ചരനത്തിലും ഇതേ സ്ക്രീന്‍ ഷോട്ട് തന്നെയാണുള്ളത്. 

ലോകമെമ്പാടും ഈ ചിത്രം 2015 മാര്‍ച്ച് മുതല്‍  പ്രചരിക്കുന്നുണ്ട്. എല്ലാത്തിലും വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അഡ്മിനെ ഗ്രൂപ്പ് അംഗം കുത്തി എന്ന വിവരണത്തോടെ ആണ് നല്‍കിയിട്ടുള്ളത്. മലയാളത്തില്‍ ഒരു ബ്ലോഗില്‍ 2015 ഏപ്രില്‍ മാസം ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്  താഴെ കൊടുത്തിരിക്കുന്നു.

സംഭവം മംഗലാപുരത്താണ്‌ നടന്നത് എന്നാണ് അതില്‍ നല്‍കിയിരിക്കുന്നത്. 

ചിത്രം എവിടെ നിന്നുള്ളതാണ് എന്നോ ഇതാണ് ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്നോ കൃത്യമായി യാതൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ അല്ലാതെ വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നും ഇങ്ങനെയൊരു സംഭവത്തെ പറ്റി വാര്‍ത്ത ലഭ്യമായില്ല. സമാന സംഭവങ്ങള്‍ നിരവധി പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സംഭവങ്ങളുടെ മാധ്യമ വാര്‍ത്തകളും ലഭ്യമാണ്. ചിത്രത്തെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഞങ്ങള്‍ അത് ലേഖനത്തില്‍ അപ്ഡെറ്റ് ചെയ്യുന്നതായിരിക്കും.

ഏതായാലും ഇത് ഏതെങ്കിലും ആര്‍ എസ് എസ് ശാഖയില്‍ നടന്നതാണ്  എന്ന് ഒരിടത്തും വിവരണമില്ല. അഞ്ചു വര്‍ഷം പഴയ ചിത്രം പുതിയ വിവരണത്തോടെ പ്രചരിക്കുകയാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. അഞ്ചു വര്‍ഷം മുമ്പ് വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനാല്‍ കുത്തേറ്റ ഗ്രൂപ്പ് അഡ്മിന്‍ എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ഇപ്പോള്‍ ആര്‍ എസ് എസ് ശാഖയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്.

Avatar

Title:ശാഖയില്‍ പരിശീലനത്തിന് പോയ യുവാവിന് പരിക്കേറ്റു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •