ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

സാമൂഹികം

വിവരണം 

Vanitha  എന്ന ഫെസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്‍റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും സ്വപ്നം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി ലക്ഷ്യം കൈവരിച്ചു”

archived linkFB post
archived linkvanitha

ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ കുറിച്ചാണ് വാർത്ത എന്നാണ്  പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്തയുടെ ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ് ഗായത്രി സുബ്രനാണോ …?  ആദ്യത്തെ ദളിത് വനിതാ പൈലറ്റ് എന്നുള്ള റെക്കോർഡ് ഈ പെൺകുട്ടിയുടെ പേരിലാണോ..? നമുക്ക് ഈ പോസ്റ്റിന്‍റെ വസ്തുത ഒന്ന് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഈ പൈലറ്റിനെ പറ്റി ആദ്യത്തെ ദളിത് വനിതാ പൈലറ്റ് എന്ന പേരിൽ നിരവധി വാർത്തകൾ കാണാൻ കഴിഞ്ഞു. feminisminindia, manoramaonline,  ayyada തുടങ്ങിയ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ ചില ഫേസ്‌ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലും ഗായത്രി സുബ്രൻ ആദ്യത്തെ ദളിത് വനിതാ പൈലറ്റ് ആണെന്ന് അവകാശപ്പെടുന്നു. 

archived linkayyada
archived linkwomensweb
archived linkmanoramaonline
archived linkfeminisminindia
archived linkmathrubhumi

ഞങ്ങൾ ഇന്‍റര്‍നെറ്റിൽ തിരഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ മറ്റൊരുനിന്നും ഒരു പോസ്റ്റ് ലഭിച്ചു. അതിൽ ഒരു പെൺകുട്ടിയുടെ പൈലറ്റ് വേഷത്തിലുള്ള ചിത്രത്തിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ ദളിത് പൈലറ്റ് ആണെന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ ചിത്രം reverse image പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഈ വനിതാ പൈലറ്റിന്‍റെ പേര് കാവ്യ രവികുമാർ ആണെന്ന് അറിയാൻ കഴിഞ്ഞു. അന്വേഷണത്തിൽ ലഭിച്ച ചില ലിങ്കുകളിൽ നിന്നും കാവ്യയെ പറ്റി പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ദളിത് വിഭാഗത്തിൽ നിന്നുള്ള പൈലറ്റ് തന്നെയാണ് കാവ്യ എന്നാണ്‌. 

ഗായത്രി സുബ്രന്‍

കാവ്യ രവികുമാർ

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രസക്തമായ പരിഭാഷ : മധുര: തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡ്രൈവറായ വിആർ രവികുമാറിന് ഇത് അഭിമാന നിമിഷമാണ്. ആദ്ദേഹത്തിന്‍റെ 22 കാരിയായ മകൾ കാവ്യ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ശേഷം ആദ്യമായി നാട്ടിലെത്തുകയാണ്. ഇരുളപ്പസാമി കോവിൽ സ്ട്രീറ്റിലെ ചെറിയ വാടകവീട്ടിൽ അവളെ അഭിനന്ദിക്കാൻ എത്തിയവരുടെ തിരക്കാണ്. 

ഏതാണ്ട് 5 വയസ്സ് മുതൽ പൈലറ്റ് എന്ന സ്വപ്നം കാവ്യയ്ക്കുണ്ടായിരുന്നു. ” പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാംഗ്ലൂരിലെ ഫ്‌ളൈയിംഗ് സ്‌കൂളിനെപ്പറ്റി പത്ര വാർത്ത കാണുന്നതുവരെ സ്വപ്ന സാക്ഷാത്കാരത്തിനായി ആരെ സമീപിക്കണമെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. മാതാപിതാക്കളും ആഗ്രഹത്തെ ഗൗരവമായി കണ്ടത് അപ്പോഴാണ്. 

2014 ൽ ബാംഗ്ലൂരിലെ സർക്കാർ ഫ്‌ളൈയിംഗ് സ്‌കൂളിൽ തിയറി ക്ലാസ്സിനു ശേഷം ആകെ 35 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസ്സിനുള്ള ഫണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. 200  മണിക്കൂർ നിർബന്ധിത ക്ലാസ്സിൽ പങ്കെടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് തമിഴ്‌നാട് പിന്നോക്ക സമുദായങ്ങൾക്ക് അനുവദിക്കുന്ന സ്‌കോളർഷിപ്പിന് അപേക്ഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. ഒടുവിൽ കേന്ദ്രം 20 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകി.

20 വർഷങ്ങൾക്ക് ശേഷം രണ്ടാഴ്ച മുമ്പ് ആദ്യമായി ബാംഗ്ലൂർ ഫ്ളയിങ് സ്‌കൂളിൽ നിന്ന് കൊമേഴ്‌സ്യൽ ലൈസൻസ് ലഭിച്ച ആദ്യത്തെ വ്യക്‌തി എന്ന ബഹുമതിക്ക് കാവ്യ അർഹയായി”.

 ഈ വാർത്തയിൽ ഷെഡ്യുൾഡ് കാസ്റ്റ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കോളർഷിപ്പിന് കാവ്യ അപേക്ഷിച്ചു  എന്ന് പറയുന്നുണ്ട്. ഷെഡ്യൂൾഡ് കാസ്റ്റ് ദളിത് വിഭാഗമാണ്.

കാവ്യയ്ക്ക് ലൈസൻസ് ലഭ്യമായി എന്നും വാർത്തയിൽ നിന്ന് വ്യക്തമാണ്.

archived linktimesofindia
archived linkbangaloremirror

തുടർന്ന് ഞങ്ങൾ ഗായത്രി സുബ്രൻറെ പിതാവുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഗായത്രിക്ക് ലൈസൻസ് ലഭിക്കാൻ പോകുന്നതേയുള്ളു എന്നാണ്. “2015 മുതൽ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ വരുന്നുണ്ട് എന്നാണ് അറിഞ്ഞത്. ഞങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ല. ചില പോസ്റ്റുകൾക്ക് ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ചു എന്നും പറഞ്ഞു കേട്ടു. കേരളത്തിൽ നിന്നും ആദ്യം അഡ്മിഷൻ എടുത്ത കുട്ടി ഗായത്രിയാണ്. പത്രക്കാർ അത് പരിശോധിച്ചിരുന്നു. ഗായത്രിക്ക് അക്കാദമിയുടെ ഒരു പരീക്ഷ കൂടിയുണ്ട്. അത് കഴിഞ്ഞതിനു ശേഷമേ ലൈസൻസ് ലഭിക്കുകയുള്ളു.”

ഗായത്രി സുബ്രനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദളിത് കുടുംബത്തിലെ അംഗമാണ് എന്ന് വാർത്തകളിലുണ്ട്. പിതാവ് സുബ്രൻ കെഎസ്എഫ്ഇ ചിട്ടി ഏജന്‍റാണ്.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ദളിത് പൈലറ്റ് ഗായത്രി സുബ്രൻ അല്ല. ഗായത്രിക്ക് പൈലറ്റ് ലൈസൻസ് ലഭിക്കാൻ പോകുന്നതേയുള്ളു. ഇനിയും ടെസ്റ്റ് പാസ്സാകാനുണ്ട്.  ദളിത് വിഭാഗത്തിൽ നിന്നുള്ള കാവ്യ രവികുമാറിന് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

നിഗമനം 

പോസ്റ്റിൽ പറയുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ് വാർത്തയിൽ നൽകിയിരിക്കുന്നത് പോലെ ഗായത്രി സുബ്രൻ അല്ല. ഗായത്രിക്ക് കൊമേർഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ഒരു പരീക്ഷ കൂടി കഴിഞ്ഞാലേ ലഭിക്കുകയുള്ളു എന്ന് പിതാവ് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ദളിത് പൈലറ്റ് മധുരയിൽ നിന്നുമുള്ള കാവ്യ രവികുമാറാണെന്ന് അനുമാനിക്കുന്നു. മുകളിലുള്ള വസ്തുതകൾ മനസ്സിലാക്കി മാത്രം വാർത്തയോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു

Avatar

Title:ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

Fact Check By: Vasuki S 

Result: False