കർണാടക ഹിജാബ് വിവാദം: തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുമായി ജെഡിഎസ് അംഗം നജ്മ നസീറിന്‍റെ ചിത്രങ്ങൾ വൈറല്‍…

രാഷ്ട്രീയം സാമൂഹികം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന യൂണിഫോം ധരിക്കണമെന്നും മതാചാര പ്രകാരമുള്ള ഹിജാബുകള്‍ കാമ്പസിനുള്ളില്‍ പാടില്ല എന്നും കർണാടകയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ഇതിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നതിന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിലക്ക് ഏര്‍പ്പെടുത്തി. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, കർണാടകയിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ ഹിന്ദു വിദ്യാര്‍ഥി സംഘടനകള്‍ എതിർ പ്രതിഷേധം നടത്തുകയാണ്.

പ്രചരണം 

വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു വിദ്യാര്‍ഥിനിയുടെ വിവിധ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. കോളേജില്‍ വരുമ്പോള്‍ വിവാദം സൃഷ്ടിക്കാന്‍ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടി പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ പാശ്ചാത്യ വസ്ത്ര ധാരണ രീതി പിന്തുടരുന്നവളാണ് എന്ന് വാദിച്ചാണ് വിവിധ ചിത്രങ്ങള്‍ – ഹിജാബ് ധരിച്ചും അല്ലാതെയും നല്‍കിയിട്ടുള്ളത്. വിദ്യാര്‍ഥിനി സാധാരണയായി ഹിജാബ് ധരിക്കാറില്ല, മറിച്ച് അത് കോളേജിൽ ധരിക്കുന്നത് ഒരു ‘അജണ്ട’ ഉയർത്താൻ വേണ്ടിയാണെന്ന്  അവകാശപ്പെട്ട് പോസ്റ്റില്‍ നല്കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇതേ പെൺകുട്ടി തന്നെയാണ്സ്കൂളിൽ ബുർഖയിൽ പോയി ക്യാമറയ്ക്ക് മുന്നിൽ മതമുദ്രാവാക്യം വിളിച്ച് കുപ്രശസ്തയായതും ചില രാഷ്ട്രീയ കുഴലൂത്തുകാരുടെ  ഹീറോയിനിയായി മാറിയതും…🤔

മതവിശ്വാസംപിന്തുടർന്നതിന് യു പി യിലെ മൗലാന 5ലക്ഷംരൂപ പാരിതോഷികം നൽകിയതും…😔

ബുർഖയും, ഹിജാബും സ്കൂളിൽ മാത്രമേ ആവശ്യമുള്ളു, പുറത്ത് കീറിപ്പോയ ജീൻസും ടീ ഷർട്ടും, മറ്റു ഫാഷൻ വസ്ത്രങ്ങളും  ഉപോയിഗിക്കാം…🙄

മതം സ്കൂളിൽ മാത്രമേ നടപ്പിലാക്കു… ജീവിതത്തിൽ അത്‌ ബാധകമല്ല…?

ഇതിനെ ഗൂഢാലോചന എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്…🤭”

archived linkFB post

പലരും ഇത്തരം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങള്‍ പ്രചരണത്തെ  കുറിച്ച് അന്വേഷിച്ചപ്പോള്‍ നജ്മ നസീര്‍ എന്ന മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് എന്നു തെളിഞ്ഞു.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ജനതാ ദല്‍ (മതേതരം) പാര്‍ട്ടി അംഗമായ നജ്മ നസീര്‍  എന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലഭിച്ചു. പോസ്റ്റില്‍ നല്കിയിരിക്കുന്ന വിവിധ ചിത്രങ്ങള്‍ നജ്മയുടെ ഫേസ്ബുക്ക് ആല്‍ബത്തില്‍ കാണാം. 

ഇത് കൂടാതെ തന്‍റെ ചിത്രങ്ങള്‍ തെറ്റിദ്ധാരണ പരത്തി വൈറലായപ്പോള്‍ ആള്‍ട്ട് ന്യൂസ് എന്ന വസ്തുതാ അന്വേഷണ സ്ഥാപനം നടത്തിയ ഫാക്റ്റ് ചെക്ക് ലേഖനം നജ്മ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

കൂടാതെ ഞങ്ങളുടെ പ്രതിനിധി നജ്മയുമായി സംസാരിച്ചിരുന്നു: “മാണ്ഡ്യയിലെ പിഇഎസ് കോളേജിൽ നിന്നും വൈറലായ ചിത്രത്തിലെ  ഹിജാബ് ധരിച്ച പെൺകുട്ടിയല്ല ഞാൻ. എന്‍റെ പേര് നജ്മ നസീർ, ഞാൻ ഒരു ആക്ടിവിസ്റ്റാണ്, നിലവിൽ ജനതാദൾ സെക്യുലര്‍ കമ്മിറ്റിയിലെ നിരീക്ഷകയാണ്. നേരത്തെ സിഎഎ വിരുദ്ധ അല്ലെങ്കിൽ എൻആർസി വിരുദ്ധ സമരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഹിജാബ്-റോ സംഭവത്തിൽ ഇത്തവണയും ഞാൻ പങ്കെടുത്തു. എന്‍റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയ ജീവിതം നശിപ്പിക്കാനും ആളുകൾ എന്‍റെ ഫോട്ടോകൾ ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയയില്‍ എന്‍റെ ചിത്രം ഉപയോഗിച്ച് പ്രചരിക്കുന്ന അവകാശവാദങ്ങളെല്ലാം തെറ്റാണ്.”

കോളേജ് കാമ്പസില്‍ ഹിജാബിന് വേണ്ടി വാദിച്ച് മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥിനിയുടെ പേര് മുസ്കാന്‍ ഖാന്‍ എന്നാണ്. പല ദേശീയ മാധ്യമങ്ങളും മുസ്കാന്‍റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തയില്‍ ഉപയോഗിച്ചിട്ടുണ്ട്. 

എന്‍ഡിടിവി വാര്‍ത്തയില്‍ നല്കിയത് ഇങ്ങനെ: “കർണാടകയിലെ മാണ്ഡ്യ കോളേജിൽ കാവി ഷോള്‍ ധരിച്ച ഒരു വലിയ കൂട്ടം വിദ്യാര്‍ഥികള്‍ക്ക് നേരെ ഒറ്റയ്ക്ക് എതിര്‍ത്തുനിന്ന ഹിജാബ് ധരിച്ച വിദ്യാർത്ഥി മുസ്‌കാൻ,  അവരെ ഒറ്റയ്ക്ക് നേരിടുന്നതിൽ വിഷമമില്ലെന്നും ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്നത് തുടരുമെന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഏറ്റുമുട്ടലിൽ, കാവി ഷോള്‍  ധരിച്ച് മുദ്രാവാക്യം വിളിക്കുന്ന യുവാക്കൾ മുസ്‌കനെ പരിഹസിച്ചു, പക്ഷേ അവൾ മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ അവര്‍ക്ക് നേരെ എതിര്‍ത്തു നിന്നു…”

പോസ്റ്റിലെ ചിത്രങ്ങളില്‍ കാണുന്നത് കര്‍ണ്ണാടകയിലെ നജ്മ നസീര്‍ എന്ന ജനതാ ദല്‍ പ്രവര്‍ത്തകയുടെ ചിത്രമാണ്. വൈറല്‍ ചിത്രത്തിലെ ഹിജാബ് ധരിച്ച വിദ്യാര്‍ഥിയുടെ  പേര് മുസ്കാന്‍ ഖാന്‍ എന്നാണ്. രണ്ടും രണ്ടു വ്യക്തികളാണ്. 

നിഗമനം 

പോസ്റ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വാദം തെറ്റാണ്. ചിത്രങ്ങള്‍ നജ്മ നസീര്‍ എന്നൊരു രാഷ്ട്രീയ പ്രവര്‍ത്തകയുടേതാണ്. വൈറല്‍ ചിത്രത്തിലുള്ള ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയുടെ പേര് മുസ്കാന്‍ ഖാന്‍ എന്നാണ്. രണ്ടു പേരും രണ്ടു വ്യക്തികളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കർണാടക ഹിജാബ് വിവാദം: തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുമായി ജെഡിഎസ് അംഗം നജ്മ നസീറിന്‍റെ ചിത്രങ്ങൾ വൈറല്‍…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •