മുസ്‌ലിം ലീഗ് കോൺഗ്രസ്സ് നിർദേശ പ്രകാരം അവരുടെ പച്ചക്കൊടി മാറ്റിയോ..?

രാഷ്ട്രീയം

വിവരണം

archived link
cheguevara Army FB post

“നട്ടെല്ല് പണയം വച്ച് ലീഗ് ബിജെപിയുടെ മുന്നിൽ മുട്ട് വിറച്ച കോൺഗ്രസ്സിന്‍റെ വാക്കു കേട്ട് പച്ചക്കൊടി മാറ്റി മുസ്‌ലിം ലീഗ്” എന്ന അടിക്കുറിപ്പോടെ വെളുത്ത നിറമുള്ള കൊടികളേന്തി മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തുന്നു എന്ന മട്ടിൽ Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 4 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് അതിവേഗം 2000 ഷെയറുകളുമായി വൈറലായിക്കൊണ്ടിരിക്കുന്നു. വാട്ട്സ് ആപ്പ്‌  പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ലീഗ് കൊടിയുടെ നിറം മാറ്റുന്നു എന്നും പച്ചക്കൊടി ഇനി മുതൽ ഉപയോഗിക്കുന്നില്ല എന്നും വിവിധ തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

നമുക്ക് ഈ പ്രചരണങ്ങളുടെ പിന്നിലെ വസ്തുത എന്താണെന്ന് നമുക്ക് തിരഞ്ഞു നോക്കാം

വസ്തുതാ പരിശോധന

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞങ്ങൾ സമഗ്രമായി പരിശോധിച്ചു. ചിത്രത്തിൽ  വെളുത്ത നിറമുള്ള പതാക കാണുന്നുണ്ട്. കൂടുതൽ ശ്രദ്ധ കിട്ടാൻ പതാകകൾ ചുവന്ന വൃത്തത്തിലാക്കിയിട്ടുണ്ട്. ഈ പതാകയുടെ എന്തെങ്കിലും വിവരങ്ങൾ കിട്ടുമോ എന്ന് നമുക്ക് നോക്കാം. പതാക ശ്രദ്ധിച്ചാൽ അതിൽ ഗ്രീൻ ആർമി എന്ന് ആലേഖനം ചെയ്‌തിട്ടുണ്ട് എന്ന് കാണാൻ കഴിയും അതോടൊപ്പം ഒരു സ്ഥലപ്പേരുമുണ്ട്. ഒന്നുകൂടി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അത് കോടങ്ങാട് എന്നാണെന്നു വ്യക്തമാകും. ഗ്രീൻ ആർമി കോടങ്ങാട് എന്ന് ആലേഖനം ചെയ്ത കൊടിയിൽ ഒരു വ്യക്തിയുടെ ചിത്രം പതിച്ചിട്ടുണ്ട്. പക്ഷെ ആരുടേതാണെന്ന് വ്യക്തമാകുന്നില്ല. ഞങ്ങൾ ഗൂഗിളിൽ ഗ്രീൻ ആർമി കോടങ്ങാട് എന്ന് തിരഞ്ഞു നോക്കി. അവിടെ ഗ്രീൻ ആർമിയെപ്പറ്റി പരാമർശമുണ്ടെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഫേസ്‌ബുക്കിൽ തിരഞ്ഞു. അവിടെ ഗ്രീൻ ആർമിയുടേതായി ഒരു പേജ് കണ്ടെത്താൻ കഴിഞ്ഞു.  അതിന്‍റെ സ്‌ക്രീൻ ഷോട്ട് താഴെ നൽകുന്നു:

മുസ്‌ലിം ലീഗിന്‍റെ ഒരു പോഷക സംഘടനയാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ” മുസ്ലിം ലീഗിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട പ്രസംഗം, വാർത്തകൾ എന്നിവ സൊസിൽ മീഡിയയിൽ കൈകാര്യം ചെയ്യാനും വേണ്ടിയുള്ള അനൗദ്യോഗിക വേദി” എന്ന് പേജിൽ വിവരണം നല്കിയിട്ടുണ്ട്. ഗ്രീൻ ആർമി അംഗമായ സജീർ കോടങ്ങാട് എന്ന വ്യക്തി സംഘടനയുടെ ഔദ്യോഗിക ഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു. അതിൽ പ്രസ്തുത പതാക വ്യക്തമായി കാണാം.

archived link
sajeer.kodangad FB post

കൊടിയിലുള്ള ചിത്രം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ശിഹാബലി തങ്ങളുടേതാണ്.  ഈ കൊടി ഗ്രീൻ ആർമി എന്ന മുസ്‌ലിം ലീഗിന്‍റെ പോഷക  സംഘടനയുടേതാണ്. വീഡിയോയിൽ നിന്നുമുള്ള രണ്ടു മൂന്ന് സ്‌ക്രീൻ ഷോട്ട് താഴെ നൽകുന്നു.

മുസ്‌ലിം ലീഗിന്റേത് പഴയ പച്ച നിറത്തിലുള്ള കൊടി തന്നെയാണ്.

കൂടാതെ ഞങ്ങൾ മുസ്‌ലിം ലീഗ്  സംസ്ഥാന സെക്രട്ടറിമാരിലൊരാളായ റ്റി .എം. സാലിമിനെ വിളിച്ചിരുന്നു.

അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “ വാർത്ത തീർത്തും തെറ്റാണ്. സോഷ്യൽ  മീഡിയയിൽ  ഇങ്ങനെ നിരവധി വാർത്തകൾ വരുന്നതായി അറിയുന്നുണ്ട്. പ്രവർത്തകർക്ക് അതിൽ അമർഷമുണ്ട്. ആരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല.  ഞങ്ങളുടെ കൊടി മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.” ഇതിൽ നിന്നും ഈ വാർത്ത തീർത്തും തെറ്റാണ് എന്ന് നമുക്ക് അനുമാനിക്കാം.

നിഗമനം

ഈ പോസ്റ്റ് തെറ്റായ കാര്യം പ്രചരിപ്പിക്കുകയാണ്. മുസ്‌ലിം ലീഗ് അവരുടെ കൊടി  മാറ്റിയിട്ടില്ല. ചിത്രത്തിൽ കാണുന്ന വെളുത്ത നിറത്തിലുള്ള കൊടി ഗ്രീൻ ആർമി എന്ന സംഘടനയുടേതാണ്. അല്ലാതെ മുസ്‌ലിം ലീഗ്  അവരുടെ കൊടിയുടെ നിറം മാറ്റിയതല്ല. തെറ്റായ ഈ വാർത്ത മാന്യ വായനക്കാർ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:മുസ്‌ലിം ലീഗ് കോൺഗ്രസ്സ് നിർദേശ പ്രകാരം അവരുടെ പച്ചക്കൊടി മാറ്റിയോ..?

Fact Check By: Deepa M 

Result: False

 • 8
 •  
 •  
 •  
 •  
 •  
 •  
 •  
  8
  Shares