
പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി.
ഇതിനിടെ കേരളത്തിലും പത്താൻ സിനിമയെ പ്രദർശിപ്പിക്കാൻ ബിജെപി അനുവദിക്കില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടർ ടിവിയുടെ വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

“ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും ഈ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല, ഹൈന്ദവൻറെ അഭിമാനം കൊണ്ട് അങ്ങനെ ആർക്കും കോണകമുടുക്കാമെന്ന് കരുതണ്ട: കെ സുരേന്ദ്രൻ.” എന്ന തലക്കെട്ടോടെ റിപ്പോർട്ടർ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വാർത്തയുടെ സ്ക്രീൻഷോട്ട് നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഫാസിസം ഈ രീതിയിൽ ജെട്ടിയിൽ വെളിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.ചിരിക്കണോ കരയണോദൈവമേ ദൈവമേ ഞങ്ങളെ കാപ്പാത്ത് കൂടെ പദുക്കോണിന്റെ ജെട്ടിയേയും കാപ്പാത്ത് ”
എന്നാൽ ഈ വാർത്ത സത്യമാണോ ഇല്ലയോ നമുക്ക് പരിശോധിക്കാം.
വസ്തുത ഇങ്ങനെ
കെ. സുരേന്ദ്രൻ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തിയോ എന്ന് അറിയാൻ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അന്വേഷിച്ചു. പക്ഷെ ഇത്തരത്തിലൊരു വാർത്ത എവിടെയും കണ്ടെത്തിയില്ല. ഞങ്ങൾ റിപ്പോർട്ടർ ന്യൂസ് വെബ്സൈറ്റിലും പരിശോധിച്ചു. പക്ഷെ അവിടെയും ഇത്തരമൊരു വാർത്തയുണ്ടായിരുന്നില്ല.
ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ബന്ധപെട്ടു. ഈ വാർത്ത വ്യാജമാണെന്നും അദ്ദേഹം ഇത്തരത്തിൽ യാതൊരു പരാമർശം നടത്തിയിട്ടില്ല എന്നും അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
തുടർന്ന് ഞങ്ങൾ റിപ്പോർട്ടർ ചാനാലുമായി ബന്ധപെട്ടു. ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ടർ ചാനല്‍ എവിടെയും കൊടുത്തിട്ടില്ല എന്ന് ചാനലിലെ സീനിയർ റിപോർട്ടറും ബ്യൂറോ ചീഫുമായ ആർ.അനുരാജ് ഞങ്ങളോട് വ്യക്തമാക്കി. ഈ വാർത്ത ഞങ്ങളുടെ സ്ക്രീൻഷോട്ട് മോർഫ് ചെയ്ത് ഉണ്ടാക്കിയതാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു.
നിഗമനം
ഷാറൂഖ് ഖാനും ദീപിക പാദുക്കോണിൻറെ സിനിമ പത്താനിനെ കുറിച്ച് കെ. സുരേന്ദ്രൻ ഇത്തരത്തിൽ പരാമർശം നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ടറും പ്രസിദ്ധികരിച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. അതിനാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഈ പ്രചാരണം തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഷാരുഖ് ഖാൻറെ പത്താൻ സിനിമയെ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടില്ല…
Fact Check By: Mukundan KResult: Altered
