
വിവരണം
സഖാവ് നീലമ
LDF ന്റെ പ്രകടനത്തിൽ തലയോലപ്പറമ്പിലൂടെ കൈക്കുഞ്ഞിനെയും ഒക്കത്തെടുത്ത് ഉശിരോടെ അടി വെച്ചു നീങ്ങിയവൾ …!
ഗതി തെറ്റിയെത്തിയ ഒരു ലോറിയുടെ രാക്ഷസ പാച്ചിലിൽ ഇന്നലെ സായാഹ്നത്തിൽ പൊലിഞ്ഞു പോയ പ്രീയ ജന്മം …!
സഖാവെ,
ഈ ചെങ്കൊടി പ്രസ്ഥാനം ചിലപ്പോഴെങ്കിലും ചില വേവുനിലങ്ങളിൽ വെന്തു നീറിയപ്പോൾ
ഇതിനെ നെഞ്ചോട് ചേർത്ത് തോൽക്കാൻ വിട്ടു കൊടുക്കാതെ മുന്നോട്ടു നയിച്ചവരിൽ നിങ്ങളുണ്ട് ….
പണിയെടുക്കുന്നവന്റെ പടയണി സ്വപ്നമായി ഇതിനെ ഈ മണ്ണിൽ ഇന്നും നിലനിർത്തുന്നതും നിങ്ങളാണ് …
നിങ്ങളെപ്പോലെയുള്ള ആയിരങ്ങളുടെ ഊർജ്ജ പ്രേരണകളാണ് …!
എന്ന തലക്കെട്ടില്‍ ഒരു പെണ്‍കുട്ടിയുടെ ആദരാഞ്ജലികള്‍ പതിച്ച ചിത്രവും അതോടൊപ്പം അതെ പെണ്‍കുട്ടി തന്നെ എന്ന് തോന്നിപ്പിക്കും വിധം കുഞ്ഞിനെ എടുത്തുകൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രകടനത്തില്‍ പങ്കെടുക്കുന്ന ചിത്രവും ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച നീലിമ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളതെന്നാണ് അവകാശവാദം. ദോസ്ത് ഇലഞ്ഞോലിപ്പാലം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 150ല്‍ അധികം ലൈക്കുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ചിത്രത്തില്‍ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയാണോ അപകടത്തില്‍ മരണപ്പെട്ട നീലിമ? ചിത്രങ്ങള്‍ രണ്ടും ഒരാളുടെ തന്നെയാണോ? വസ്തുത പരിശോധിക്കാം.
Archived Link |
വസ്തുത വിശകലനം
2018ല്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന വനിത മതിലില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിയോടെ നടന്നു വരുന്ന പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഈ പെണ്‍കുട്ടിയാണ് വാഹനാപകടത്തില്‍ മരണപ്പെട്ട നീലിമ എന്നാണ് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം. എന്നാല്‍ പോസ്റ്റുകളുടെ താഴെ ഒട്ടുമിക്ക കമന്റുകളിലും പ്രചരണം വ്യാജമാണെന്നും മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ പേര് നീലമ എന്നല്ലെന്നും ആതിരയെന്നാണെന്നും ഇവര്‍ മരിച്ചിട്ടില്ലെന്നും കമന്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചിത്രത്തില്‍ കാണുന്നത് രണ്ടു പേരുടെ ചിത്രങ്ങളാണെന്ന് മനസിലാക്കാനും. കഴിഞ്ഞു. നീലിമ ആരാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ വൈറല്‍ ചിത്രമായ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ പേര് ആതിരയെന്ന് ആണെന്നും അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ആരോ നടത്തുന്ന നുണപ്രചരണം മാത്രമാണിതെന്നും ആതിരയുടെ ഭര്‍ത്താവ് ജിജി മോഹന്‍ ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിട്ടുണ്ട്. നവംബര്‍ 24നാണ് ജിജി മോഹന്‍ വ്യാജ പോസ്റ്റുകളും സ്ക്രീന്‍ഷോട്ടുകളും ഒപ്പം ഭാര്യയും കുഞ്ഞുമായും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല കോട്ടയം തലയോലപ്പറമ്പില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിനിയാണ് ആതിര. ഒരു ജില്ലയില്‍ പോലും തമാസിക്കുന്നവര്‍ എന്ന സാമ്യം പോലും ഇവര്‍ തമ്മിലില്ല.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
നിഗമനം
തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത പെണ്‍കുട്ടികളുടെ ചിത്രം ഒന്നിച്ച് എഡിറ്റ് ചെയ്ത് വ്യാജപ്രചരണം നടത്തിയിരിക്കുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ് എന്നത് വ്യക്തമായി കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് അവരുടെ ഭര്‍ത്താവ് തന്നെ ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വൈറല്‍ ചിത്രത്തിലെ യുവതി വാഹനപാകടത്തില്‍ മരണപ്പെട്ടു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?
Fact Check By: Dewin CarlosResult: False
