
ആധാർ കാർഡ് മറ്റ് പല പല രേഖകളുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ തലത്തില്‍ നിന്ന് ചില അറിയിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. ഇപ്പോൾ ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.
പ്രചരണം
“ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടോ? ഉടനെ ചെയ്യണം. ഇല്ലെങ്കിൽ പണി കിട്ടും. കൂടുതൽ അറിയൂ..” എന്ന വിവരണത്തോടെ പോസ്റ്റിൽ ഒരു ലേഖനം ആണ് നൽകിയിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിരവധി സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം എന്നാണ് ലേഖനത്തിന്‍റെ ഉള്ളടക്കം.

ഒപ്പം ഒരു വീഡിയോയും നൽകിയിട്ടുണ്ട്. ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെയാണ് എന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ലൈസൻസ് പുതുക്കൽ, പുതിയ ലൈസൻസ് എടുക്കൽ തുടങ്ങിയ സേവനങ്ങള്‍ തടസ്സപ്പെടും എന്നുമാണ് വീഡിയോയിലെ അറിയിപ്പില്‍ ഉള്ളത്.

എന്നാൽ പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്നും ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ദോഷം ഒന്നും ഉണ്ടാവുകയില്ല എന്നുമാണ് യാഥാർത്ഥ്യം
വസ്തുത അന്വേഷണം
വാഹനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ പരിവാഹൻ വെബ്സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ലിങ്ക് ചെയ്യാം എന്നാണ് ലേഖനത്തില്‍ നൽകിയിരിക്കുന്ന വിവരം. ഞങ്ങൾ പരിവാഹൻ വെബ്സൈറ്റ് തിരഞ്ഞെങ്കിലും ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള യാതൊരു ലിങ്കുകളും നൽകിയിട്ടില്ല എന്നാണ് കാണാൻ സാധിച്ചത്.
കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനായി ഞങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ടു. അവിടെ നിയമ വിദഗ്ദ്ധനായ സുനില്‍ കുമാര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ മറുപടി ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചരണമാണ്. അധാര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടി ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടില്ല. കോവിഡ് കൂടിവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചില സേവനങ്ങള്‍ കൊണ്ടാക്റ്റ്ലെസ് അതായത് നേരിട്ടു വരാതെ ഓണ്‍ലൈന്‍ ലൈന്‍ വഴി ചെയ്യാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു.
ഇതനുസരിച്ച് താഴെ കൊടുത്തിട്ടുള്ള വിവിധ കോൺടാക്റ്റ്‌ലെസ് സേവനങ്ങൾ പോർട്ടലിലൂടെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആധാർ ആധികാരികത ഉറപ്പാക്കണം. എന്നാൽ, വ്യക്തിക്ക് ആധാർ അസൈൻ ചെയ്യുന്നത് വരെ, കോൺടാക്റ്റ്ലെസ് സേവനങ്ങളുടെ ആനുകൂല്യങ്ങൾ നൽകും. ആധാർ എൻറോൾമെന്‍റ് ഐഡി സ്ലിപ്പ് ഹാജരാക്കുന്നതനുസരിച്ച് പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങൾ നൽകുന്നതിന്, മന്ത്രാലയം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.”

ഒരു പൗരന് ആധാർ നല്‍കി ലഭിക്കുന്ന കോൺടാക്റ്റ്ലെസ് സേവനങ്ങൾ താഴെ പറയുന്നവയാണ്. ഈ വിവരങ്ങള്‍ സംസ്ഥാന മോട്ടോര്‍ വാകന വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും വിലാസം മാറ്റം, ഇന്‍റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഇഷ്യൂ, വാഹനത്തിന്‍റെ ക്ലാസ് സറണ്ടർ, മോട്ടോർ വാഹനത്തിന്‍റെ താൽക്കാലിക രജിസ്ട്രേഷനായുള്ള അപേക്ഷ, പൂർണ്ണമായും ബിൽറ്റ് ബോഡിയുള്ള മോട്ടോർ വാഹനത്തിന്‍റെ രജിസ്ട്രേഷനായുള്ള അപേക്ഷ, രജിസ്ട്രേഷന്‍റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി എൻഒസി ഗ്രാന്‍റിനുള്ള അപേക്ഷ, മോട്ടോർ വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ വിലാസം മാറ്റുന്നതിനുള്ള അറിയിപ്പ്, അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രത്തിൽ നിന്ന് ഡ്രൈവർ പരിശീലനത്തിനുള്ള രജിസ്ട്രേഷനുള്ള അപേക്ഷ, മോട്ടോർ വെഹിക്കിളിന്‍റെ ഡിപ്ലോമാറ്റിക് ഓഫീസറുടെ നിയമനത്തിനുള്ള അപേക്ഷ, വാടക കരാറിന്‍റെ അംഗീകാരം, വാടക വാങ്ങൽ കരാർ അവസാനിപ്പിക്കൽ എന്നിവയാണ് അവ.
ഇതല്ലാതെ ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ലിങ്ക് ചെയ്യുക എന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ്.
നിഗമനം
പോസ്റ്റില്‍ നല്കിയിരിക്കുന്ന അറിയിപ്പ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടില്ല. ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ അധാര്‍ വിവരങ്ങള്‍ കൂടി നല്കണം എന്ന് മാത്രമേയുള്ളൂ.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ആധാര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല…
Fact Check By: Vasuki SResult: False
