ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

Coronavirus അന്തർദേശിയ൦ ആരോഗ്യം ദേശീയം

വിവരണം 

വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം നിങ്ങളെല്ലാവരും കണ്ടുകാണും. “വുവാൻ മാർക്കറ്റ്, ചൈന കോറോണ വൈറസിന്റെ ഉൽഭവ സ്ഥാനം……👆👆” എന്ന അടിക്കുറിപ്പിലും സമാന വിവരണത്തിലും പ്രചരിക്കുന്ന ഈ വീഡിയോ  ദൃശ്യങ്ങളിൽ എലി പാമ്പ്, നായ തുടങ്ങിയ ജീവികളെ ഭക്ഷണ രൂപത്തിൽ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും നായയുടെ മാംസം വിൽക്കുന്നതും ചത്ത നായ്ക്കളെ പ്രദർശിപ്പിച്ചിരിക്കുന്നതുമായുള്ള മനസ് മടുപ്പിക്കുന്ന തരം രംഗങ്ങളാണുള്ളത്. 

FacebookArchived Link

ചൈനയിൽ കൊറോണ വൈറസിനെ ഉറവിടം വവ്വാലുകളിൽ നിന്നോ ഒരിനം പാമ്പുകളിൽ നിന്നോ ആകാമെന്ന്  വിദഗ്ദ്ധർ സംശയിക്കുന്നുണ്ട്. അതിൻ്റെ പിന്നാലെയാണ് വുഹാൻ മാർക്കറ്റിലേത് എന്ന മട്ടിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. 

എന്നാൽ ഈ വീഡിയോ വുഹാൻ മാർക്കറ്റിലേതോ ചൈനയിലേതു പോലുമോ അല്ല. ഇക്കാര്യം ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  നിരവധിപ്പേർ തെറ്റിദ്ധരിച്ച വീഡിയോയുടെ യാഥാർഥ്യം പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

വസ്തുതാ വിശകലനം 

വീഡിയോ ഞങ്ങളുടെ പതിവ് അന്വേഷണ ശൈലിയിൽ ആദ്യം വിവിധ കീ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിൽ പ്രധാനപ്പെട്ട ഒന്ന് രണ്ടു ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ ഇന്തോനേഷ്യയിലേതാണെന്നും   ചൈനയിലേതാണെന്നും അവകാശപ്പെടുന്ന യൂട്യൂബ് വീഡിയോകൾ ലഭിച്ചു.  

ആദ്യ കുറച്ച് ഫ്രെയിമുകളിൽ വീഡിയോയിൽ  ‘പസാർ എക്‌സ്ട്രീം ലാംഗോവൻ’ എന്ന് എഴുതിയിട്ടുണ്ട്.  ഇതേ കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി മേഖലയിലെ ലങ്കോവാനിലെ മാർക്കറ്റിൽ  നിന്നുള്ളതാണ് ഈ വൈറൽ വീഡിയോ എന്ന് വ്യക്തമായി. ഇന്തോനേഷ്യയിലെ വിവിധ വിപണികളിൽ എലികൾ, പാമ്പുകൾ, വവ്വാലുകൾ, നായ്ക്കൾ എന്നിവ ഭക്ഷണ വിഭവമായി വിൽക്കുന്ന മാർക്കറ്റിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന നിരവധി വീഡിയോകൾ  YouTube- ൽ ഉണ്ട്. ‘പസാർ എക്‌സ്ട്രീം ലങ്കോവൻ’ എന്ന വിവരണത്തിലെ അതേ വാചകം ഉപയോഗിച്ച വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 ജൂലൈ 20 നാണ്.  

archived link

വീഡിയോയുടെ 20 മത്തെ സെക്കന്റിൽ  ‘കൺടൂർ പാസിർ ലങ്കോവൻ’ എന്ന് എഴുതിയ ഒരു ബോർഡ് കാണാം. ഇതിന്റെ അർഥം ലങ്കോവൻ  മാർക്കറ്റിന്റെ ഓഫീസ് എന്നാണ്. ലങ്കോവൻ ചൈനയിലല്ല , ഇന്തോനേഷ്യയിലാണ്. 

അതിനു മുകളിലായി നൽകിയിട്ടുള്ള എഴുത്ത് പരിഭാഷപ്പെടുത്തിയാൽ ഗവർമെന്റ് ഓഫ് മിനഹാസ റീജൻസി. വ്യാപാര വിഭാഗം എന്നാണ്. ലങ്കോവാൻ  മാർക്കറ്റിന്റെ കൂടുതൽ ചിത്രങ്ങൾ  ഗെറ്റി ഇമേജസിൽ ലഭ്യമാണ്. ഈ വീഡിയോയിലെ ദൃശ്യങ്ങളുമായി സാദൃശ്യമുള്ളവയാണ് അവയെന്ന് എളുപ്പം മനസ്സിലാകും. നായ്ക്കളെ ജീവനോടെ ചുട്ടെടുത്ത് ഭക്ഷണമാക്കുന്ന ഇൻഡോനേഷ്യൻ ഭക്ഷണ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു സന്നദ്ധ സംഘടന സർക്കാരിന് പരാതി നൽകിയതിന്റെ വാർത്ത yenisafak എന്ന മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വുഹാനിലെ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പടർന്നത് എന്നത് ഇതുവരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. 2019 ഡിസംബർ മാസത്തിലാണ്   ആദ്യ കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ന്യൂമോണിയ ലക്ഷണങ്ങളാണ് പ്രാരംഭത്തിൽ രോഗികൾക്കുണ്ടാവുക. വുഹാനിലെ സീഫുഡ് മാർക്കറ്റ് ആദ്യം തന്നെ അധികൃതർ  അടച്ചുപൂട്ടിയിരുന്നു. രോഗം പരക്കാതെയിരിക്കാൻ സർക്കാരും സന്നദ്ധ പ്രവർത്തകരും സമയം മുഴുവൻ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ, മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഏഴ് വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും ഇന്ത്യക്കാരുടെ മടങ്ങി വരവ് തുടരുന്നുണ്ട്. മടങ്ങി വന്നവർ പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി  കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ വാർത്താ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം വൻതോതിൽ നടത്തുന്നുണ്ട്.  

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുമുള്ളതല്ല. ഇന്ത്യയിലും വിദേശത്തുമുള്ള ചില വസ്തുത അന്വേഷണ മാധ്യമങ്ങൾ ഇതേ വീഡിയോയുടെ മുകളിൽ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. വീഡിയോ ചൈനയിലെതല്ലെന്നും  ഇന്തോനേഷ്യയിലേതാണെന്നുമുള്ള നിഗമനത്തിലാണ് അവരും എത്തിച്ചേർന്നത്.

നിഗമനം 

 പോസ്റ്റിലെ വീഡിയോ ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുമുള്ളതല്ല. ഇൻഡോനേഷ്യയിലെ ലങ്കോവാൻ  മാർക്കറ്റിലേതാണ്. കൊറോണ വൈറസ് രാജ്യാന്തരമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും തെറ്റിധാരണയും സൃഷ്ടിക്കുന്ന വീഡിയോകളും വാർത്തകളും  ചിത്രങ്ങളും വാസ്തവമറിയാതെ പങ്കു വയ്ക്കാതിരിക്കാൻ വായനക്കാർ ശ്രദ്ധിക്കുമല്ലോ..

Avatar

Title:ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •