യഥാർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

രാഷ്ട്രീയം | Politics

വിവരണം

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  വെറും 11 മണിക്കൂറുകൾ കൊണ്ട് 300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കൊങ്ങി മൂരികള്‍ക്ക്

കണ്ടം റെഡിയാണ് ..ഇത് ഇനം വേറെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കിയ പാര്‍ട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ ലാല്‍സലാം സഖാക്കളെ ??” എന്ന അടിക്കുറിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മകൻ ബിനീഷ് കൊടിയേരിയുടെയും ചിത്രങ്ങളും ” ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞാൽ കുട്ടിയെ ഏറ്റെടുക്കാൻ മടിയില്ല സഖാവ് കോടിയേരി …കയ്യടിക്കേണ്ട നിലപാട് .. ലാൽസലാം സഖാവെ ..” എന്ന വാചകങ്ങളുമാണ് പോസ്റ്റിലുള്ളത്.

archived FB post

ബീഹാറുകാരിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പ്രമുഖ വാർത്താ  മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. കേസ് വ്യാജമാണെന്ന് ബിനോയ് മറ്റൊരു പരാതി സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ഈ അവസരത്തിൽ കോടിയേരി ബാലകൃഷ്ണൻ  അവകാശപ്പെടുന്നത് പോലെ ഒരു പ്രസ്താവന നടത്തിയോ.. ? നമുക്ക് അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചു എന്ന ആരോപണവുമായി ബീഹാറുകാരിയായ യുവതി പോലീസിനെ സമീപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്തയുടെ കൂടുതൽ വായനയ്ക്ക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക

archived linkmanoramaonline
archived linkmanoramanews

പാർട്ടിയിലുള്ള ആരും പ്രശ്നത്തിൽ ഇടപെടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞതായി സമയം എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്ത താഴെ വായിക്കാം

archived linkmalayalam  samayam

ഞങ്ങൾ ഇതേ  വാർത്ത പ്രാദേശിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. കൂടാതെ കോടിയേരി ബാലകൃഷ്ണന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഞങ്ങൾ പരിശോധിച്ച് നോക്കി. എന്നാൽ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തിയതായി കാണാൻ കഴിഞ്ഞില്ല. മറ്റൊരിടത്തും ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ നിർഭാഗ്യവശാൽ  അദ്ദേഹത്തെ ഫോണിൽ ലഭ്യമായില്ല. തുടർന്ന് ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററുമായി ബന്ധപ്പെട്ടു. അവിടെ പാർട്ടി ഓഫീസ് സെക്രട്ടറി സജീവനുമായി സംസാരിച്ചു. അദ്ദേഹം പോസ്റ്റ് പരിശോധിക്കാൻ അല്പം സാവകാശം ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയതേ പോസ്റ്റിൽ ആരോപിക്കുന്ന കാര്യം തീർത്തും വ്യാജമാണ് എന്നാണ് ” കോടിയേരി സഖാവ് അങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഈ പേജിന്  പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കോടിയേരി മാത്രമല്ല ആരും ഇതിനെതിരെ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ അവകാശപ്പെടുന്ന കാര്യം തെറ്റാണ് എന്നാണ്. കോടിയേരി ബാലകൃഷ്ണനിതരത്തിൽ പ്രസ്താവന നടത്തിയിട്ടില്ല എന്ന്  വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും വിശദീകരണം ലഭിച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ കോടിയേരി ബാലകൃഷ്ണന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന പ്രസ്താവന തീർത്തും വ്യാജമാണ്. അദ്ദേഹം ഇത്തരത്തിൽ യാതൊരു പ്രസ്താവനകളും  നടത്തിയിട്ടില്ല. അതിനാൽ പ്രീയ വായനക്കാർ വസ്തുത മനസ്സിലാക്കാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു

ചിത്രങ്ങൾ കടപ്പാട് മനോരമഓൺലൈൻ

Avatar

Title:യഥാർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

Fact Check By: Deepa M 

Result: False