വൈറലായ ഈ ചിത്രത്തിലുള്ള റോഡ് കേരളത്തിലെ അല്ല..

രാഷ്ട്രീയം | Politics

വിവരണം

വലിയ പുരോഗമനം പ്രസംഗിക്കുന്ന കേരളത്തിലെ റോഡുകളുടെ അവസ്‌ഥ കണ്ടോ? പൈപ്പ് ഇരിക്കുന്ന ഭാഗത്തെ ടാറിന്റെയും മെറ്റലിന്റെയും കാശ് പിണറായി സർക്കാർ മുക്കിയോ? 😁 എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടാര്‍ ചെയ്ത ഒരു റോഡിന്‍റെ ഏകദേശം നടുവിലൂടെ ജലവിതരണ പൈപ്പ് ലൈന്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. പ്രൊഗ്രെസ്സീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ മെഴ്‌സല്‍ അമെയ്സ് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ചിത്രം കേരളത്തിലെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ കേരളം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ തന്നെ ഒരു ഓട്ടോറിക്ഷ കാണാന്‍ സാധിക്കുന്നുണ്ട്. ഒറ്റനോട്ടത്തിലെ കേരളത്തിലെ ഓട്ടോറിക്ഷയെന്ന് തോന്നിക്കുന്നുണ്ടെന്നതും പലരും ഇത് കേരളത്തിലെ ചിത്രമാണെന്ന പേരില്‍ പ്രചരിപ്പിക്കാന്‍ കാരണമാവുന്നുണ്ട്. എന്നാല്‍ ചിത്രം സൂം ചെയ്‌ത് നോക്കുമ്പോള്‍ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന്‍ ഉത്തര്‍പ്രദേശിലെയാണെന്ന് വ്യക്തമായി കാണാന്‍ സാധിക്കും.

ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ഒരു ട്വീറ്റ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു.  നവ്ഭാരത് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ദിനേശ് ചന്ദ്ര മിശ്ര ഇതെ ചിത്രം ജൂണ്‍ 15ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശിലെ ദേവരിയ എന്ന സ്ഥലത്തെ റോഡില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ചുള്ള ട്വീറ്റാണിത്. റോഡിന് നടുവിലൂടെയുള്ള പൈപ്പ് ലൈന്‍ അപകടത്തിന് വഴിയൊരുക്കുമെന്നും കൃത്യസമയത്ത് അധികൃതര്‍ ഇടപെട്ട് സുരേക്ഷ വേലി ഇതിന് ചുറ്റം സജ്ജമാക്കിയെന്നും വിശദീകരിച്ചാണ് ദിനേശ് ചന്ദ്ര മിശ്രയുടെ ട്വീറ്റ്. അപായ ചിഹ്നവും സുരക്ഷാവേലിയും സജ്ജമാക്കിയ ശേഷമുള്ള യുപി ദേവരിയയിലെ പ്രസ്‌തുത റോഡിന്‍റെ ഇപ്പോഴത്തെ ചിത്രവും ദിനേശ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിലെ വാഹന നമ്പറില്‍ യുപി രജിസ്ട്രേഷന്‍ കാണാം-

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ദിനേശ്‌ചന്ദ്ര മിശ്രയുടെ ട്വീറ്റ്-

TweetArchived Link

നിഗമനം

ചിത്രം കേരളത്തിലെ റോഡിന്‍റെയല്ലെന്നും യഥാര്‍ത്ഥ ചിത്രം യുപിയിലെ ദേവരിയ പ്രദേശത്തെയാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:വൈറലായ ഈ ചിത്രത്തിലുള്ള റോഡ് കേരളത്തിലെ അല്ല..

Fact Check By: Dewin Carlos 

Result: False