ക്യാമറ ഷട്ടര്‍ നീക്കം ചെയ്യാതെ പ്രധാനമന്ത്രി മോദി ഫോട്ടോയെടുക്കുന്ന ചിത്രം… യാഥാര്‍ഥ്യം ഇതാണ്…

രാഷ്ട്രീയം

ഇന്ത്യയില്‍ വംശനാശം നേരിട്ട വന്യജീവിയാണ് ചീറ്റപ്പുലി. ഈ കുറവ് പരിഹരിക്കുന്നതിനായി നമീബിയയിൽ ചീറ്റപ്പുലികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിരുന്നു. വിമാനമാർഗം ഇന്ത്യയിലെത്തിച്ച 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ജന്മദിനത്തില്‍ നേരിട്ട് എത്തിയിരുന്നു. പാർക്കിന് സമീപം പുൽമേട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചീറ്റകളുടെ കൂട് തുറന്നുവെച്ച് ലിവർ തിരിച്ചാണ് മോദി തുറന്നുവിട്ടത്. പിറന്നാൾ ദിനത്തിൽ വൈൽഡ് ലൈഫ് ജാക്കറ്റ് അണിഞ്ഞെത്തിയ മോദി മാധ്യമങ്ങളിൽ തരംഗമായി മാറി.

ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തെറ്റായ രീതിയിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 

പ്രചരണം 

കാനൺ ക്യാമറയുടെ ലെൻസ് ക്യാപ്പ് നീക്കം ചെയ്യാതെ പ്രധാനമന്ത്രി മോദി ഫോട്ടോകൾ ക്ലിക്കുചെയ്യുന്നുവെന്നാണ് ചിത്രം ഉപയോഗിച്ച് വാദിക്കുന്നത്. ചിലര്‍ പ്രധാനമന്ത്രി മോദിയെ വിമർശിക്കാനും മറ്റ് ചിലർ ചിത്രം ആക്ഷേപഹാസ്യമായാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ കണ്ട ചില പോസ്റ്റുകളില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ചിത്രത്തിന് നല്കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെ: ഫോട്ടോ എടുക്കുമ്പോൾ ഇങ്ങിനെ എടുക്കണം എന്നാലെ ഓരോ നീക്കവും ക്യാമറയിൽ പതിയുകയുള്ളൂ

ഈ ജന്മദിനത്തിൽ തന്നെ വേണമോ ഇത് പോലുള്ള കോപ്രായങ്ങൾ ….

ക്യാമറയുടെ ഷട്ടർ മാറ്റ് മാഷെ …..”

archived linkFB post

എന്നാല്‍ എഡിറ്റ് ചെയ്ത ചിത്രമാണ് പ്രധാനമന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ കീവേഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2022 സെപ്റ്റംബർ 17-ന് ദി ഫ്രീപ്രസ് ജേര്‍ണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. 

വാര്‍ത്താ പ്രകാരം ചിത്രം ആദ്യം ഷെയർ ചെയ്തത് ടിഎംസി എംപി ജവഹർ സിർകാർ ആയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച് വ്യാജ പ്രചരണം നടത്താനുള്ള ശ്രമമാണ് ജവഹർ സിർകാർ നടത്തുന്നതെന്ന് ഇതിന് മറുപടിയായി ബിജെപി ആരോപിച്ചു.

എസിടിപി ന്യൂസ് ഹിന്ദി വെബ്‌സൈറ്റിൽ വൈറലായ ചിത്രം ഞങ്ങൾ കണ്ടെത്തി. ഈ ചിത്രത്തിൽ, ക്യാമറ ഉപയോഗിക്കുന്ന വേളയില്‍  പ്രധാനമന്ത്രി മോദി ക്യാമറ ലെൻസ് ക്യാപ്പ് നീക്കം ചെയ്തതായി നമുക്ക് വ്യക്തമായി കാണാൻ കഴിയും. പ്രധാനമന്ത്രിയെ ക്യാമറയുട്എ ഷട്ടര്‍ മാറ്റാതെയാണ് ചീറ്റയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നു അവകാശപ്പെടുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്.  എഡിറ്റഡ് ചിത്രവും  യഥാർത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം താഴെ കാണാം.

2022 സെപ്റ്റംബർ 17-ന് ഹിന്ദുസ്ഥാൻ ടൈംസ് യൂട്യൂബിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ പ്രധാനമന്ത്രി മോദി ക്യാമറ ലെൻസ് ക്യാപ് ഇല്ലാതെ ചീറ്റപ്പുലികളുടെ ഫോട്ടോ എടുക്കുന്നത് കാണാം. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ, “പിഎം മോദി തന്‍റെ ജന്മദിനത്തിൽ ചീറ്റകളെ കാട്ടിലേക്ക് വിട്ടു; ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണെന്ന് പറയപ്പെടുന്നു.” 

ചീറ്റപ്പുലികൾ കള്‍ക്ക് വംശനാശം സംഭവിച്ചുവെന്നും  74 വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് പ്രധാനമന്ത്രി മോദി ചീറ്റകളെ വിട്ടയച്ചത്. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളിൽ അഞ്ചു പെണ്ണും മൂന്ന് ആണുമാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനത്തോടനുബന്ധിച്ച് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ ഫോട്ടോ എടുക്കുന്നതിനിടെയുള്ളതാണ് ചിത്രമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടില്‍ നല്‍കിയ ചിത്രത്തിന്‍റെ അടിക്കുറിപ്പായി പറയുന്നു. നമീബിയയിൽ നിന്നുള്ള ചീറ്റപ്പുലിയുടെ വരവ് ഇന്ത്യയുടെ പുതിയ ഭാവിയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

നിഗമനം 

വൈറൽ ചിത്രം എഡിറ്റ് ചെയ്തതാണ്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ ഫോട്ടോഗ്രാഫുകൾ പ്രധാനമന്ത്രി മോദി ക്യാമറ ലെൻസ് ക്യാപ് ഇല്ലാതെ ക്ലിക്കുചെയ്യുന്നതാണ് യഥാർത്ഥ ചിത്രം. ക്യാമറ ലെൻസ് ഷട്ടര്‍ മാറ്റാതെ ഫോട്ടോ എടുക്കുകയാണെന്ന് അവകാശപ്പെടാൻ വൈറലായ ചിത്രം തെറ്റായി എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്യാമറ ഷട്ടര്‍ നീക്കം ചെയ്യാതെ പ്രധാനമന്ത്രി മോദി ഫോട്ടോയെടുക്കുന്ന ചിത്രം… യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •