പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

Misleading അന്തര്‍ദേശീയം

വര്‍ണശബളമായ, വിവിധ ആകാരമുള്ള പട്ടങ്ങള്‍ ആകാശത്തിന്‍റെ ഉയരങ്ങളിലേയ്ക്ക് പറത്തുന്നത് ലോകം മുഴുവനും പിന്തുടരുന്ന വിനോദമാണ്. പൊതുവേ പട്ടം പറത്തലിന് അപകട സാധ്യത ഇല്ലെങ്കിലും ഈയിടെ വൈറലായ ഒരു വീഡിയോ ഈ തോന്നല്‍ തിരുത്തുകയാണ്. ഒരു ചെറിയ പെണ്‍കുട്ടി കൂറ്റന്‍ പട്ടത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ദൃശങ്ങളാണ് കാണുന്നത്. 

പ്രചരണം 

 മൂന്നു വയസ്സുള്ള പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് കുഞ്ഞ് താഴെ വീഴാതെ, താഴെ നിന്നവരുടെ കൈകളിലേക്ക് എത്തി. ഈ കാഴ്ച കണ്ട് തുറസ്സായ സ്ഥലത്ത് പട്ടം പറത്താന്‍ എത്തിയ ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും പശ്ചാത്തലത്തില്‍ കേള്‍ക്കാം.  ഈയിടെ അഹമ്മദാബാദില്‍ ഉണ്ടായ സംഭവമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  “അഹമ്മദാബാദിൽ മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി… ഈശ്വരാധീനം കൊണ്ട് സുരക്ഷിതമായി താഴെ എത്തി”

FB postarchived link

എന്നാല്‍ ഈ സംഭവത്തിന് രണ്ടു വര്ഷം പഴക്കമുണ്ടെന്നും അഹമ്മദാബാദില്‍ നടന്നതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോയുടെ വിശദാംശങ്ങള്‍ക്കായി ആദ്യം ഞങ്ങള്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ 2020 ല്‍ ഇതേ വീഡിയോ പലരും പങ്കുവച്ചിട്ടുള്ളതായി കണ്ടു. എന്നാല്‍ സംഭവം എവിടെയാണ് നടന്നതെന്നൂ പരാമര്‍ശമില്ല. 

വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തുന്നതിനിടെ, 2020 ഓഗസ്റ്റ് 31 ന് യുഎസ് ആസ്ഥാനമായുള്ള ടെക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു.  “വലിയ പട്ടം ഒരു പെൺകുട്ടിയെ നിലത്തു നിന്നുയര്‍ത്തി അതിന്‍റെ വാലിൽ കൊരുത്ത് വായുവിലേക്ക് ചുഴറ്റി എറിയുന്നു.”. എന്നാണ് ഉള്ളടക്കം നല്‍കിയിട്ടുള്ളത്. റിപ്പോർട്ടിനൊപ്പം വൈറലായ വീഡിയോയും കാണാം.

റിപ്പോർട്ട് അനുസരിച്ച്, “തായ്‌വാനിലെ ഒരു പിഞ്ചുകുഞ്ഞ് വലിയ പട്ടത്തിന്‍റെ വാലിൽ കുടുങ്ങി വായുവിലേക്ക് എറിയപ്പെട്ടു. ഹ്സിഞ്ചുവിൽ നടന്ന തായ്‌വാനീസ് ഉത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഈ സംഭവത്തെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭ്യമാണ്.

സംഭവത്തെക്കുറിച്ചുള്ള ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്:

ലിൻ എന്ന മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്കുകളില്ലെന്നും ചെറിയ മുറിവുകളും ചതവുകളും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫെസ്റ്റിവൽ സംഘടിപ്പിച്ച സിറ്റി ഭരണകൂടം പെട്ടെന്നുള്ള ശക്തമായ കാറ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ബ്യൂഫോർട്ട് സ്കെയിലിൽ ലെവൽ 7 ആയി കണക്കാക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ മുഴുവൻ പരിപാടികളും നിർത്തിവച്ചു. പിന്നീട് മേയറായ ലിൻ ചിഹ്-ചിയാൻ ക്ഷമാപണം നടത്തുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

തുടർന്നുള്ള തിരയലിൽ, 2020 സെപ്റ്റംബർ 1-ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത ഇതേ വീഡിയോ “തായ്‌വാൻ പട്ടംപറത്തൽ ഉത്സവം: 3-വയസ്സുകാരി പട്ടം ചരടുകളിൽ കുടുങ്ങി” എന്ന അടിക്കുറിപ്പോടെ കണ്ടെത്തി. വിവരണത്തിൽ പറയുന്നത് “ഞായറാഴ്ച തായ്‌വാനിൽ ഒരു പട്ടം പറത്തൽ ഉത്സവം ഭയാനകമായി മാറി, 3 വയസ്സുള്ള ഒരു പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലിൽ കുടുങ്ങി വായുവിലേക്ക് പറന്നുപൊങ്ങി” എന്നു വിവരിക്കുന്നു. 

എല്ലാ തെളിവുകളും കണക്കിലെടുക്കുമ്പോൾ, സംഭവം നടന്നത് അഹമ്മദാബാദിൽ അല്ല. 2020 ൽ തായ്‌വാനിലാണ് എന്ന് വ്യക്തമാണ്.

ഇതേ ഫാക്റ്റ് ഫാക്റ്റ് ക്രെസന്‍ഡോ ഇംഗ്ലിഷില്‍ വായിക്കാം: 

3 Year Old Girl Flew Away With Kite Is Not From Ahmadabad

നിഗമനം 

വൈറൽ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. പട്ടത്തിനൊപ്പം ചെറിയ പെണ്‍കുട്ടി ഉയര്‍ന്നു പൊങ്ങിയത് അഹമ്മദാബാദിലല്ല. 2020 ൽ തായ്‌വാനിൽ പട്ടംപറത്തൽ ഉത്സവത്തിനിടെ നടന്ന ഒരു സംഭവമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

Fact Check By:  Vasuki S 

Result: MISLEADING