മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

സാമൂഹികം

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  

പ്രചരണം 

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ

ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ”

FB postarchived link

പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം തീർത്ഥാടകർക്ക് മാത്രമാണ് നൽകുന്നതെന്നും മറ്റു മതസ്ഥർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും സർക്കാർ നൽകുന്നില്ലെന്നും പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.  എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഈ ചിത്രം ഉപയോഗിച്ച് നടക്കുന്നത് എന്ന് ഞങ്ങലൂടെ അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇങ്ങനെ

വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ മലയാളം മാധ്യമങ്ങൾ കെഎസ്ആർടിസി നിരക്കിളവിനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ലഭിച്ചു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം കെഎസ്ആർടിസി പുതുതായി ഏറ്റെടുത്ത 140 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടുകളിൽ 30% നിരക്കിളവ് നൽകുന്നതായാണ് വാർത്ത. ഏപ്രിൽ മാസം 13, 14 തീയതികളിലാണ് വാർത്തകൾ വന്നിട്ടുള്ളത്.

സ്വകാര്യ ബസ്സുകൾ അനധികൃതമായി നടത്തുന്ന സർവീസ് തടയാനും കെഎസ്ആർടിസിയിലേക്ക് യാത്രക്കാരെ കൂടുതൽ ആകർഷിക്കാനുമാണ് സർവീസ് ആരംഭിച്ചത് എന്നാണ് വാർത്തകളിൽ കാണുന്നത്.  സ്വകാര്യബസുകൾ കുത്തകയാക്കി വെച്ച് കയ്യേറിയ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തതിന് ശേഷം സ്വകാര്യ ബസ്സുകൾ കോടതിയെ സമീപിക്കുകയും തുടര്‍ന്നും സർവീസ് നടത്താൻ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇത് കെഎസ്ആർടിസിക്ക് ബാധ്യതയായി. ഈ പ്രതിസന്ധി മറികടക്കാനാണ് 30 ശതമാനം നിരക്കിളവോടെ ചില റൂട്ടുകളിൽ യാത്ര നടത്താൻ തീരുമാനിച്ചത്. ടേക്ക് ഓവര്‍ സര്‍വീസ് എന്നാണ് ഇത്തരം സര്‍വീസിനെ വിശേഷിപ്പിക്കുന്നത്. 

തുടർന്ന് ഞങ്ങൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്  പരിശോധിച്ചപ്പോൾ കെഎസ്ആർടിസി നിരക്കിളവിനെ കുറിച്ച് നൽകിയ വിശദീകരണം ലഭിച്ചു. 

വൈറൽ ചിത്രത്തിലെ ബസ് മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതാണ്. കെഎസ്ആർടിസി നിരക്കിളവ് പ്രഖ്യാപിച്ച റൂട്ടുകളില്‍ ഒന്നാണിത്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെട്ടു അവിടെ നിന്നും ഉദ്യോഗസ്ഥൻ അറിയിച്ചത് ഇങ്ങനെയാണ്:  കെഎസ്ആർടിസി ഏതെങ്കിലും പ്രത്യേക മത വിഭാഗങ്ങൾക്ക് യാത്രാ നിരക്കിൽ യാതൊരു ഇളവും നൽകുന്നില്ല. വൈറൽ ചിത്രത്തിൽ കാണുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെഎസ്ആർടിസി സ്വകാര്യ ബസുകളുടെ ചില റൂട്ടുകൾ കൃത്യമായി പറഞ്ഞാല്‍ 233 റൂട്ടുകള്‍ ഏറ്റെടുത്ത് അവിടെ 30% നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു.  അത്തരത്തിൽ ഒരു റൂട്ട് മാത്രമാണിത്.  ഇങ്ങനെയുള്ള എല്ലാ റൂട്ടുകളിലും  ഈ 30% നിരക്കിളവ് ലഭ്യമാണ്. ഏതെങ്കിലും മത വിഭാഗത്തെ തൃപ്തിപ്പെടുത്താനായി കെഎസ്ആർടിസി ഇത്തരത്തിൽ നിരക്കിളവ് പ്രഖ്യാപിച്ചു എന്നത് വെറും വ്യാജ പ്രചരണം മാത്രമാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് . കെഎസ്ആർടിസി ഹജ്ജ് ക്യാമ്പിലേക്ക് പോകുന്ന റൂട്ടിൽ മാത്രമായി 30%  നിരക്കിളവ് നൽകിയിട്ടില്ല.  സ്വകാര്യ ബസ്സുകളുടെ ചില റൂട്ടുകൾ പിടിച്ചെടുത്ത് 23 റൂട്ടുകളിൽ 30% നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.  അതിലൊരു റൂട്ട് മാത്രമാണ് വൈറൽ ചിത്രത്തിൽ കാണുന്നത്. ഒരു മത വിഭാഗത്തിനായും കെഎസ്ആർടിസി യാത്രാ നിരക്കില്‍ ഇളവ്  പ്രഖ്യാപിച്ചിട്ടില്ല എന്ന് റീജണൽ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

Written By: Vasuki S 

Result: False