ഈ കോഡ് കമന്‍റ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ?

സാമൂഹികം

വിവരണം

നമ്മുടെ എഫ്ബി ഹാക്ക്ഡ് ആണോ എന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ..? കമന്‍റ് ബോക്‌സില്‍ @[4:0] എന്ന് അടിച്ച് നോക്ക് Mark Zuckerberg എന്ന് വന്നാല്‍ ഓക്കെ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചളിയന്‍ ട്രോള്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 181ല്‍ അധികം ലൈക്കുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ @[4:0] എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പേര് വന്നില്ലെങ്കില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണോ അര്‍ഥം? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

@[4:0]  എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ഈ പ്രചരണത്തെ കുറിച്ചുള്ള ലേഖനങ്ങളാണ് റിസള്‍ട്ടില്‍ ലഭിക്കുന്നത്. 2015ല്‍ ഈ സന്ദേശത്തെ കുറിച്ച് സ്നോപ്‌സ് വസ്‌തുത അന്വേഷണം നടത്തിയതാണ്. തികച്ചും വ്യാജമായ പ്രചരണമാണിതെന്നാണ് സ്നോപ്സിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതായത് ഒരു വ്യക്തിയുടെ പേര് ഫെയ്‌സ്ബുക്കില്‍ ക്യാരക്‌ടര്‍ കോഡായി ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ആ വ്യക്തിയെ മെന്‍ഷന്‍ ചെയ്യുക മാത്രമാണ് @[4:0] എന്ന നമ്പര്‍ കമന്‍റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലെ പേരുകള്‍ക്കും ഒരോ അക്കങ്ങളിലുള്ള ഐഡിയുമുണ്ട്. ഇത് കോഡുകളായിട്ടാണ് വെബ്‌സൈറ്റില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ കോഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അതാത് യൂസര്‍മാരുടെ പേരുകള്‍ തെളിഞ്ഞ് വരുന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവര്‍ക്കും ഇത്തരത്തില്‍ കോഡ് കമന്‍റ് ചെയ്താല്‍ പേരുകള്‍ തെളിഞ്ഞ് വരണമെന്നില്ല. മൊബൈല്‍ ഫെയ്‌സ്ബുക്കിലും ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിനും ഇത് വ്യത്യസ്ഥമായിരിക്കും. ഒരു ഫെയ്‌സ്ബുക്ക് യൂസറിനെ മെന്‍ഷന്‍ ചെയ്യുക എന്നതല്ലാതെ ഈ കോഡ് ടൈപ്പ് ചെയ്ത് കമന്‍റ് ചെയ്യുമ്പോള്‍ അക്കൗണ്ട് സുരക്ഷിതമാണോ എന്നോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നോ അറിയാന്‍ കഴിയില്ലെന്നും യുക്തിരഹിതമായ വ്യാജ പ്രചരണം മാത്രമാണിതെന്നും സ്നോപ്‌സ് വിശദീകരിക്കുന്നു.

സ്നോപസ്‌ വസ്‌തുത അന്വേഷണത്തിന്‍റെ പ്രസക്ത ഭാഗം-

Snopes ArticleArchived Link

നിഗമനം

ഒരു യൂസറിന്‍റെ പേര് അക്കങ്ങള്‍ ഉപയോഗിച്ച് മെന്‍ഷന്‍ ചെയ്യുന്ന സംവിധാനം മാത്രമാണിത്. അതായത് @[4:0]  എന്ന് ഉപയോഗിച്ച് കമന്‍റ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ  പേര് മെന്‍ഷന്‍ ആകുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ഇതിന് അക്കൗണ്ട് സുരക്ഷയും ഹാക്കിങുമായും ഒന്നും യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഈ കോഡ് കമന്‍റ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •