സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചയാള്‍ സൈനികനല്ല, വസ്തുത അറിയൂ…

സാമൂഹികം

സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരത്തിലായതോടെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നമ്മുടെ വിരല്‍ത്തുമ്പിലെ സ്ക്രീനില്‍ കാണാം. സന്തോഷകരമായ കാര്യങ്ങള്‍ പോലെതന്നെ പല സങ്കടകരമായ കാര്യങ്ങളും ഇങ്ങനെ നമ്മളിലേയ്ക്ക് എത്തുന്നുണ്ട്. ഈയിടെ ഒരാള്‍ വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന ഒരു വീഡിയോ ഇതിനോടകം എല്ലാവരും കണ്ടുകാണും. 

പ്രചരണം 

പ്രസിദ്ധമായ ദേശഭക്തിഗാനമായ “മാ തുജ്ഝെ സലാം…” ഗാനത്തിനൊപ്പം പട്ടാളക്കാരുടെ കമഫ്ലോജ് വേഷം ധരിച്ച ഒരാള്‍ ഉല്‍സാഹത്തോടെ ചുവടുകള്‍ വയ്ക്കുന്നതും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം കുഴഞ്ഞ് വീഴുന്നതും നെഞ്ചുവേദനയെ തുടര്‍ന്നാണ്   അയാള്‍ വീണതെന്നറിയാതെ, അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിന്‍റെ ഭാഗമാണ് അതെന്ന് കരുതി കാണികള്‍ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നതും കാണാം. പിന്നീടാണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതാണെന്ന് മനസ്സിലാക്കി ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ ചുറ്റുമുള്ളവര്‍ സ്വീകരിച്ചത്. ദൌര്‍ഭാഗ്യവശാല്‍ അദ്ദേഹം മരിച്ചു പോയി എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. 

അദ്ദേഹം വിരമിച്ച പട്ടാളക്കാരനാണ് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കയ്യടി നേടിക്കൊണ്ടു മരണം

ഇന്ന് (31.5.2024) രാവിലെ ഇൻഡോറിൽ സംഭവിച്ചത്! ബൽബീർ സിംഗ് ചാബ്ര (റിട്ടയേർഡ് ആർമി) യോഗ ട്രെയിനിംഗിനിടെ കൈയിൽ ഇന്ത്യൻ പതാകയേന്തി സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോൾ സ്റ്റേജിൽ വീണ് വീരമൃത്യു വരിച്ചു. 2 മിനിട്ട് 50 ആം സെക്കൻ്റിൽ മരണം സംഭവിച്ചു . ആ സമയത്ത് അദ്ദേഹം “മാ തുജേ സലാം” എന്ന ഗാനത്തിന്റെ ഡാൻസ് സ്റ്റെപ് ചെയ്യുകയായിരുന്നു. മറ്റുള്ളവർ കൈയടിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം വീണതും ഡാൻസ് സ്റ്റെപ് ആയിരിക്കുമെന്നാണ് അവർ ധരിച്ചത് ! ജയ് ജവാൻ!! ജയ് ഹിന്ദ്!!!”

FB postarchived link

എന്നാല്‍ അദ്ദേഹം സൈനികനായിരുന്നില്ലെന്ന്  അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പല മാധ്യമങ്ങളും ഇതെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായി കണ്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഈ വീഡിയോ ദുഃഖത്തോടെ പങ്കുവച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയാഘാതം വന്നു മരിച്ച ബൽവീന്ദർ സിംഗ് ഛബ്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുണ്ട്. 

archived link

“വെള്ളിയാഴ്ച ഇൻഡോറിൽ നടന്ന യോഗാ പരിപാടിയിൽ ദേശഭക്തി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ 73 കാരനായ ബൽവീന്ദർ സിംഗ് ഛബ്ര, പ്രകടനത്തിനിടയിൽ സ്റ്റേജിൽ കുഴഞ്ഞുവീണ് ഹൃദയാഘാതം മൂലം മരിച്ചു. ഇത് പെര്‍ഫോമന്‍സിന്‍റെ  ഭാഗമാണെന്ന് വിശ്വസിച്ച് സദസ്സ്, അതേസമയം കൈയടിക്കുകയായിരുന്നു.

ഛബ്രയുടെ തൊട്ടടുത്ത് ദേശീയ പതാക നിലത്ത് വീണു. പാട്ട് തുടരുന്നതിനിടയിൽ സദസ്സിൽ നിന്ന് ആരോ അത് എടുത്ത് വീശാൻ തുടങ്ങി. “പാട്ട് അവസാനിച്ചതിന് ശേഷം, ഞങ്ങൾ ഛബ്രയെ സമീപിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി. ഞങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി, അവിടെ ECG പരിശോധനയ്ക്ക് ശേഷം, ഡോക്ടർ ഛബ്ര മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ സംശയിക്കുന്നു,” പരിപാടിയില്‍ പങ്കെടുത്ത ജെയിൻ എന്നയാള്‍ പറഞ്ഞു.

ആളുകൾ ആദ്യം അദ്ദേഹത്തെ ഒരു മുൻ സൈനികനായിട്ടാണ് തെറ്റിദ്ധരിച്ചത്. യോഗാ കേന്ദ്രത്തിലേക്കുള്ള ഛബ്രയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. രണ്ട് ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കാനും അവസാനമായി ഒന്ന് പാടാനും അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.

“രാവിലെ 6.20ഓടെ സുഹൃത്തുക്കളുമൊത്ത് ഛബ്ര സെന്‍ററിൽ എത്തി. ‘മാ തുജെ സലാം’ എന്ന ദേശഭക്തി ഗാനം അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം താഴെ വീണു, ഞങ്ങൾ അത് നൃത്തത്തിന്‍റെ ഭാഗമായി തെറ്റിദ്ധരിച്ചു,” ജെയിൻ പറഞ്ഞു.

ഛബ്രയുടെ മകൻ ജഗ്ജീത് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു, തന്‍റെ പിതാവ് സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. “സേനയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും ബഹുമാനവും കാലക്രമേണ വളർന്നു,” സിംഗ് പറഞ്ഞു, സ്വന്തം ട്രാൻസ്പോർട്ട് ബിസിനസിൽ നിന്ന് വിരമിച്ച ശേഷം, ഛബ്ര  സാമൂഹ്യ  പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് മകന്‍ കൂട്ടിച്ചേർത്തു.

ഛബ്രയുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് മുൻ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് 2007-ൽ ഛബ്ര ബൈപാസ് സർജറിക്ക് വിധേയയായിരുന്നു, “എന്‍റെ പിതാവിന്‍റെ ആഗ്രഹപ്രകാരം, ഇന്ന് ഉച്ചതിരിഞ്ഞ് അന്ത്യകർമങ്ങൾ നടത്തുന്നതിന് മുമ്പ് ഞങ്ങൾ അദ്ദേഹത്തിന്‍റെ കണ്ണുകളും ചർമ്മവും ദാനം ചെയ്തു.”

മരിച്ച ഛബ്ര സൈനികന്‍ ആയിരുന്നില്ലെന്ന് മറ്റ് ചില മാധ്യമങ്ങളും (archived link) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ഛബ്ര ഒടുവില്‍ പെര്‍ഫോമന്‍സ് നടത്തിയ ഇന്‍ഡോറിലെ അസ്ത യോഗ ക്രാന്തി അഭിയാൻ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ടു. യോഗ കേന്ദ്രം മാനേജറായ രാജ് കുമാര്‍ ഞങ്ങളുടെ പ്രതിനിധിയോട് വിശദീകരിച്ചത് ഇങ്ങനെ: “ഞങ്ങളുടെ യോഗ സെന്‍ററിലാണ് അദ്ദേഹം അവസാനമായി പെര്‍ഫോമന്‍സ് നടത്തിയത്. അതായത് നിങ്ങള്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ സംഭവിച്ചത് ഇവിടെയാണ്. അദ്ദേഹം മരണത്തിലേയ്ക്കാണ് പോകുന്നതെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും മനസിലായില്ല എന്നതാണു സത്യം. വൈറല്‍ വീഡിയോയില്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹം സൈനികനല്ല. അത് തെറ്റായ പ്രചരണമാണ്. സൈനികരുടേത് പോലെ വേഷം ധരിച്ച് അദ്ദേഹം പെര്‍ഫോമന്‍സ് നടത്തി എന്നു മാത്രമേയുള്ളൂ. അദ്ദേഹം സൈനികനാകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ല എന്നുമാണ് അദ്ദേഹത്തിന്‍റെ മകന്‍ പറഞ്ഞത്.”

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മരിച്ച ഛബ്രയുടെ മകന്‍ ജഗജീത് സിംഗുമായി സംസാരിച്ചു. “എന്‍റെ പിതാവിന്  2007 ലുണ്ടായ ഒരു ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ബൈപാസ് സര്‍ജറി നടത്തിയിട്ടുണ്ട്. രോഗത്തെ അതിജീവിച്ച് അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും യോഗ പരിശീലനത്തിനും മുന്നിലുണ്ടായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബിസിനസില്‍ നിന്നും ഇപ്പോള്‍ വിശ്രമ ജീവിതത്തിലായിരുന്നു. എന്‍റെ പിതാവ് സൈനികനല്ല. സൈന്യത്തില്‍ ചേരണമെന്ന് ചെറുപ്പത്തില്‍ ഒരുപാട് മോഹിച്ചിരുന്നു. സൈനികരോട് സ്നേഹവും ആരാധനയുമായിരുന്നു. പട്ടാളക്കാരുടേത് പോലുള്ള വേഷത്തില്‍ വേദിയില്‍ എത്തിയത് കൊണ്ടാകും അദ്ദേഹം സൈനികനാണെന്ന് എല്ലാരും തെറ്റിദ്ധരിച്ചത്.” 

നിഗമനം 

സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയാഘാതം മൂലം മരിച്ച ബൽവീന്ദർ സിംഗ് ഛബ്ര മുന്‍ സൈനികനായിരുന്നു എന്ന പ്രചരണം തെറ്റാണ്. അദ്ദേഹം ബിസിനസ് നടത്തുകയായിരുന്നു. സൈനികനാകാന്‍ മോഹിച്ചിരുന്ന ഛബ്ര സൈനിക വേഷത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സിന് എത്തിയപ്പോഴാണ് ഹൃദായാഘാതമുണ്ടായി മരണത്തിന് കീഴടങ്ങിയത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചയാള്‍ സൈനികനല്ല, വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: MISLEADING

Leave a Reply

Your email address will not be published. Required fields are marked *