അവയവ മാഫിയ കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്…

ദേശീയം സാമൂഹികം

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  കാണാതാകുന്ന കുട്ടിക്കായി സമൂഹം ഒറ്റക്കെട്ടായി തിരച്ചില്‍  നടത്തുന്നതിനും കുട്ടിയെ പറ്റി ചിലപ്പോള്‍ ചില സൂചനകള്‍  ലഭിക്കുന്നതിനും ഇത് പ്രയോജനകരമാകാറുണ്ട്. മുന്നറിയിപ്പ് എന്ന നിലയില്‍ സമൂഹമാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് വേണ്ടതിലേറെ പിന്തുണ നല്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

കഴുത്തിനു താഴോട്ട് വയര്‍ ഭാഗം വരെ സർജറി ചെയ്തത് പോലെയുള്ള നീളന്‍  പാടുകളുള്ള  ചെറിയ കുട്ടികളുടെ മൂന്നു നാല് മൃതദേഹങ്ങൾ കാണാം. അലമുറയിട്ട് കരയുന്ന ബന്ധുക്കളെയും വീഡിയോയില്‍ കാണാം. “വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഒരു തമിഴ്നാട് സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ കുഞ്ഞുങ്ങളെ കീറി കിഡ്നി കണ്ണ് ലിവർ മറ്റ് അവയവങ്ങൾ ഓരോന്നായി ഭരണിയിൽ സൂക്ഷിക്കുകയായിരുന്നു ഒരു ഭയാനകമായ കാഴ്ചയായിരുന്നു പോലീസിന് കാണാൻ കഴിഞ്ഞത് ഈ കൃത്യം ചെയ്യുമ്പോൾ ഒരു കുഞ്ഞു മരിച്ചിട്ട് പോലും ഇല്ലായിരുന്നു ഇത്രയും പൈശാചികമായ ഒരു ക്രൂരകൃത്യം ഇന്നുവരെ തമിഴ്നാട് പോലീസിന് കാണാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ എല്ലാവരും നമ്മളുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നമ്മൾ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുക ജാഗ്രത പാലിക്കുക” എന്ന വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത്. 

instagramarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ  ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ എന്ന് സൂചിപ്പിക്കുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകൾ ഞങ്ങൾക്ക് ലഭിച്ചു. 

2022 ജൂലൈ 17 ന് സഹദേവ് കസ്വാൻ എന്ന രാജസ്ഥാനില്‍ നിന്നുള്ള  രാഷ്ട്രീയ പ്രവര്‍ത്തകന്‍ അധികൃതരുടെ കെടുകാര്യസ്ഥതയെ അപലപിച്ച് പങ്കുവച്ച പോസ്റ്റിൽ മരിച്ച കുട്ടികളുടെ സമാന ദൃശ്യങ്ങൾ കാണിക്കുന്ന ചിത്രങ്ങളുണ്ട്. നാല് കുട്ടികൾ ഡ്രെയിനേജിനായി ഉണ്ടാക്കിയ കുഴിയില്‍ വീണാണ് മരിച്ചതെന്ന് കാണിച്ചാണ് സഹദേവ് കസ്വാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ചില മാധ്യമങ്ങള്‍ സംഭവത്തെ പറ്റി നല്കിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. “രാജസ്ഥാനിലെ നാഗോറില്‍ മാലിന്യം തള്ളാൻ മുനിസിപ്പൽ കൗൺസിൽ നിർമിച്ച വെള്ളം നിറഞ്ഞ കുഴികളിൽ മുങ്ങി നാലു കുട്ടികൾ മരിച്ചു. വിവരമറിഞ്ഞയുടൻ നാഗൗർ കോട്‌വാലി പോലീസ് സ്ഥലത്തെത്തി, മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നാലു കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാഗോർ പോലീസ് സൂപ്രണ്ട് രാമമൂർത്തി ജോഷി, അഡീഷനൽ എസ്പി രാജേഷ് മീണ എന്നിവരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

നഗരത്തിലെ പവർ ഹൗസിനു മുന്നിലെ വയലിലാണ്  മാലിന്യം നിക്ഷേപിക്കാന്‍ കുഴിയെടുത്തത്. സ്റ്റേഡിയത്തിന് മുന്നിലെ സതിയ ബസ്തിയിലെ  കുട്ടികളാണ് മരിച്ചതെന്ന് നാഗോർ പോലീസ് സൂപ്രണ്ട് രാമമൂർത്തി ജോഷി പറഞ്ഞു. അതിൽ 2 ആൺകുട്ടികളും 2 പെൺകുട്ടികളും ഉണ്ടായിരുന്നു. നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മാലിന്യം തള്ളുന്നതിനായി നിർമിച്ച കുഴികളില്‍ മഴ പെയ്തതോടെ വെള്ളം നിറഞ്ഞു. കളിച്ചുകൊണ്ടിരിക്കെ മുങ്ങിയാണ് നാലുപേരും മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.”

സമാന റിപ്പോര്‍ട്ടുകള്‍ മറ്റ് മാധ്യമങ്ങളും നല്കിയിട്ടുണ്ട്. 

പ്രചരിക്കുന്ന വീഡിയോ ആരെങ്കിലും മോര്‍ച്ചറിക്ക് സമീപത്ത് നിന്നും  പകര്‍ത്തിയതാകാം എന്നു അനുമാനിക്കുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന ദൃശ്യങ്ങളായതിനാല്‍ മാധ്യമങ്ങള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൊടുക്കാന്‍ പരിമിതിയുണ്ട്.  

ഈ വീഡിയോ എപ്പോൾ എവിടെയാണ് ചിത്രീകരിച്ചതെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല. കുട്ടികളുടെ മൃതദേഹങ്ങളില്‍  ‘Y’ ആകൃതിയിലുള്ള മുറിവുണ്ട്, കൂടാതെ തുന്നലുകൾ (സർജിക്കൽ ത്രെഡുകൾ) പോലും ദൃശ്യമാണ്. പോസ്റ്റിലെ വിവരണത്തില്‍ ആരോപിക്കുന്നത് പോലെ ‘വൃക്ക മാറ്റിവയ്ക്കൽ’ സമയത്ത് അത്തരം മുറിവുകൾ ഉണ്ടാകില്ല എന്നാണ്  മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന  മെഡിക്കൽ പ്രാക്ടീഷണർമാര്‍ ഞങ്ങളെ അറിയിച്ചത്. ഓട്ടോപ്സി സമയത്ത് ഉണ്ടാക്കുന്ന തരം മുറിവുകളാണിത്. അതായത് ദൃശ്യങ്ങളില്‍ കാണുന്ന കുട്ടികള്‍ മരിച്ചത് അവയവങ്ങള്‍ കവര്‍ന്ന് എടുക്കപ്പെട്ടത് കൊണ്ടല്ല.  ഡ്രെയിനേജ് കുഴിയില്‍ വീണാണ്. 

മാത്രമല്ല, അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് കർശനമായ അവയവദാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അവയവദാനത്തിന് പാലിക്കേണ്ട നടപടിക്രമങ്ങൾ മനസിലാക്കാൻ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന വിഭാഗമായ മൃതസഞ്ജീവനിയുമായി    ബന്ധപ്പെട്ടിരുന്നു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “രജിസ്റ്റർ ചെയ്ത ആശുപത്രികളിലെ രോഗികളിൽ നിന്ന് മാത്രമേ അവയവങ്ങൾ സ്വീകരിക്കാൻ കഴിയൂ. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് യോഗ്യമാണെന്ന് കണക്കാക്കുന്നതിന് നാല് റൗണ്ട് നിര്‍ണ്ണയം നടത്തിയ ശേഷമാണ് അംഗീകാരം നൽകുന്നത്. കേരളത്തില്‍ അവയവദാന സേവനം ഉപയോഗിക്കണമെങ്കില്‍ കേരള സര്‍ക്കാരിന്‍റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലാതെ ഇവിടെ അവയവദാനം നടക്കില്ല. 

നാല്-ആറ് മണിക്കൂറിനുള്ളിൽ ഹൃദയങ്ങൾ മാറ്റിവെക്കേണ്ടിവരും. കരളും വൃക്കകളും എട്ട് മണിക്കൂറിനുള്ളിൽ മാറ്റിവയ്ക്കണം, രജിസ്റ്റർ ചെയ്ത ആശുപത്രികളിലൂടെ മാത്രമേ അവയവം മാറ്റിവെക്കല്‍ സാധ്യമാകൂ. പരിചയ സമ്പന്നനായ ഡോക്ടറാണ് അവയവങ്ങള്‍ ഒരാളില്‍ നിന്ന് കേടുപാട്ടാതെ പുറത്തെടുക്കുന്നതും അതുപോലെ മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുന്നതും.  ദാതാവ് രജിസ്റ്റർ ചെയ്യാത്ത ആശുപത്രിയിലാണെങ്കിൽ, അവയവം വീണ്ടെടുക്കുന്നതിനായി അവരെ രജിസ്റ്റർ ചെയ്ത ഒന്നിലേക്ക് മാറ്റും. രോഗിയെ മാറ്റാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, സർക്കാരിന്‍റെ അനുമതിയോടെ, അതേ ആശുപത്രി താൽക്കാലിക കേന്ദ്രമാക്കി മാറ്റുന്നു,”

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലെ കുട്ടികളുടെ മൃതദേഹങ്ങള്‍ അവയവ കച്ചവട മാഫിയ സംഘത്തില്‍ നിന്നും പിടിച്ചെടുത്തതല്ല. 2022 ജൂലൈയില്‍ രാജസ്ഥാനിലെ നാഗോറില്‍ മാലിന്യം നിക്ഷേപിക്കാന്‍ നിര്‍മ്മിച്ച കുഴിയില്‍ വീണ് മരിച്ച കുട്ടികളാണിത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അവയവ മാഫിയ കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്…

Fact Check By: Vasuki S 

Result: False