രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല… സത്യമിങ്ങനെ…

അന്തര്‍ദേശീയം രാഷ്ട്രീയം

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്ന ആരോപണത്തോടെ ഒരു ചിത്രം വൈറലാകുന്നുണ്ട്. 

പ്രചരണം 

 ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് രണ്ടു പേരെയാണ് കാണാന്‍ സാധിക്കുന്നത്.  അതിലൊരാള്‍ നരേന്ദ്ര മോഡിയെ കുറിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്ത ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവാണ് എന്നാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പപ്പുവിന്റെ ആ കാശും സ്വാഹ !

6 മാസം മുൻപ് BBC പ്രൊഡ്യൂസർക്കൊപ്പം രാഹുൽ ഗണ്ടി”

FB postarchived link

എന്നാല്‍ ആരോപണം തെറ്റാണെന്നും ബ്രിട്ടണിലെ പാര്‍ലിമെന്‍റ് അംഗമാണ് രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ളതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ്  

ബ്രിട്ടനിലെ മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ഇന്ത്യൻ നിക്ഷേപകനായ സാം പിട്രോഡയുമാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം  ചിത്രത്തിലുള്ളത്. 

ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2022 മെയ് മുതൽ ഇതേ ചിത്രം വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, 2022 ൽ ബ്രിട്ടനിലെ മുന്‍ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ഇന്ത്യൻ നിക്ഷേപകനായ സാം പിട്രോഡയുമായി രാഹുല്‍ ഗാന്ധി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ളതാണ് ഫോട്ടോ.

2022 മെയ് 23 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജില്‍ നിന്നും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

“മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് ലേബർ നേതാവ് ജെറമി കോർബിനുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയെ ബി ജെ പി വിമര്‍ശിച്ചിരുന്നു. 2015 മുതൽ 2020 വരെ ലേബർ പാർട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവുമായി സേവനമനുഷ്ഠിച്ച കോർബിൻ ഇന്ത്യയ്‌ക്കെതിരായ തന്‍റെ കാഴ്ചപ്പാടുകൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കോർബിന്‍റെ ചിത്രങ്ങൾ കോണ്‍ഗ്രസും പങ്കിടുകയുണ്ടായി.” ഇതേ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്. 

ബിബിസിയുടെ സമീപകാല ഡോക്യുമെന്‍ററി 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് പരിശോധിക്കുന്നു എന്ന നിലയിലാണ് വിവാദമായത്.  ഇന്ത്യയിലും വിദേശത്തും ഡോക്യുമെന്‍ററി വൻ വിവാദത്തിന് കാരണമായിട്ടുണ്ട്. തുടർച്ചയായ കൊളോണിയൽ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ പരമ്പര നിരോധിച്ചപ്പോൾ സത്യം മൂടി വയ്ക്കാനാവില്ലെന്ന്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡോക്യുമെന്‍ററിയെ പിന്തുണച്ചു.

ഫോട്ടോയിൽ ഗാന്ധിയോടൊപ്പം കാണുന്നത് ബ്രിട്ടനിലെ മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ഇന്ത്യൻ നിക്ഷേപകനായ സാം പിട്രോഡയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മോദിയെ കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററിയുടെ  നിർമ്മാതാവ്  ആരാണ്?

ബിബിസിയുടെ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, പരമ്പരയുടെ പ്രൊഡ്യൂസര്‍ റിച്ചാർഡ് കുക്‌സണും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മൈക്ക് റാഡ്‌ഫോർഡുമാണ്.

ബിബിസിയെ നിയന്ത്രിക്കുന്നത് എക്‌സിക്യൂട്ടീവ് ബോർഡും യുകെയുടെ സർക്കാർ അംഗീകൃത റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോമും  ആണ്. ബിബിസിയുടെ ഫണ്ടിംഗിന്‍റെ ഒരു പ്രധാന ഭാഗം വാർഷിക ടെലിവിഷൻ ഫീസിൽ നിന്നാണെന്ന് ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ വെബ്സൈറ്റില്‍ പറയുന്നു. 

മോദിയെക്കുറിച്ചുള്ള വിവാദമായ ബിബിസി ഡോക്യുമെന്‍ററിയുമായി കോർബിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വിശ്വസനീയമായ ഒരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചില്ല. വിവാദമായ ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല രാഹുൽ ഗാന്ധിയുടെ കൂടെ  ചിത്രത്തില്‍ ഉള്ളതെന്ന് വ്യക്തമാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പമുള്ളത് ബ്രിട്ടനിലെ മുന്‍ ലേബർ പാർട്ടി നേതാവും പാര്‍ലിമെന്‍റ് അംഗവുമായ ജെറമി കോർബിനും ഇന്ത്യൻ നിക്ഷേപകനായ സാം പിട്രോഡയുമാണ്. ഇവര്‍ രണ്ടുപേരും ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാക്കളല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല… സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •