
കാലം ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം യാതൊരു കേടുംകൂടാതെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1978 മുതൽ 2005 മരിക്കുന്നതുവരെ കത്തോലിക്ക സഭയുടെ തലവനായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇപ്പോഴും ഒരു കേടും കൂടാതെ കല്ലറയിൽ സൂക്ഷിക്കപ്പെടുന്നു എന്നാണ് വാദം.
പ്രചരണം
മാർപാപ്പയുടെ മൃതശരീരം ചില്ലു പേടകത്തിൽ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 2005 ല്‍ കാലം ചെയ്ത മാർപാപ്പയുടെ ഭൗതിക ശരീരത്തിന് യാതൊരു കുഴപ്പവുമില്ല എന്നവകാശപ്പെട്ട് ഒപ്പം ഉള്ള അടിക്കുറിപ്പ് ഇങ്ങനെ: “അഴുകാത്ത വിശുദ്ധൻ..! വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ മൃതദേഹം 12 വർഷങ്ങൾക്കു ശേഷം 5/7/2023ന് പുറത്തെടുത്തപ്പോൾ അഴുകാതെ കാണപ്പെട്ടു.”
എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് മാർപാപ്പയുടെ ഭൗതികശരീരം അല്ലെന്നും മെഴുകു പ്രതിമയാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ ജോൺപോൾ മാർപാപ്പയുടെ ഭൗതികശരീരം കേടുപാടുകൾ കൂടാതെ ഇരിക്കുന്നുണ്ടോ എന്ന് അറിയാനായി വാർത്തയുടെ ഉപയോഗിച്ച് പരിശോധിച്ചു തിരഞ്ഞു നോക്കി എന്നാൽ ഈ പ്രചരണം തെറ്റാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സ്പാനിഷ് ലേഖനം ഞങ്ങൾക്ക് ലഭിച്ചു. ലേഖനം 2016 ഒക്ടോബർ 11ന് പ്രസിദ്ധീകരിച്ചതാണ് അതായത് ഈ വ്യാജ പ്രചരണം 2016 മുമ്പ് മുതല്‍ നടക്കുന്നുണ്ട് എന്ന് അനുമാനിക്കാം.
ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ: “കഴിഞ്ഞ ദിവസങ്ങളിൽ, സാമൂഹ്യ മാധ്യമങ്ങളില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുന്നത് പോലെ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. പ്രചരിക്കുന്ന ചിത്രങ്ങളുടെ കൃത്യതയെക്കുറിച്ച് ചില ഉപയോക്താക്കൾ ഇതിനകം എസിഐ പ്രെൻസയുമായി ആലോചിച്ചു.
പ്രസ്തുത ചിത്രങ്ങൾ വിശുദ്ധന്‍റെതല്ല. മറിച്ച് അന്തരിച്ച മാർപ്പാപ്പയുടെ തിരുശേഷിപ്പ് വഹിക്കുന്ന പേടകത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച, ജീവസ്സുള്ളത് പോലെയുള്ള വലുപ്പമുള്ള മെഴുക് പ്രതിമയാണ്.”
ജോൺപോൾ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ തിരുശേഷിപ്പുകൾ വിശ്വാസികൾക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് 2011 ല്‍ ഒരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“അപ്പോസ്‌തോലിക് ന്യൂൺഷിയേച്ചറിൽ നിന്ന് മരിയൻ ദൈവാലയത്തിലേക്കുള്ള യാത്ര അവസാനിപ്പിച്ച ശേഷം ഗ്വാഡലൂപ്പിലെ ബസിലിക്കയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പ് കത്തോലിക്കാ വിശ്വാസികൾ കരഘോഷത്തോടെ സ്വീകരിച്ചു.
തിരുശേഷിപ്പുകളുടെ വരവിനു ശേഷവും വിശ്വാസികൾ നിൽക്കുകയായിരുന്നു, കുർബാന ആരംഭിച്ചില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും, വിശുദ്ധന്‍റെ മെഴുക് രൂപം ഗ്വാഡലൂപ്പിലെ ബസിലിക്കയിൽ പ്രവേശിച്ചപ്പോൾ ചില സ്ത്രീകൾ കരയാൻ തുടങ്ങി.
കലശം സ്വീകരിച്ച ശേഷം, മെക്സിക്കോയിലെ പ്രൈമേറ്റ് ആർച്ച് ബിഷപ്പ് നോർബെർട്ടോ റിവേര കരേരയുടെ കുർബാന ആരംഭിക്കുന്നതിനായി ജോൺ പോൾ രണ്ടാമന്‍റെ മെഴുക് പുനരുൽപാദനം ഗ്വാഡലൂപ്പിലെ ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ സ്ഥാപിച്ചു. എന്ന് 2011 ല്‍ സ്പാനിഷ് ഭാഷയിലെ മറ്റൊരു ലേഖനം അറിയിക്കുന്നു.

നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ ഭൌതിക ശരീരമല്ല, മെഴുക് പ്രതിമയാണ്. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ച സമയത്ത് വിശ്വാസികള്‍ക്കായി തിരുശേഷിപ്പുകളുടെ ദര്‍ശനത്തിന് വിവിധ രൂപതകളില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലുള്ള ദൃശ്യങ്ങളാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:കാലംചെയ്ത ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ അഴുകാത്ത ശരീരം കല്ലറയില്‍- ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ മെഴുക് പ്രതിമയുടേത്…
Written By: Vasuki SResult: Misleading
