ചമയവിളക്ക് ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍: പ്രചരിക്കുന്നത് ട്രാന്‍സ് വനിതയുടെ ചിത്രം

കൌതുകം

കൊല്ലം കൊറ്റംകുളങ്ങര  ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ പങ്കെടുക്കുന്ന  സാരി ഉടുത്ത പുരുഷന്‍റെ, സ്ത്രീകളെ വെല്ലുന്ന സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

പ്രചരണം 

കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചമയവിളക്ക് ഉത്സവത്തിൽ സ്ത്രീവേഷം കെട്ടി ഒന്നാം സമ്മാനം നേടിയ ആളാണ് വൈറലായ ഫോട്ടോയിൽ കാണുന്നത് എന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നത്. 

ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. മലയാളത്തിലെ അടിക്കുറിപ്പ് ഇങ്ങനെ, “മനോഹരി എന്ന വാക്കിനേക്കാളും മനോഹരി.. 🥰

ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് വേദിയിൽ നിന്ന് പുരുഷ സുന്ദരി 💙”

FB postarchived link

റെഡ്ഡിറ്റിലും സമാനമായ ഒരു പോസ്റ്റ് കണ്ടെത്തി. ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യത്യസ്തമായി, ഫോട്ടോയിൽ കാണുന്ന വ്യക്തിക്ക് സ്ത്രീ വേഷം ധരിച്ചതിന് ഒന്നാം സമ്മാനം ലഭിച്ചുവെന്ന് റെഡ്ഡിറ്റ് ത്രെഡ് അവകാശപ്പെടുന്നു. “പുരുഷന്മാർ പെൺവേഷം കെട്ടുന്ന കൊറ്റംകുളങ്ങര ചമയ വിളക്കിൽ ഒന്നാം സ്ഥാനം നേടിയ സുന്ദരി!! ” എന്നാണ് വിവരണം. 

reddit | archivd link

എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിൽ ഈ വ്യക്തി സ്ത്രീ വേഷം ധരിച്ച പുരുഷനല്ലെന്നും കേരളത്തിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ മോഡലാണെന്നും കണ്ടെത്തി.

വസ്തുത ഇങ്ങനെ 

കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് ചമയവിളക്ക്. ആഗ്രഹ സാഫല്യത്തിനായി ഇവിടെ പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി വിളക്ക് എടുക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം വന്നതോടെ എല്ലാ വര്‍ഷവും ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ക്ഷേത്രം ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയ വിവരങ്ങള്‍ പ്രകാരം ഇവിടെ പുരുഷന്‍മാര്‍ക്ക് മാത്രമേ ആചാരമനുസരിച്ച് ചമയ വിളക്ക് എടുക്കാന്‍ സാധിക്കൂ. 

വിശദാംശങ്ങള്‍ക്കായി ഞങ്ങൾ ക്ഷേത്ര അധികാരികളുമായി ബന്ധപ്പെട്ടു. പബ്ലിസിറ്റി കണ്‍വീനര്‍ ജയകൃഷ്ണന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഫോട്ടോയിൽ കാണുന്നത് പുരുഷനല്ല. ട്രാൻസ് വുമണാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാത്ത അല്ലെങ്കില്‍ അതിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ട്രാൻസ് വനിതകള്‍ക്ക് ചമയ വിളക്ക് എടുക്കുന്നതില്‍ വിലക്കില്ല. അവരെ പുരുഷന്മാര്‍ ആയിതന്നെയാണ് കണക്കാക്കുന്നത്. അവര്‍ക്ക് ചമയ വിളക്ക് എടുക്കാം. ഫോട്ടോയിൽ കാണുന്ന വ്യക്തി പരിവർത്തനം പൂർത്തിയാക്കാത്ത ട്രാൻസ്‌വുമൺ ആണ്.”

ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫർ സിദ്ദിഖുമായി ഞങ്ങള്‍ പിന്നീട് ബന്ധപ്പെട്ടു.  “വൈറലായ ഫോട്ടോയിൽ ഉള്ളത് പുരുഷനല്ലെന്നും ക്ഷേത്രം സന്ദർശിച്ച ട്രാൻസ്‌വുമണാണെന്നും സിദ്ദിഖ് പറഞ്ഞു. അവൾ കണ്ണൂരുകാരിയാണെന്നും പേര് മീര എന്നാണെന്നും സിദ്ദിഖ് അറിയിച്ചു.

പബ്ലിസിറ്റി കൺവീനർ ജയകൃഷ്ണന്‍ കൂടുതല്‍ വിശദമാക്കിയത്: “മികച്ച മേക്കപ്പിനായി ക്ഷേത്രത്തിൽ ഒരു മത്സരവും നടക്കുന്നില്ല. ഇതൊക്കെ വെറും വ്യാജ പ്രചരണങ്ങളാണ്. ഇങ്ങനെ പെണ്‍വേഷം ധരിക്കല്‍ ഈ ക്ഷേത്രത്തിലെ മാത്രം ആചാരമാണ്. എല്ലാ വർഷവും പുരുഷന്മാർ ഇവിടെ സാരിയും മേക്കപ്പും ധരിച്ച് ദേവിയെ പ്രാർത്ഥിക്കുന്നു. പുരുഷന്മാർക്ക് മാത്രമേ ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എന്നിരുന്നാലും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാത്ത ട്രാൻസ് വുമണിനും ആചാരം നടത്താൻ അനുവാദമുണ്ട്. മികച്ച മേക്കപ്പിനോ വസ്ത്രധാരണത്തിനോ ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നില്ല.”

ഞങ്ങൾ മീരയുടെ ഇൻസ്റ്റാഗ്രാം ഐഡി കണ്ടെത്തി. ചിത്രത്തിലെ വ്യക്തി മീര തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള മോഡലാണ് മീര. ഇൻസ്റ്റാഗ്രാം ഐഡിയിൽ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചമയവിളക്ക് പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്. 

ചമയ വിളക്ക് ചടങ്ങില്‍ നിന്നുള്ള മറ്റൊരു ചിത്രം സമാനമായ വിവരണത്തോടെ മുമ്പ് പ്രചരിച്ചപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നാദത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു: 

വൈറല്‍ ചിത്രത്തില്‍ കാണുന്നത് സ്ത്രീ വേഷം ധരിച്ച പുരുഷനല്ല,   യഥാര്‍ഥ്യമിതാണ്…

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഇംഗ്ലിഷ് ടീം ചെയ്തിട്ടുണ്ട്: 

Viral Photo Does Not Show A Cross-Dressed Man Participating In Chamayavilakku Festival In Kerala Temple…

നിഗമനം 

വൈറലായ ഫോട്ടോയിൽ കാണുന്നത് സ്ത്രീ വേഷം ധരിച്ച പുരുഷനല്ല.  കണ്ണൂരിലെ മോഡലായ മീരയാണ്. കൊല്ലം കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ പങ്കെടുത്ത ട്രാൻസ് വുമണാണ് മീര. ലിംഗ പരിവര്‍ത്തനം പൂര്‍ത്തിയാകാത്ത ട്രാൻസ് വനിതകള്‍ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു. അതിനാൽ മീരയുടെ ഫോട്ടോ ഫെസ്റ്റിവലിൽ പങ്കെടുത്ത ഒരാളാണെന്ന് തെറ്റിദ്ധരിച്ചിരിക്കാം. കൂടാതെ, മികച്ച മേക്കപ്പിനോ വേഷവിധാനത്തിനോ ക്ഷേത്രം സമ്മാനങ്ങളൊന്നും  നൽകുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചമയവിളക്ക് ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍: പ്രചരിക്കുന്നത് ട്രാന്‍സ് വനിതയുടെ ചിത്രം

Fact Check By: Vasuki S 

Result: MISLEADING