FACT CHECK: വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയുടെ ചിത്രം എഡിറ്റ് ചെയ്തതാണ്… അയര്‍ലണ്ടിലെ പുരാതന മുനിയറയാണിത്…

സാമൂഹികം

പ്രപഞ്ചത്തെ നിലനിർത്തുന്ന നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നാണ് ഗുരുത്വാകർഷണം. ഭൂമിയിലെ പിണ്ഡമുള്ള വസ്തുക്കള്‍ പരസ്പരം ആകർഷിക്കുന്ന പ്രകൃതിയുടെ പ്രതിഭാസമാണിത് എന്ന് നമുക്കെല്ലാം അറിയാം. ഗുരുത്വാകർഷണം ഉള്ളതുകൊണ്ടാണ് ഭൂമിയിൽ ജീവജാലങ്ങളും  ജലവും എല്ലാം നിലനിൽക്കുന്നത്.

എന്നാൽ ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? ഭൂമിയിൽ അത്തരത്തിൽ ചില സ്ഥലങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ അഭാവത്തില്‍ ഒരു പാറ വായുവിൽ ഉയർന്നു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ നീളത്തിലുള്ള ഒരു പാറ ഭൂമിയിൽ നിന്നും ഏതാനും അടി ഉയരത്തിൽ വായുവില്‍ നിൽക്കുന്ന ദൃശ്യമാണ് ഉള്ളത്. ഒപ്പം നൽകിയിരിക്കുന്ന ലേഖനത്തിൽ ഗുരുത്വാകര്‍ഷണ ബലമില്ലാത്ത സ്ഥലങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മ്യാൻമാറിലുള്ള സ്വർണപാറ എന്നാണ് ലേഖനത്തിൽ ഈ പാറയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഗുരുത്വാകര്‍ഷണം ഇല്ലാത്ത ഇന്ത്യയിലെ സ്ഥലങ്ങള്‍ എന്ന അടിക്കുറിപ്പ് ചിത്രത്തിന് നല്‍കിയിട്ടുമുണ്ട്. ഈ പാറ  താഴെയുള്ള കല്ലുകളിലോ ഭൂമിയിലോ സ്പർശിക്കാതെ  വായുവിൽ ഉയർന്നു നിൽക്കുകയാണ് എന്നാണ് പോസ്റ്റിൽ പ്രധാനമായും അവകാശപ്പെടുന്നത്. 

archived linkFB post

ഞങ്ങൾ ഈ പാറയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടക്കുന്നത് എന്ന് വ്യക്തമായി.

ഒരു ഡോൾമെൻ (മലയാളത്തില്‍ മുനിയറ എന്നു അറിയപ്പെടുന്നു) എന്നത് ഒരു തരം സിംഗിൾ ചേമ്പർ മെഗാലിത്തിക് ശവകുടീരമാണ്. സാധാരണയായി രണ്ടോ അതിലധികമോ ലംബമായ കല്ലുകൾക്ക് മുകളിൽ വലിയ പരന്ന കല്ല് മേശയുടെ മുകൾ ഭാഗം പോലെ ചേർത്ത് വച്ചിരിക്കുന്ന ശിലാരൂപമാണ്. മിക്കതും ആദ്യകാല നിയോലിത്തിക്ക് കാലഘട്ടത്തിൽ (4000-3000 ബിസി) മുതലുള്ളവയാണ്, ചിലതിൽ  മണലോ ചെറിയ കല്ലുകളോ കൊണ്ട് മൂടി ഒരു ട്യൂമുലസ് രൂപപ്പെടുകയുണ്ടായിട്ടുണ്ട്. ചെറിയ പാഡ്-കല്ലുകൾ മുകളിലെ പരന്ന കല്ലിനും താങ്ങ് കല്ലുകൾക്കുമിടയിൽ വെഡ്ജ് ചെയ്തിട്ടുണ്ടാകാം. പലയിടത്തും, ആവരണം കാലഹരണപ്പെട്ട്, കല്ലിന്‍റെ “അസ്ഥികൂടം” മാത്രം അവശേഷിക്കുന്നു. കൊറിയൻ പെനിൻസുലയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ഡോൾമെൻ ഉണ്ട് .

ഇത്തരത്തിലുള്ള ഡോൾമെനുകളിൽ ഒന്നാണ് ചിത്രത്തിലുള്ളത്.   ചിത്രത്തിൽ കാണുന്ന പോലെ താഴത്തെ കല്ലിൽ നിന്നും ഉയർന്നു നിൽക്കുകയല്ല. താഴത്തെ കല്ലുകൾക്ക് മുകളിൽ അതിനോട് ചേർന്ന് തന്നെയാണ് യഥാർത്ഥത്തിൽ  മുകളിലെ പാറക്കല്ല് ഇരിക്കുന്നത്. ചിത്രത്തിലെ വിചിത്ര രൂപം ആരെങ്കിലും ഒരു കൗതുകത്തിന് വേണ്ടി നിർമ്മിച്ച ഫോട്ടോഷോപ്പ് ചിത്രമാകാം. 

റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കൗണ്ടി ഡൊണഗലിലെ അർദാരയ്ക്ക് സമീപമുള്ള കിൽക്ലൂണി ഡോൾമെൻ, 1986 ജൂണിൽ സൂര്യപ്രകാശമുള്ള ഒരു സായാഹ്നത്തിൽ ചിത്രീകരിച്ചത് എന്ന വിവരണത്തോടെ വികിപീഡിയയില്‍ ഈ മുനിയറയെ കുറിച്ച് പ്രതിപാദിക്കുന്നു. ഇതിനെ കുറിച്ച് മറ്റ് ആധികാരിക ലേഖനങ്ങളും ലഭ്യമാണ്. 

kilclooney-dolmen 1kilclooney-dolmen 2kilclooney-dolmen 3

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ലൊക്കേഷന്‍ തിരഞ്ഞാല്‍ നമുക്ക് പ്രസ്തുത മുനിയറ അയര്‍ലണ്ടിലാണ് സ്ഥിതി ചെയ്യുന്നത് എന്നു കാണാനാകും.

എപ്പോൾ, എന്തുകൊണ്ട്, ആരാണ് ആദ്യകാല ഡോൾമെനുകൾ നിർമ്മിച്ചതെന്ന് വ്യക്തമല്ല. 7,000 വർഷങ്ങൾക്ക് മുമ്പുള്ള പടിഞ്ഞാറൻ യൂറോപ്പിലാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്നവ കാണപ്പെടുന്നത്. ആരാണ് ഈ ഡോൾമെനുകൾ സ്ഥാപിച്ചതെന്ന് പുരാവസ്തു ഗവേഷകർക്ക് ഇപ്പോഴും അറിയില്ല,  വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും അവയെല്ലാം ശവകുടീരങ്ങളോ ശ്മശാന അറകളോ ആയി കണക്കാക്കപ്പെടുന്നു. റേഡിയോ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് ഡോൾമെനുകളിൽ നിന്നോ അതിനടുത്തോ ഉള്ള മനുഷ്യ അവശിഷ്ടങ്ങൾ, ചിലപ്പോൾ പുരാവസ്തുക്കൾക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ അവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ കല്ലുകൾ സ്ഥാപിച്ച കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് തെളിയിക്കുക അസാധ്യമാണ്. 

ഡോൾമെനുകളെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ലേഖനങ്ങൾ വായിച്ചാൽ മതിയാകും.  

Dolmen 1 | Dolmen 2

കേരളത്തിൽ മറയൂർ ഭാഗങ്ങളിൽ മുനിയറ എന്ന പേരിൽ ഇത്തരത്തില്‍ ചില ശിലാരൂപങ്ങൾ കാണാം.  ഇവയും ശവകുടീരങ്ങളാണ് എന്ന് അനുമാനിക്കുന്നു.

മ്യാന്മാറിലെ സ്വര്‍ണ്ണ പാറയുടെ ചിത്രം താഴെ കാണാം.

പോസ്റ്റിലെ ചിത്രത്തിൽ നൽകിയിട്ടുള്ള പാറ ഫോട്ടോഷോപ്പ് ചെയ്തതാണ്. 

യഥാർത്ഥത്തിൽ പാറ വായുവിൽ ഉയർന്നു നിൽക്കുന്നില്ല. താഴെയുള്ള കല്ലിന്‍റെ മുകളിൽ ഉറച്ചാണ് ഇരിക്കുന്നത്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  ചിത്രത്തിലെ പാറ 6 വായുവിൽ ഉയർന്നു നിൽക്കുന്നില്ല. താഴെയുള്ള കല്ലിന്മേൽ ഉറച്ചാണ് പാറ സ്ഥിതി ചെയ്യുന്നത്. ഇത് ഇന്ത്യയിലെതല്ല. അയർലൻഡിൽ ഉള്ള മുനിയറ ആണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയുടെ ചിത്രം എഡിറ്റ് ചെയ്തതാണ്… അയര്‍ലണ്ടിലെ പുരാതന മുനിയറയാണിത്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •