പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

അന്തര്‍ദേശീയം ദേശീയം

പാകിസ്ഥാൻ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പശ്ചാത്തലത്തില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സാന്നിധ്യത്തിൽ  ഒരു സ്ത്രീ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. മുസ്ലിം രാജ്യത്തെ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഹിന്ദു പ്രാർത്ഥന ചൊല്ലിയെന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “

🌸പാകിസ്ഥാൻ 🇵🇰 പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുന്നത് “ഗായത്രി മഹാ മന്ത്രം” ആലപിച്ചു കൊണ്ട്. ശ്രീമതി. നരോദ മാലിനി സാഹിബ .

ഇപ്പോൾ പാകിസ്ഥാൻ ഔദ്യോഗികമായി അതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.

എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളിലും ഗായത്രി മന്ത്രം പാരായണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വാർത്ത.🌸

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഓണ്‍ലൈനില്‍ വീഡിയോയെക്കുറിച്ച്  തിരഞ്ഞപ്പോള്‍ 2017-ലെ ഒന്നിലധികം വാർത്താ റിപ്പോര്‍ട്ടുകൾ ലഭിച്ചു. സംഭവം പാകിസ്ഥാനിലെ ഒരു ഹോളി ആഘോഷത്തിൽ നിന്നുള്ളതാണെന്ന് അതില്‍ പരാമർശിച്ചിട്ടുണ്ട്. 

ബിബിസി ഹിന്ദി 2017 മാർച്ച് 21-ന് ഔദ്യോഗിക യൂട്യൂബ് ചാനലിൽ വൈറൽ വീഡിയോയിൽ നിന്നുള്ള ഗായികയെ അവതരിപ്പിക്കുന്ന ഒരു വീഡിയോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. “പാകിസ്ഥാനിൽ ഗായത്രി മന്ത്രം ആലപിച്ച നരോദയെ പരിചയപ്പെടാം” എന്ന അടിക്കുറിപ്പുമുണ്ട്.

വീഡിയോ റിപ്പോർട്ടിൽ, അക്കാലത്ത് പാകിസ്താനില്‍ നടന്ന ഒരു ഹോളി ആഘോഷത്തിനിടെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സാന്നിധ്യത്തിൽ ഗായത്രി മന്ത്രം ചൊല്ലിയ അനുഭവം ഗായിക നരോദ മാൽനി വിവരിക്കുന്നു. പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തോടൊപ്പം ഹോളി ആഘോഷങ്ങളിൽ നവാസ് ഷെരീഫിന്‍റെ  പങ്കാളിത്തം വിവരിക്കുന്ന നിരവധി പാകിസ്ഥാൻ വാർത്താ ലേഖനങ്ങളും 2017 മാർച്ച് 14 മുതൽ ഓണ്‍ലൈനില്‍ ലഭ്യമാണ്. 2014 മാർച്ച് 14-ന് പ്രസിദ്ധീകരിച്ച പാകിസ്ഥാൻ വാർത്താ മാധ്യമമായ ദി ഡോണിൽ വിവരണം ഇങ്ങനെ: “പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൊവ്വാഴ്ച രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പുരോഗമനപരമായ സന്ദേശം നൽകി, “മറ്റുള്ളവരെ ഒരു പ്രത്യേക മതം സ്വീകരിക്കാൻ ആർക്കും നിർബന്ധിക്കാനാവില്ല”. ന്യൂനപക്ഷ സമുദായാംഗങ്ങളെ നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കുന്ന സുപ്രധാന ബിൽ സിന്ധ് നിയമസഭ പാസാക്കിയ സമയത്താണ് പ്രധാനമന്ത്രിയുടെ പരാമർശം. ഹിന്ദുക്കൾ ആഘോഷിക്കുന്ന പരമ്പരാഗത വസന്തോത്സവമായ ഹോളി പ്രമാണിച്ച് കറാച്ചിയിലെ ഒരു ഹോട്ടലിൽ വച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതെന്ന്  റിപ്പോര്‍ട്ടിലുണ്ട്.  2017 മാർച്ച് 14-ന് ദുനിയ ന്യൂസിൽ നിന്നുള്ള ഒരു വാർത്താ ബുള്ളറ്റിൻ കാണാം. 

മൂന്നു തവണ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993 മേയ് 26 മുതല്‍ 1993 ഓഗസ്റ്റ് 8 വരെ, 1997 ഫെബ്രുവരി 17 മുതല്‍ 1999 ഒക്ടോബര്‍ 12 വരെ,  2013 ജൂൺ 5 മുതൽ 2017 ജൂലൈ 28 വരെ- കാലങ്ങളിലാണ് അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 

അതായത് ഹോളി ആഘോഷം നടക്കുന്ന സമയത്ത് നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്നു.  

ഷെഹബാസ് ഷെരീഫാണ് ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി. 2024 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹം അധികാരമേറ്റത്. ഷെഹബാസ് ഷെരീഫിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങൾ ചുവടെ കാണാം.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നുള്ളതല്ല. 2017ൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്കിസ്ഥാനിൽ ഹോളി ആഘോഷിച്ചപ്പോഴുള്ള ഒരു പഴയ വീഡിയോയാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

Fact Check By: Vasuki S 

Result: False