FACT CHECK – കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞ് കയറി പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകനെ കര്‍ഷകര്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത പരിശോധിക്കാം..

രാഷ്ട്രീയം

വിവരണം

കർഷക സമരത്തിൽ നുഴഞ്ഞുകയറി “പാകിസ്ഥാൻ സിന്ദാബാദ്” വിളിച്ച ബിജെപിക്കാരൻ ഉമേഷ് സിംഗിനെ കർഷകർ പിടികൂടി പഞ്ഞിക്കിട്ട ശേഷം പോലീസിനെ ഏല്പിക്കുന്നു. എന്ന തലക്കെട്ട് നല്‍കി ഒരാളെ ജനക്കൂട്ടം നടുറോഡില്‍ മര്‍ദ്ദിച്ചു പോലീസിന് കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബിദ് അടിവാരം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 380ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ തലക്കെട്ടില്‍ നല്‍കിയിരിക്കുന്നത് പോലെ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച ബിജെപി പ്രവര്‍ത്തകനായ ഉമേഷ് സിംഗിനെ കര്‍ഷകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വാര്‍ത്ത ചാനലിന്‍റെ പേര് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ഭാരത് സമാചാര്‍ എന്ന ചാനലാണ് വീഡിയോ ഷൂട്ട് ചെയ്ത് സംപ്രേഷണം ചെയ്തിരിക്കുന്നത്. ഭാരത് സമാചാര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതതില്‍ നിന്നും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും ഡിസംബര്‍ 14ന് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഭാരത് സമാചാറിന്‍റെ ട്വീറ്റിന്‍റെ ക്യാപ്ഷന്‍ തര്‍ജ്ജിമ ഇങ്ങനെയാണ്-

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കിടയില്‍ എത്തിയതാണ് ഇയാള്‍. ഇയാള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. പിന്നീട് കര്‍ഷകര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. വീഡിയോ ഇതിനോടകം വൈറലാണ്. ഉത്തര്‍പ്രദേശ്-ഡെല്‍ഹി ബോര്‍ഡറില്‍ നടന്ന ഈ സംഭവത്തെ തുടര്‍ന്ന് അരുണ്‍ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭാരത് സമാചാറിന്‍റെ ട്വീറ്റ് ഇപ്രകാരമാണ്-

TweetArchived Tweet

ഇതോടെ അറസ്റ്റിലായ വ്യക്തിയുടെ പേര് ഉമേഷ് സിങ് അല്ലയെന്ന് വ്യക്തമായി കഴിഞ്ഞു. കൂടുതല്‍ സ്ഥിരീകരണങ്ങള്‍ക്കായും വിശദവിവരങ്ങള്‍ അറിയുവാനായും ഞങ്ങളുടെ പ്രതിനിധി സംഭവം നടന്ന യുപി-ഡെല്‍ഹി ബോര്‍ഡറിലെ ഖാസിപൂര്‍ പ്രദേശത്തെ ഘോട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) മൊഹമ്മദ് അസ്‌ലാമുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

റിപബ്ലിക് ഭാരത് ചാനലിന്‍റെ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ചില വിവാദ പരാമര്‍ശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിളിച്ച് പറയുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിന് കാരണമായ സംഭവുമണ്ടായത്. ഇതോടെ കര്‍ഷകര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ പേര് അരുണ്‍ കുമാര്‍ എന്നാണ്. ഇയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല. ഇത്തരത്തിലൊന്നും മുദ്രാവാക്യം വിളിച്ചതായും പോലീസ് കേട്ടിട്ടില്ല. വൈശാലി സുരക്ഷ ഉധ്യാന്‍ എന്ന പേരില്‍ സെക്യൂരിറ്റികളെ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണ് ഇയാള്‍. ഘാസിപൂരിലാണ് താമസമെങ്കിലും യുപിയിലെ സഹാരന്‍പൂരാണ് സ്വദേശം. (മോഹമ്മദ് അസ്‌ലാം, ഘോട പോലീസ് എസ്എച്ച്ഒ)

നിഗമനം

കര്‍ഷകര്‍ മര്‍ദ്ദിച്ച് പോലീസിന് കൈമാറിയ വീഡിയോയിലുള്ള വ്യക്തിയുടെ പേര് ഉമേഷ് സിങ് എന്ന അല്ലയെന്നും അരുണ്‍ കുമാര്‍ എന്നാണ് ഇയാളുടെ പേരെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞ് കയറി പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകനെ കര്‍ഷകര്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •