
വിവരണം
Charly Varghis എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു ഒരു ചിത്രത്തിന് ഇതിനോടകം 4600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ ഒരു ഗോത്ര കല്യാണത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന തലക്കെട്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വലിയ പന്തിയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. “ഞാനും മനസ്സിലിരുത്തി സ്നേഹിയ്ക്കുന്ന ഇങ്ങനെ ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പും പോസ്റ്റിന് നല്കിട്ടിട്ടുണ്ട്.

archived link | FB post |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി 1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്തു എന്നാണ്. രാജീവ് ഗാന്ധി 1985 ൽ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നോ..? വയനാട്ടിൽ അദ്ദേഹം കല്യാണത്തിൽ പങ്കെടുത്തോ..? ഇത്തരം സംശയങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം.
വസ്തുതാ വിശകലനം
ഞങ്ങൾ 1985 ൽ രാജീവ് ഗാന്ധി കേരളത്തിൽ സന്ദർശനം നടത്തിയോ എന്ന് അന്വേഷിച്ചു. 1984 മുതൽ 1989 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നത്. അദ്ദേഹം 1989 ലാണ് കേരളം സന്ദർശിച്ചത്. ഞങ്ങൾ മലയാള മനോരമ ദിനപ്പത്രത്തിന്റെ ആർക്കൈവ്‌സ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ അവർ രാജീവ് ഗാന്ധിയുടെ കേരളം സന്ദർശനത്തെ പറ്റിയുള്ള ചില വാർത്തകളുടെ സ്ക്രീൻഷോട്ടകൾ തന്നിരുന്നു. എന്നാല്‍ തീയതി വ്യക്തമാക്കുന്ന ഭാഗം സ്ക്രീന്‍ഷോട്ടില്‍ ഇല്ല.

1989 ലാണ് രാജീവ് ഗാന്ധി കേരളം സന്ദർശിച്ചത് എന്ന് അവരും ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ 1985 ൽ രാജീവ് ഗാന്ധി കേരളത്തിൽ വന്നിട്ടില്ല.
രാജീവ് ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ പ്രസിദ്ധീകരിച്ച രണ്ടു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. 1989 ൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. വാർത്തയിലൊന്നിലും രാജീവ് ഗാന്ധി വയനാട് സന്ദർശിച്ചിരുന്നു എന്ന് വിവരണമില്ല. കൊച്ചി, തൃശൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചതായി വാർത്തകളിൽ കാണാം.

archived link | malayalam news daily |
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം വയനാട്ടിൽ രാജീവ് ഗാന്ധി കല്യാണത്തിൽ പങ്കെടുത്തതിന്‍റെത് ആണോ എന്നാണ് നമുക്ക് ഇനി അറിയുവാനുള്ളത്.
തുടർന്ന് ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ ചിത്രം രാജീവ് ഗാന്ധിയുടെ സ്മരണ എന്ന പേരിൽ ഇന്ത്യടുഡേ അവരുടെ വെബ്‌സൈറ്റിൽ ചിത്രത്തിന് അവരുടെ തന്നെ ക്രെഡിറ്റു നൽകി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | india today |
ഡൽഹിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം രാജീവ് ഗാന്ധി ഉച്ച ഭക്ഷണം കഴിക്കുന്നു എന്നാണ് ചിത്രത്തിന് വിവരണം നൽകിയിരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ ചിത്രം ഇന്‍ഡ്യടുഡെ 8000 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളതായി നമുക്ക് അവരുടെ വെബ്സൈറ്റില്‍ കാണാന്‍ സാധിയ്ക്കും. എന്നാല്‍ ഡെല്‍ഹിയില്‍ എവിടെ വച്ചാണ് ഈ ചിത്രം എടുത്തത്.. ഏതു സന്ദര്‍ഭര്‍ത്തിലെതാണ് എന്ന് വെബ്സൈറ്റില്‍ വ്യക്തമായ വിവരണമില്ല. എന്നാല്‍ ഈ ചിത്രം വയനാട്ടില്‍ നിന്നുള്ളതല്ല എന്ന് നൂറു ശതമാനം ഉറപ്പിക്കാം. അതേ ചിത്രത്തിന്‍റെ ക്രോപ്പ് ചെയ്ത പതിപ്പാണ് പ്രസ്തുത പോസ്റ്റിൽ നൽകിയിരിക്കുന്നത്. ചിത്രം സൂക്ഷിച്ചു നോക്കിയാൽ ഇത് കേരളത്തിൽ നിന്നുള്ളതല്ല എന്ന് എളുപ്പം മനസ്സിലാക്കാൻ സാധിക്കും. കമുകിൻ പാളയോ അതുപോലെ മറ്റേതോ ഇല ഉപയോഗിച്ചുണ്ടാക്കിയ പാത്രം ഇവിടെ പ്രചാരത്തിൽ ഇല്ലാത്തതാണ്. കൂടാതെ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരിക്കുന്ന കളിമണ്ണ് കൊണ്ട് നിർമിച്ച ഗ്ളാസ്സും കേരളത്തില്‍ അക്കാലത്ത് പ്രചാരത്തിലില്ല.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം തെറ്റാണ് എന്നാണ്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ വന്നിട്ടില്ല. 1989 ലാണ് രാജീവ് ഗാന്ധി കേരളം സന്ദർശിച്ചത്. അപ്പോൾ അദ്ദേഹം വയനാട് സന്ദർശിക്കുകയോ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഡൽഹിയിൽ നിന്നുള്ളതാണ്. 1989 ലെ ഭാരത പര്യടനത്തില്‍ നിന്നുമുള്ളതാണെന്ന് അനുമാനിക്കുന്നു. ഇന്ത്യടുഡേ ഈ ചിത്രം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം പൂർണ്ണമായും തെറ്റാണ്. രാജീവ് ഗാന്ധി 1985 ൽ വയനാട്ടിൽ വന്നിട്ടില്ല. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിട്ടുമില്ല. ചിത്രം ഡൽഹിയിൽ നിന്നുള്ളതാണ്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്ത ചിത്രമാണോ ഇത്..?
Fact Check By: Vasuki SResult: False
