കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പി‌കെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…

പ്രാദേശികം രാഷ്ട്രീയം

കേരളത്തിൽ ട്രാഫിക് നിയമലംഘനം നിയന്ത്രിക്കാനായി ഈയിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന എ ഐ ക്യാമറ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്.  കേരളത്തിൽ എ‌ഐ ക്യാമറ സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നു എന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ട്രാഫിക് കാമറ മുളകൊണ്ട്  നിര്‍മ്മിച്ച കൊട്ട കൊണ്ട് മറച്ച് പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. കൊട്ട കൊണ്ട് മറച്ച് മൂടിവയ്ക്കാൻ ആവില്ല ഈ അഴിമതി എന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

മുസ്ലിം ലീഗ് നേതാവും എംഎൽഎ കുഞ്ഞാലിക്കുട്ടിയുമായി സംസാരിക്കുമ്പോൾപി‌കെ ഫിറോസിന്‍റെ കൈയുടെ പിറകിൽ ഒരു കൊട്ട പിടിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മുൻ എംപിയും നിലവിൽ വേങ്ങര മണ്ഡലം എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടിയുമായി പി കെ ഫിറോസ് നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  പിന്നിലേക്ക് വെച്ചിരിക്കുന്ന ഫിറോസിന്‍റെ കൈയിൽ ഒരു കൊട്ട പിടിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം.  കൊട്ട ഉപയോഗിച്ച് എ ഐ ക്യാമറ പി കെ ഫിറോസ് മറച്ചു പിടിക്കാൻ തയ്യാറെടുക്കുന്നു എന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

“വേണ്ടാത്ത പണിക്ക് നിക്കണ്ട പിറോസെ… കൊട്ട കൊണ്ടല്ല ചട്ടി കൊണ്ട് മറച്ചിട്ടും കാര്യമില്ല.. കാര്യങ്ങൾ കൈവിട്ടുപോയി മറ്റു സംസ്ഥാനങ്ങൾ കേരളത്തെ കണ്ടുപഠിക്കുന്നു.. നമ്മൾ കട്ടതിന്റെ നാലരട്ടിയാണ് കോൺഗ്രസുകാർ കക്കുന്നത് ഇന്നലെ നീ ശ്രദ്ധിച്ചോ? കുഴൽനാടൻ രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതെല്ലാം കുഴിയിൽ പോയി ചാടി നീ പിരിച്ച ഫണ്ടിൽ വല്ല തിരിമറിയും നടന്നിട്ടുണ്ടെങ്കിൽ സത്യം പറ ഞാൻ ഒന്നും കൈ കൊണ്ട് കട്ടിട്ടില്ല 🤔 വികസനത്താൽ കേരളം മുന്നോട്ടുതന്നെ ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ പറ്റില്ല എന്തിനധികം ചുറ്റുപാടു കണ്ടാൽ പുതുപ്പള്ളിയുംപോകും എന്നാ തോന്നുണത് 🤔🤣🤣🤣” 

FB postarchived link

എന്നാല്‍ എഡിറ്റ് ചെയ്ത ചിത്രമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  

വസ്തുത ഇതാണ് 

പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പേജിൽ ഞങ്ങൾ തിരഞ്ഞെങ്കിലും  ഇത്തരത്തിൽ ഒരു ചിത്രം കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ സോഷ്യൽ മീഡിയയില്‍ ചിത്രം തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു ചിത്രം രാഷ്ട്രീയ എതിരാളികളുടെ പേജിലല്ലാതെ മറ്റൊരിടത്തും കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ പി‌കെ ഫിറോസുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “കുഞ്ഞാലിക്കുട്ടി സാഹിബുമായി സംസാരിക്കുന്ന വേളയിൽ പകർത്തിയ ചിത്രമാണ്.  യഥാർത്ഥ ചിത്രത്തിൽ എന്‍റെ കയ്യിൽ കൊട്ട ഒന്നുമില്ല. കൊട്ട ചിത്രത്തിൽ എഡിറ്റ് ചെയ്ത് ചേർത്തതാണ്. എന്നിട്ട് ദുഷ്പ്രചരണം നടത്തുകയാണ്.” തുടർന്ന് അദ്ദേഹം ഞങ്ങൾക്ക് യഥാർത്ഥ ചിത്രം അയച്ചുതന്നു. യഥാർത്ഥ ചിത്രവും എഡിറ്റഡ് ചിത്രവും തമ്മിലുള്ള താരതമ്യം താഴെ കാണാം.

പി കെ ഫിറോസ് പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിക്കുന്ന ചിത്രത്തിൽ ഫിറോസിന്‍റെ കൈയിൽ കൊട്ട എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. പി കെ ഫിറോസ് കുഞ്ഞാലിക്കുട്ടിയുമായി നിൽക്കുന്ന ചിത്രത്തിൽ പി‌കെ ഫിറോസിന്‍റെ കൈയിലെ കൊട്ട എഡിറ്റ് ചെയ്ത ചേർത്തതാണ് യഥാർത്ഥ ചിത്രത്തിൽ കൊട്ട ഇല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പി‌കെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…

Written By: Vasuki S 

Result: ALTERED

  •  
  •  
  •  
  •  
  •  
  •  
  •  
  •