കടമക്കുടിയില്‍ കാണാതായ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാണ്..

സാമൂഹികം

വിവരണം

ഈ കഴിഞ്ഞ ഏപ്രില്‍ 10 (2019) മുതല്‍ ഫെയ്‌‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസറ്റാണ് ഐമി എന്നൊരു കുട്ടിയെ കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും കാണാതായതിനെ കുറിച്ച്. Malayalam മലയാളം എന്നയൊരു ഫെയ്‌സ്ബുക്ക് പേജാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

ഐമി ബൈജു. കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും 09-04-2019 ഉച്ചയ്ക്ക് 2.45 ഓട് കൂടി കാണ്മാനില്ല. കണ്ട് കിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. (രണ്ട് മൊബൈല്‍ നമ്പറുകള്‍ ) മാക്സിമം ഷെയര്‍ ചെയ്യുക.

archived link
facebook post

http://web.archive.org/web/20190417105912/https://www.facebook.com/permalink.php?story_fbid=2161118897533773&id=1400572736921730

ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 26,000 ഷെയറുകളും 170ല്‍ അധികം ലൈക്കുകളുമാണ്. ഇപ്പോഴും പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുകയാണ്.

എന്നാല്‍ ഈ പോസ്റ്റ് പ്രചരിപ്പിച്ച ശേഷം എന്താണ് സംഭവിച്ചത്.. കാണാതായ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചോ.. പോസ്റ്റ് ഇനിയും Malayalam മലയാളം എന്ന പേജില്‍ പ്രചരിപ്പിക്കേണ്ടതുണ്ടോ.. വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കടമക്കുടി കല്ലുവീട്ടിൽ ബൈജു വർഗീസിന്‍റെയും ജോസ്മിയുടെയും മകൾ എയ്‌മി ബൈജുവിനെയാണ് (5 വയസ്) ചൊവ്വാഴ്ച (ഏപ്രില്‍ 9, 2019) വൈകിട്ട് 3ന് കാണാതായത്. പോസ്റ്റില്‍ പറഞ്ഞത് പ്രകാരം സംഭവം 9നു നടന്നതു തന്നെയാണ്. എന്നാല്‍ ചാത്തനാട്-കടമക്കുടി ഫെറി കടവിനു സമീപം കളിച്ചുകൊണ്ട് നിന്ന എയ്‌മി പുഴയില്‍ വീണു മരണപ്പെട്ടു എന്നതാണ് വാസ്തവം.  പുഴയോടു ചേർന്നു സ്ഥലത്തുള്ള കെട്ടിടത്തിൽ ഞണ്ട് കച്ചവടം നടത്തുന്ന പിതാവിനൊപ്പം എത്തിയതായിരുന്നു എയ്‌മി. പെട്ടെന്ന് കുട്ടിയെ കാണാതായതായി പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ തൊട്ടടുത്ത ദിവസം അതായത് ഏപ്രില്‍ 10ന് രാവിലെ തന്നെ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും അയല്‍വാസികളും ഫെയ്‌സ്ബുക്കിലും വാട്ട്സാപ്പിലും സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിലൊന്നാണ് ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ച ശേഷവും പത്താം തീയതി വൈകിട്ട് നാലു മണിയോടെ ഷെയര്‍ ചെയ്‌രിക്കുന്നത്. ഞങ്ങളുടെ പ്രതിനിധി പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന രണ്ട് നമ്പറുകളില്‍ വിളിച്ച് കുട്ടിയുടെ മരണം സംബന്ധിച്ച വിവരം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല മലയാള മനോരമ പത്രത്തിന്‍റെ എറണാകുളം എ‍ഡീഷന്‍റെ പ്രാദേശിക പേജില്‍ കുട്ടിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തിയ പത്താം തീയതിയുടെ തൊട്ടടുത്ത ദിവസം (11-04-19) മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് (ലിങ്ക് സഹിതം)

archived link
manoramaonline

നിഗമനം

എയ്‌മി എന്ന കുട്ടിയെ കാണാതായ ദിവസം (09-04-19) ബന്ധുക്കളും അയല്‍വാസികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രവും സന്ദേശവും കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും കിട്ടിയ ശേഷവും Malayalam മലയാളം എന്ന പേജ് വ്യാപകമായി പ്രചരിപ്പിച്ചു. സന്ദേശത്തില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികളെ അന്വേഷിക്കാതെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ പേജിലെ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നതിനാല്‍ പലരും ആ നമ്പറുകളിലേക്ക് നിരന്തരം വളിക്കുകയും ചെയ്യുന്നുണ്ടെന്ന് നമ്പര്‍ ഉടമകള്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. മാത്രമല്ല കുട്ടിമരിച്ചെന്ന വിവരം ഇതെ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ പലരും പറയുന്നുണ്ടെങ്കിലും പേജ് അഡ്‌മിന്‍ ഇതുവരെ പോസ്റ്റ് നീക്കം ചെയ്യാനും സ്വമേധയ തയ്യാറായിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ പോസ്റ്റിലെ വിവരങ്ങള്‍ തെറ്റായ സമയത്ത് വസ്തുതകള്‍ പരിശോധിക്കാതെയുമുള്ളതാണെന്നും വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:കടമക്കുടിയില്‍ കാണാതായ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാണ്..

Fact Check By: Harishankar Prasad 

Result: False