നശിപ്പിച്ചു കളയാൻ രൗദ്ര ഭാവത്തോടെ കരസേനാ മേധാവിയോ …?

സാമൂഹികം

വിവരണം

നശിപ്പിച്ചു കളയും…. രൗദ്രഭാവത്തോടെ കരസേനാ മേധാവി എന്ന തലക്കെട്ടിൽ എക്സ്പ്രസ്സ്കേരള എന്ന വെബ്‌സൈറ്റിൽ നിന്നുള്ള വാർത്ത ഫേസ്‌ബുക്ക് വഴി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. പുൽവാമ, ബലാകോട്ട്‌  ആക്രമണങ്ങളെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ  ഇത്തരം വാർത്തകളുടെ പ്രളയമാണ്. ഈ വാർത്തയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിനോക്കി. അതിന്റെ  വിവരങ്ങൾ താഴെ കൊടുക്കുന്നു:

വസ്തുതാ വിശകലനം

മേൽ പരാമർശിച്ച എക്സ്പ്രസ്സ് കേരളയുടെ വാർത്തയിൽ കരസേനാ മേധാവി എന്നു  തലക്കെട്ടിൽ പറഞ്ഞശേഷം നൽകിയിരിക്കുന്ന ചിത്രം മുൻ കരസേനാ മേധാവിയും ഇപ്പോഴത്തെ കേന്ദ്ര  വിദേശ കാര്യ സഹമന്ത്രിയുമായ ജനറൽ വി കെ സിംഗിന്റേതാണ്. ഇപ്പോഴത്തെ കരസേനാ മേധാവിയുടേതല്ല. ഇപ്പോഴത്തേത് ജനറൽ ബിപിൻ റാവത്താണ്.വാർത്തയുടെ വിവരണത്തിൽ മുൻ കരസേനാ മേധാവി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ പൈലറ്റുമാർക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട്  അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ അവലംബിച്ചാണ് വാർത്ത എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ പരിഭാഷ ഇപ്രകാരം:

Archived Link

” 1000 മുറിവുകളിൽ  നിന്ന് ഇന്ത്യൻ രക്തമൊഴുക്കും എന്നാണ്  അവർ പറയുന്നത്. എന്നാൽ ഞങ്ങൾ പറയുന്നു, ഓരോ തവണ ആക്രമിക്കുമ്പോഴും ശക്തമായും കഠിനമായും ഞങ്ങൾ പ്രതിരോധിക്കുമെന്ന് . വ്യോമാക്രമണത്തിൽ പങ്കെടുത്ത ധീരരായ പൈലറ്റുമാർക്ക് അഭിവാദനം.” തലക്കെട്ടിൽ പരാമർശിക്കുന്നത് പോലെ ‘നശിപ്പിച്ചു കളയും…രൗദ്രഭാവത്തോടെ’ എന്ന വ്യാഖ്യാനം തെറ്റാണ്. അദ്ദേഹം ഇപ്പോൾ കരസേനാ മേധാവി അല്ല.

നിലവിൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ആണ്

നിഗമനം

വാർത്തയുടെ തലക്കെട്ട് തെറ്റിധാരണ  ജനിപ്പിക്കുന്നതാണ്. കരസേനാ മേധാവി പറഞ്ഞു എന്ന നിലയിൽ വാർത്ത എഴുതുകയും മുൻ കരസേനാ മേധാവിയുടെ ചിത്രം നൽകുകയും ചെയ്തിരിക്കുന്നു. ജനറൽ വി കെ സിങ് ഇപ്പോൾ കേന്ദ്ര സഹമന്ത്രിയാണ്. അതിനാൽ വസ്തുതകൾ നന്നായി മനസ്സിലാക്കി വാർത്ത വായിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ   

Avatar

Title:നശിപ്പിച്ചു കളയാൻ രൗദ്ര ഭാവത്തോടെ കരസേനാ മേധാവിയോ …?

Fact Check By: Deepa M 

Result: False Headline