സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

രാഷ്ട്രീയം

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍‌എസ്‌എസ് ശാഖ നടത്താന്‍ മുമ്പ് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. കെ സുധാകരന്‍ ആര്‍‌എസ്‌എസ് അനുകൂലിയാണെന്ന അഭിപ്രായങ്ങള്‍ പലരും ഇതിന് ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. 

അദ്ദേഹം ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം 

കാവി നിറത്തിലെ തുണി കൊണ്ട് തലമറച്ച കുറച്ചു ചെറുപ്പക്കാർക്ക് നടുവിൽ കെ സുധാകരൻ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അദ്ദേഹത്തിന് ചുറ്റും നിൽക്കുന്ന പ്രവർത്തകർ ആർഎസ്എസുകാര്‍  ആണ് എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “മേ ഹൂം മൂത്ത സംഘി” എന്നു നൽകിയിട്ടുണ്ട്.  

FB postarchived link

എന്നാൽ ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന പ്രവർത്തകർ അല്ലെന്നും കോൺഗ്രസുകാരാണ് അവരെന്നും വ്യക്തമായി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ കെ. സുധാകരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജയന്ത് അറിയിച്ചത് ഇങ്ങനെയാണ്: “ഒരു വർഷത്തിന് മുകളിലായി ഈ ചിത്രം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വിശദീകരണം അറിയിച്ചിരുന്നു.  ഇപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഒപ്പം നിൽക്കുന്നത് കോൺഗ്രസ് പ്രവർത്തകരാണ്. അവർ തലയില്‍ കെട്ടിയിരിക്കുന്നത് കോൺഗ്രസ് പതാകയാണ്. ആർഎസ്എസുമായി  യാതൊരു ബന്ധവുമില്ല”. 

കൂടാതെ ഞങ്ങൾക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂരിന്‍റെ ഫേസ്ബുക്ക് ഔദ്യോഗിക പേജിൽ നിന്നും ഒരു വീഡിയോ ലഭിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി അബ്ദുൽ റഷീദ് 2021 ജൂൺ 9ന് ലൈവായി നൽകിയിരിക്കുന്ന വീഡിയോയില്‍  അദ്ദേഹം വിശദീകരണം നൽകുന്നത് കെ സുധാകരനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് എതിരെയാണ്: “കാസർഗോഡ് കിനാനൂര്‍ കരിങ്ങളം പഞ്ചായത്തില്‍ വേലൂര്‍ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമീപ സ്ഥലങ്ങളായ കയ്യൂർ-ചീമേനി പഞ്ചായത്തുകളിൽ മുകളിലുള്ള ആവേശഭരിതരായ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പതാക ഈ വിധം തലയിൽ കെട്ടി ബൈക്ക് റാലി നടത്തുകയുണ്ടായി. അവർ കെ സുധാകരന്‍റെ ഒപ്പം നിന്ന് ചിത്രമെടുത്തു. അതിലൊരു ചിത്രമാണ് അദ്ദേഹം ആർഎസ്എസ് പ്രവർത്തകരുടെ കൂടെയാണ് നിൽക്കുന്നത് എന്ന മട്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്”.

വീഡിയോയിൽ അദ്ദേഹം കോൺഗ്രസ് പതാക കാണിക്കുന്നുണ്ട്.  എങ്ങനെയാണ് പതാക തലയിൽ കിട്ടിയതെന്ന് വിശദമാക്കുന്നുണ്ട്. വിശദാംശങ്ങൾക്കായി വീഡിയോ കാണുക

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആർഎസ്എസ് പ്രവർത്തകർക്കൊപ്പമല്ല,  കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ്. ചിത്രം 2021 ലേതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *