
മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ് ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും “പ്രിയപ്പെട്ട സുഹൃത്ത് ഉമ്മൻചാണ്ടിയുടെ മകനുവേണ്ടി മമ്മൂട്ടി പുതുപ്പള്ളിയിലേക്ക്” എന്ന വാചകവും ഉൾപ്പെടുത്തിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. അതായത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനുവേണ്ടി മമ്മൂട്ടി പ്രചാരണത്തിനിറങ്ങും എന്നാണ് അവകാശപ്പെടുന്നത്.

എന്നാൽ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത അന്വേഷണം
മരണശേഷം ഉമ്മന്‍ ചാണ്ടിയുടെ ഭൌതിക ശരീരം കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടി പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ പ്രചാരണത്തിനെത്തുന്നു എന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ടോ എന്ന് അറിയാനായി ഞങ്ങള്‍ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ യാതൊരു വാർത്തയും മാധ്യമങ്ങളിൽ ഇതുവരെ വന്നിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. തുടർന്ന് ഞങ്ങൾ ചാണ്ടി ഉമ്മനുമായി അടുത്ത വൃത്തങ്ങളിൽ അന്വേഷിച്ചു. എന്നാൽ ഇതുവരെ മമ്മൂട്ടി പ്രചാരണത്തിന് എത്തും എന്ന തരത്തിൽ യാതൊരു വാർത്തയും വന്നിട്ടില്ല എന്നാണ് അവിടെ നിന്നും അറിയാൻ സാധിച്ചത്. വ്യാജ വാര്‍ത്തയാകാനാണ് സാധ്യത എന്നും വിശദീകരണം ലഭിച്ചു. തുടർന്ന് കെപിസിസി ആസ്ഥാനത്തും ഞങ്ങൾ പ്രചരണത്തെക്കുറിച്ച് അന്വേഷിച്ചു എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർക്ക് സ്ഥിരീകരിക്കാനായില്ല. പിന്നീട് ഞങ്ങൾ മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അറിയാൻ സാധിച്ചത് ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇങ്ങനെ ഒരു തീരുമാനം മമ്മൂട്ടി എടുത്തിട്ടില്ല എന്നുമാണ്.
പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. ചലച്ചിത്ര താരം മമ്മൂട്ടി പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയുടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…
Written By: Vasuki SResult: False
