നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി: തട്ടിപ്പാണ്, ജാഗ്രത പാലിക്കുക…

സാമൂഹികം

യുവ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്മ.  ലോക്ക്ഡൌണ്‍ കാലം എത്തിയപ്പോള്‍ വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്ന തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍  സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാണാറുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി പരസ്യങ്ങൾ വരുന്നുണ്ട്. നടരാജ് പെൻസിൽ പാക്കിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന തരത്തിൽ ഒരു ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറൽ ആയിട്ടുണ്ട് 

പ്രചരണം

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വഴി 30000 ത്തിലധികം രൂപ മാസ വരുമാനം നേടാം എന്ന സന്ദേശമാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത്. പാക്കിംഗ് ജോലിചെയ്യുന്നവർ എന്ന മട്ടിൽ ചില ചിത്രങ്ങളും നൽകിയിട്ടുണ്ട്. നടരാജ്  കമ്പനി അധികൃതരുടേത് എന്ന മട്ടിൽ ഒരു ചിത്രവും കാണാം. പാക്കിംഗ് ജോലിക്ക് ബന്ധപ്പെടേണ്ട നമ്പർ ഉൾപ്പെടെ നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: “നടരാജ് പെൻസിൽ പാക്കിംഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം ജോലി. ശമ്പളം 30000 മാസം. ജോലിക്ക് സ്ത്രീയുടെയും പുരുഷന്റെയും അടിയന്തിര ആവശ്യം. എന്റെ കോൺടാക്റ്റ് നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും മാത്രം 7609949592”

FB postarchived link

എന്നാൽ നടരാജ് കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നിലെന്ന് പോലീസും കമ്പനി അധികൃതരും അറിയിക്കുന്നു 

വസ്തുത ഇങ്ങനെ

ഞങ്ങൾ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാനായി ആദ്യം നടരാജ് പെൻസിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു.  കമ്പനിയുടെ വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ അവർ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കാണാം. 

നടരാജ് കമ്പനി പെൻസിൽ പാക്കിംഗ് ജോലി നൽകുന്നു എന്ന പേരില്‍ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശം പൂർണമായും തെറ്റാണെന്നും കമ്പനിക്ക് ഈ സന്ദേശവുമായി യാതൊരു ബന്ധവുമില്ലെന്നും പെൻസിൽ നിർമാണ-പാക്കിംഗ് ജോലികൾ കമ്പനി പൂർണ്ണമായും യന്ത്രവൽകൃതമായാണ്  പൂർത്തിയാക്കുന്നതെന്നും അവർ അതിലൂടെ അറിയിക്കുന്നു. ഹിന്ദുസ്ഥാന്‍ പെന്‍സില്‍സിന്‍റെ യുട്യൂബ് ചാനലില്‍ നല്കിയിരിക്കുന്ന വീഡിയോ: 

കൂടാതെ നടരാജ് പെന്‍സില്‍ കമ്പനിയുടെ പേരിൽ ജോലി തട്ടിപ്പ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പു നൽകി കോഴിക്കോട് സിറ്റി പോലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ “നടരാജ് പെൻസിൽ വീട്ടിൽ പാക്ക് ചെയ്താൽ ലക്ഷം രൂപ കിട്ടുമെന്ന് വാഗ്ദാനം അരുൺ സ്വദേശിയിൽ നിന്ന് തട്ടിച്ച പണം തിരികെ വാങ്ങി സൈബർ പോലീസ്” എന്ന തലക്കെട്ടിൽ ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.  നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലിയുടെ പേരിൽ കൊടുത്ത പണം കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് തിരികെ വാങ്ങി കൊടുത്തു എന്നാണ് വാർത്തയുടെ ഉള്ളടക്കം.  

തുടർന്ന് ഞങ്ങൾ കൊച്ചി സിറ്റി സൈബർ ക്രൈം   സബ് ഇൻസ്പെക്ടറുമായി സംസാരിച്ചു. “നടരാജ് പെൻസിൽ പാക്കിങ് മാത്രമല്ല നിരവധി ഓൺലൈൻ ജോലി തട്ടിപ്പുകളുടെ പരാതികൾ വരുന്നുണ്ടെന്നും വിശദമായി അന്വേഷിക്കാതെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ ഇവർക്ക് കൈമാറുന്നത് വഴി ഒരുപാട് പേർ തട്ടിപ്പിനിരയാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടരാജ് പെന്‍സില്‍ കമ്പനിയുടെ പേരില്‍ ആദ്യം രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. പിന്നീട് വീണ്ടും തുക ആവശ്യപ്പെടും. 2000-2500 രൂപയാണ് ഒരാളില്‍ നിന്നും വാങ്ങുക. പലരില്‍ നിന്നാകുമ്പോള്‍ അവര്‍ക്ക് നല്ല കളക്ഷന്‍ കിട്ടും. ഇങ്ങനെയാണ് രീതി. ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നതിനാല്‍ പിടികൂടാന്‍ എളുപ്പമായി.”

ഓൺലൈനിൽ വരുന്ന വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയണമെന്ന സന്ദേശം കേരള പോലീസ് നേരത്തെ തന്നെ സോഷ്യൽ മീഡിയ വഴി നൽകിയിട്ടുണ്ട്. ജോലിയുടെ പേരില്‍ തട്ടിപ്പുകളാണ് കൂടുതൽ വരുന്നതെന്നും കാണുന്ന അവസരങ്ങളെല്ലാം കണ്ണുംപൂട്ടി വിശ്വസിച്ചാല്‍ ധനനഷ്ടവും സമയനഷ്ടവും ഫലമെന്നും ഏത് അവസരം കണ്ടാലും കൃത്യമായി വിലയിരുത്തി മാത്രമേ മുന്നോട്ടു പോകാവൂ എന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

നടരാജ് പെൻസിൽ പാക്കിംഗ് ജോലിയുടെ പേരില്‍ തട്ടിപ്പാണ് നടക്കുന്നതെന്നും ഇത്തരത്തിലുള്ള പോസ്റ്റുകളോട് പ്രതികരിക്കരുതെന്നും നടരാജ് പെൻസിൽ കമ്പനിയും പോലീസും നിർദേശം നൽകിയിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലേത് തട്ടിപ്പ് സന്ദേശമാണ്. നടരാജ് കമ്പനി ഇത്തരത്തിൽ പെൻസിൽ പാക്കിംഗ് ജോലി കമ്പനിക്ക് പുറത്ത് നൽകുന്നില്ല.  പൂർണമായും യന്ത്രവൽകൃത സംവിധാനത്തിലാണ് പെൻസിൽ നിർമ്മാണം അവിടെ പൂർത്തിയാക്കുന്നത്. ജോലിവാഗ്ദാനത്തിന്‍റെ  പേരിൽ പണം തട്ടാനുള്ള ചില തട്ടിപ്പു സന്ദേശങ്ങൾ മാത്രമാണിത്.  ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി: തട്ടിപ്പാണ്, ജാഗ്രത പാലിക്കുക…

Fact Check By:  Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •