ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ബഡ‍്‌വൈസറിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതായത് ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്ഥിരമായി ബിയര്‍ നിര്‍മ്മിക്കുന്ന ടാങ്കിനുള്ളില്‍ മൂത്രമൊഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയായിട്ടാണ് പ്രചരിക്കുന്ന വാര്‍ത്ത. പല പ്രമുഖ മാധ്യമങ്ങളും പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡലുകളും മറ്റുസമൂഹമാധ്യമങ്ങളുമെല്ലാം ഈ വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തു. ഫൂളിഷ് ഹ്യൂമര്‍ എന്ന വാര്‍ത്ത വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ട് വന്നതെന്ന് മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. ഇതിന്‍റെ സ്ക്രീന്‍ഷോട്ടാണ് വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

വാര്‍ത്തയുടെ പ്രസ്കത ഭാഗം-

ന്യൂസ് 18 കേരളയുടെ വാര്‍ത്ത തലക്കെട്ട് സഹിതവും ഹരിദാസ് പാലോട് എന്ന വ്യക്തി ഫെയ്‌സ്ബുക്കിലും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു-

Facebook PostArchived Link

എന്നാല്‍ ബഡ‍്‌വൈസര്‍ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നു എന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടോ? വാര്‍ത്ത പ്രചരിപ്പിച്ച ഫൂളിഷ് ഹ്യൂമര്‍ എന്ന വെബ്‌സൈറ്റ് ഒരു മാധ്യമസ്ഥാപനമാണോ? എന്താണ് ഈ വൈറല്‍ വാര്‍ത്തയുടെ പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഫൂളിഷ് ഹ്യൂമറിന്‍റെ വെബ്‌സൈറ്റ് ഞങ്ങള്‍ പരിശോധിച്ചു. ശേഷം ബഡ്‌വൈസര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സൈറ്റില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും വൈറലായ ഈ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു.

ഫൂളിഷ് ഹ്യൂമര്‍ റിപ്പോര്‍ട്ട് ഇങ്ങനെയാണ്- 

34 വയസുകാരനായ വാള്‍ട്ടര്‍ പവ്വല്‍ (സാങ്കല്‍പ്പിക നാമം) കഴിഞ്ഞ 12 വര്‍ഷമായി താന്‍ ജോലി ചെയ്തിരുന്ന ബ‍ഡ്‌വൈസര്‍ ബ്രൂവറിയില്‍ ബിയര്‍ കുപ്പികളിലാക്കുന്നതിന് തൊട്ടുമുന്‍പ് ടാങ്കില്‍ മൂത്രമൊഴിക്കുമായിരുന്നു. എന്നാല്‍ താന്‍ ഇത് എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയില്ലെ. ഇനി ഇത് തുടരില്ലെന്നും ബഡ്‌വൈസര്‍ പ്രേമികള്‍ക്ക് ബഡ്‌വൈസറിന്‍റെ തനത് രുചി ധൈര്യമായി ആസ്വദിക്കാമെന്നും വാള്‍ട്ടര്‍ പറഞ്ഞതായി ഫൂളിഷ് ഹ്യൂമര്‍ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ എന്താണ് ഫൂളിഷ് ഹ്യൂമര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍? വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് പരിശോധിച്ചതില്‍ നിന്നും ഫൂളിഷ് ഹ്യൂമര്‍ ആക്ഷേപഹാസ്യങ്ങളും ഫിക്‌ഷന്‍ അഥവ കെട്ടുകഥകള്‍ സത്യമെന്ന് തോന്നിക്കുംവിധത്തില്‍ പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമുള്ള ഒരു വെബ്‌സൈറ്റാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഈ കാര്യങ്ങള്‍ അവര്‍ തന്നെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ കഥകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഫൂളിഷ് ഹ്യൂമര്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതായത് ആക്ഷേപഹാസ്യവും കെട്ടുകഥകളും മാത്രം പങ്കുവയ്ക്കുന്ന ഒരു വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത വിശ്വസിച്ചാണ് ബ‍ഡ്‌വൈസര്‍ ബിയറിന്‍റെ പേരില്‍ ഇത്തരമൊരു വാര്‍ത്ത വ്യാപകമായി വൈറലായി പ്രചരിച്ചത്. ഇത് യാഥാര്‍ത്ഥ്യമല്ലെന്നതാണ് വസ്‌തുത.

ഫൂളിഷ് ഹ്യൂമര്‍ വെബ്‌സൈറ്റില്‍ വന്ന ബഡ്‌വൈസര്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

ഫൂളിഷ് ഹ്യൂമര്‍ അവരുടെ വെബ്‌സൈറ്റില്‍ എന്താണ് പങ്കുവയ്ക്കുന്നതെന്നതിനെ കുറിച്ച് നല്‍കിയിരിക്കുന്ന വിവരണം-

Foolish Humour WebsiteArchived Link

നിഗമനം

ആക്ഷേപഹാസ്യങ്ങളും കെട്ടുകഥകളും മാത്രം പങ്കുവയ്ക്കുന്ന വെബ്‌സൈറ്റില്‍ അത്തരത്തില്‍ പങ്കുവെച്ചരിക്കുന്ന ഒരു വാര്‍ത്ത മാത്രമാണിത്. ഇത് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമായതിനാല്‍ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False