കെഎസ്ആർടിസി ബസിലെ സ്ത്രീ സംവരണം: നമ്മുടെ ധാരണകൾ തെറ്റാണോ..?

സാമൂഹികം

archived link

വിവരണം

കെഎസ്ആർടിസി യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമമുണ്ടോ…80 ശതമാനം ആളുകൾക്കും അറിയാത്ത ഉത്തരം. എന്ന തലക്കെട്ടിൽ ഒരു വാർത്ത കേരളവർത്ത എന്ന ന്യൂസ് പോർട്ടലിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിനു 11000 ഷെയറുകളായിട്ടുണ്ട്. ബസ് യാത്രയുടെ അനുഭവം ആധാരമാക്കി അധികമാർക്കും അറിയാത്ത ഒരു പൊതുനിയമം പങ്കു വെയ്ക്കുകയാണ് ലേഖകൻ. “കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണന. എന്താണ് ഈ സ്ത്രീകൾക്ക് മുൻഗണന..?” എല്ലാ യാത്രക്കാർക്കും പൊതുവായി ഉണ്ടാകുന്ന സന്ദേഹത്തിനും സംശയങ്ങൾക്കും തന്റെ സ്വന്തം പരിജ്ഞാനം ഉപയോഗിച്ച് മറുപടി നൽകുകയാണ് ലേഖകൻ. അദ്ദേഹം അങ്കമാലിയിൽ നിന്ന് കോട്ടയത്തേക്ക് നടത്തിയ ബസ് യാത്രയിൽ നേരിട്ട പ്രശ്നം മുൻനിർത്തിയാണ് നിയമവശങ്ങൾ പകർന്നു തരുന്നത്. പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.” ദീർഘ ദൂര സർവീസുകളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ബസുകളിൽ വലതുവശം മുമ്പിലായി 5  വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവിങ് സീറ്റിനു പുറകിലായി ഒരു വരി ഒഴികെ ബാക്കി നാലു വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്. അഥവാ പുരുഷന്മാർ എങ്ങാനും ഇടയ്ക്ക് ഇറങ്ങുകയാണെങ്കിൽ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാന് ആ സീറ്റിനു മുൻഗണന. ഇറങ്ങിക്കഴിഞ്ഞാണ് മുൻഗണന. …യാത്രാമധ്യേ തനിക്കു സീറ്റ് തരാൻ കണ്ടക്ടറോട് ആവശ്യപ്പെടാൻ സ്ത്രീയ്ക്ക് അനുവാദമില്ല. ഇതാണ് പോസ്റ്റിന്റെ ഉള്ളടക്കം.

സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ പുരുഷന്മാർ ഇരിക്കാൻ പാടില്ല എന്നതാണ് ഇതുവരെ മലയാളികൾ ധരിച്ചുവച്ചിരിക്കുന്നതും കേട്ട് തഴമ്പിച്ചതുമായ നിയമം. അതിനു ഇങ്ങനെ ഒരു മറുപുറമുണ്ടോ…. നമുക്ക് അന്വേഷിച്ചു നോക്കാം.  

വസ്തുതാ പരിശോധന

ലേഖകൻ പോസ്റ്റിൽ ഉന്നയിക്കുന്നത് പ്രധാനമായും 3 വാദഗതികളാണ്.

1. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നും കയറിയാൽ മാത്രമേ സ്ത്രീകൾക്ക് ആദ്യത്തെ വരി ഒഴികെയുള്ള സംവരണ സീറ്റുകൾക്ക് അവകാശമുള്ളൂ.

2. ദീർഘ ദൂര ബസുകളിൽ ഇടയ്ക്കു നിന്ന് സ്ത്രീകൾ കയറിയാൽ അവർക്കു സംവരണ സീറ്റിലിരുന്ന പുരുഷന്മാരെ എഴുന്നേൽപ്പിച്ച് സീറ്റ് ചോദിയ്ക്കാൻ അധികാരമില്ല.

3. ദീർഘ ദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാൻ പാടില്ല എന്ന് കോടതി വിധിയുണ്ട്.

ഇത്രയും കാര്യങ്ങൾ തന്റെ വായനയിൽ നിന്ന് അറിഞ്ഞതും കെഎസ്ആർടിസി യുടെ കൺട്രോൾ റൂം നമ്പറായ 0471 2463799 എന്ന നമ്പറിൽ നിന്നും ലഭ്യമായതുമാണ് എന്ന് ലേഖകൻ പറയുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി  ഞങ്ങൾ ആദ്യം ആ നമ്പറിലേയ്ക്കാണ് ബന്ധപ്പെട്ടത്. അവിടെ നിന്നും ലഭിച്ച വിവര പ്രകാരം അവർ ഇങ്ങനെ ഒരു വിവരം ആർക്കും കൈമാറിയിട്ടില്ല. ” ഇങ്ങനെ ഒരു പോസ്റ്റ് പ്രചരിക്കുന്നതായി പറഞ്ഞറിഞ്ഞു. പോസ്റ്റിലെ വിവരങ്ങൾ തീർത്തും തെറ്റാണ് . സ്ത്രീകളുടെ സീറ്റ് സ്ത്രീകൾക്ക് തന്നെയുള്ളതാണ്. എവിടെ നിന്ന് കയറിയതാണെങ്കിലും… പുരുഷന്മാർ എഴുന്നേറ്റു കൊടുക്കണം. സ്ത്രീകളുടെ അഭാവത്തിൽ മാത്രം സംവരണ സീറ്റ് ഉപയോഗിക്കാം എന്നേയുള്ളു. ഓൺലൈൻ രജിസ്ട്രഷനുള്ള ബസുകളിൽ ജനറൽ സീറ്റുകളാണുള്ളത്. അല്ലാത്ത ബസുകളിൽ സംവരണമുണ്ട്. സ്ത്രീ സംവരണ സീറ്റുകൾ സ്ത്രീകൾക്കു തന്നെയുള്ളതാണ്. ഈ പോസ്റ്റിട്ടയാൾ കോടതിവിധിയുടെയോ കെഎസ്ആർടിസി പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളുടെയോ കോപ്പി നൽകാത്തത് എന്തുകൊണ്ടാണ്..? ഞങ്ങൾ ആരോടും ഇത്തരം തെറ്റായ ഒരു വിവരം പങ്കു വച്ചിട്ടില്ല. ഇതേപ്പറ്റി മോട്ടോർ വാഹന വകുപ്പിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അവരതിന് ഫോളോ അപ്പ്  ചെയ്യുന്നുണ്ട്. അവർ അതിനു മറുപടി നൽകും എന്നാണ് അറിയുന്നത്. കൂടുതൽ കാര്യങ്ങളുണ്ടായാൽ പോലീസും ഇടപെടും. സ്‌കാനിയ പോലുള്ള ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവുണ്ട്. കോടതി ഉത്തരവല്ല. അല്ലാതെ മറ്റു ബസുകളിലില്ല. കണ്ടക്ടർമാർക്ക് ബസ് നിയമങ്ങൾ അറിയില്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മതിയായ പരിശീലനവും യാത്രാനിയമങ്ങളെക്കുറിച്ച് അറിവും സമ്പാദിച്ചാണ് ഓരോ കണ്ടക്ടർമാരും ജോലിക്കു കയറുന്നത്.”

തുടർന്ന് ഞങ്ങൾ തിരുവനന്തപുരം ട്രാൻസ്പോർട് കമ്മീഷണർ ഓഫീസുമായി ബന്ധപ്പെട്ടു. അവിടുത്തെ ഉദ്യോഗസ്‌ഥനായ അനിൽകുമാർ പറഞ്ഞത് ഇപ്രകാരമാണ്. “ഇതേക്കുറിച്ച് ആധികാരികമായി പറയേണ്ടത് കെഎസ്ആർടിസി തന്നെയാണ്. സാധാരണ ബസുകളിൽ മോട്ടോർ വാഹന നിയമമനുസരിച്ച് 25 ശതമാനം സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ഇത് ബാധകമാണ്. ദീർഘ ദൂര സർവീസുകളൊന്നും മോട്ടോർ വാഹന  വകുപ്പിന്റെ പരിധിയിൽ വരുന്നില്ല. കോർപ്പറേഷന് അവരുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇത്തരം ബസുകളുടെ കാര്യത്തിൽ അവരുടേതാണ് അന്തിമ തീരുമാനം. സ്ത്രീകൾ എന്നെഴുതിയ സീറ്റുകൾ സ്ത്രീകൾക്ക് തന്നെയുള്ളതാണ്. പുരുഷൻ ഇരിക്കുകയാണെങ്കിൽ അവർ വരുന്ന സമയത്ത് എണീറ്റ് കൊടുക്കുക. അല്ലെങ്കിൽ കണ്ടക്ടറോട് പരാതിപ്പെടാം. ” ഇതാണ് അദ്ദേഹം തന്ന വിശദീകരണം. ലേഖകന്റെ വാദഗതികൾക്കെല്ലാം വിശദീകരണം അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.

നിഗമനം

മുകളിൽ നൽകിയ അന്വേഷണ ഫലങ്ങളിൽ നിന്നും ഒരു കാര്യം അനുമാനിക്കാം. കേരളം വാർത്ത ഓൺലൈൻ ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്. ഇതിൽ പറയുന്ന പോലുള്ള നിയമങ്ങൾ നിലവിലില്ല. തെറ്റായ വാർത്തയാണിത്. കൂടുതൽ വിവരങ്ങൾക്കായി കെഎസ്ആർടിസി യുടെ തിരുവനന്തപുരത്തുള്ള ഓഫീസുമായോ ട്രാൻസ്‌പോർട് കമ്മീഷണറുടെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. വാസ്തവം മനസ്സിലാക്കാതെ മാന്യ വായനക്കാർ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

Avatar

Title:കെഎസ്ആർടിസി ബസിലെ സ്ത്രീ സംവരണം: നമ്മുടെ ധാരണകൾ തെറ്റാണോ..?

Fact Check By: Deepa M 

Result: False