
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വാഹനങ്ങളിൽ പരമാവധി പരിധി വരെ പെട്രോൾ നിറയ്ക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശം സത്യമാണോ എന്ന് പലരും ഞങ്ങളോട് അന്വേഷിക്കുന്നുണ്ട്.

പ്രചരണം
കമ്പനിയുടെ ലോഗോ ഉൾക്കൊള്ളുന്ന പോസ്റ്ററില്‍ കാണുന്ന സന്ദേശം ഇങ്ങനെയാണ്: “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്: വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍ പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിനുള്ള ഇടം വയ്ക്കുക. പരമാവധി പെട്രോൾ നിറച്ചതിനാൽ ഈ ആഴ്ച 5 സ്ഫോടനങ്ങൾ സംഭവിച്ചു. പെട്രോൾ ടാങ്ക് ദിവസത്തിൽ ഒരിക്കൽ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വരട്ടെ. ശ്രദ്ധിക്കുക: നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ഈ സന്ദേശം അയയ്ക്കുക, അതിലൂടെ ആളുകൾക്ക് ഈ അപകടം ഒഴിവാക്കാൻ കഴിയും. നന്ദി”.

പലരും ഇതേ സന്ദേശം പങ്കുവയ്ക്കുന്നുണ്ട്.

ഇതിന്റെ ഇംഗ്ലിഷ് ഭാഷയിലുള്ള സന്ദേശവും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേരില്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
പ്രസ്താവനയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ഞങ്ങള്‍ കീവേഡ്സ് അന്വേഷണം നടത്തി നോക്കിയപ്പോള്‍, സന്ദേശം തെറ്റാണെന്ന് അറിയിച്ചു കൊണ്ട് 2019 ജൂൺ 3-ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസിദ്ധീകരിച്ച https://twitter.com/IndianOilcl/status/1135601622497746944 ട്വീറ്റ് കണ്ടെത്തി.
ഇന്ത്യൻ ഓയിൽ ഇനിപ്പറയുന്ന മുന്നറിയിപ്പ് നൽകിയതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ ഉണ്ട്: താപനില വർദ്ധന കാരണം ദയവായി ടാങ്കിന്റെ പരമാവധി പരിധിയിൽ പെട്രോൾ നിറയ്ക്കരുത്; അത് ഇന്ധന ടാങ്കിൽ ഒരു സ്ഫോടനത്തിന് കാരണമാകും. പെട്രോൾ വേണമെങ്കിൽ പകുതി ടാങ്ക് നിറച്ച് ബാക്കി വായു നിറയ്ക്കുക. ഇന്ത്യൻ ഓയിൽ ഈ പ്രസ്താവന നിരസിക്കുകയും ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കുകയും ചെയ്യുന്നു,” പ്രസ്താവന: “ഓട്ടോമൊബൈൽ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് പെര്‍ഫോമന്‍സ് ആവശ്യകതകൾ, ക്ലെയിമുകൾ, ആംബിയന്റ് അവസ്ഥകൾ തുടങ്ങി എല്ലാവിധ സുരക്ഷാ വശങ്ങളും പരിഗണിച്ചാണ്. പെട്രോൾ/ഡീസൽ വാഹനങ്ങൾക്കുള്ള ഇന്ധന ടാങ്കിൽ വ്യക്തമാക്കിയിട്ടുള്ള പരമാവധി വോളിയം ഉപയോഗിക്കാവുന്നതാണ്. ശീതകാലവും വേനൽക്കാലവും പരിഗണിക്കാതെ നിർമ്മാതാവ് വ്യക്തമാക്കിയ പൂർണ്ണ പരിധി വരെ (പരമാവധി) വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തികച്ചും സുരക്ഷിതമാണ്,”
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ തമിഴ് ടീം ഇതേ പ്രചരണത്തിന് മുകളില്‍ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്:
வெயில் காரணமாக பெட்ரோல் டேங்க் முழுவதும் நிரப்ப வேண்டாம் என்று இந்தியன் ஆயில் எச்சரித்ததா?
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചൂട് കാലത്ത് വാഹന ടാങ്കില്‍ ഇന്ധനം പരമാവധി നിറയ്ക്കരുതെന്ന് ഇന്‍ഡ്യന്‍ ഓയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. രണ്ടു-മൂന്നു വര്‍ഷമായി ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടെ പേരില്‍ ഈ മുന്നറിയിപ്പ് പ്രചരിക്കുന്നുണ്ട്. തെറ്റായ പ്രചരണമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വേനൽക്കാലത്ത് വാഹന ടാങ്കുകളില്‍ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടില്ല…
Fact Check By: Vasuki SResult: False
