യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

അന്തര്‍ദേശിയ൦ സാമൂഹികം

വിവരണം

റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു വാര്‍ത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുക്രെയിന്‍ പ്രത്യാക്രമണം നടത്തുന്ന വീഡിയോ എന്ന പേരിലാണ് മാതൃഭൂമി ന്യൂസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുക്രെയിന്‍ പ്രത്യാക്രമണ ദൃശ്യങ്ങള്‍.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത വീഡിയോയില്‍ റഷ്യന്‍ യുദ്ധവിമാനത്തെ നിര്‍ത്താതെ വെടി ഉയര്‍ത്തി ആക്രമിക്കുന്ന യുക്രെയിന്‍ സൈന്യത്തിന്‍റെ വീഡിയോയാണിതെന്നും റഷ്യന്‍ യുദ്ധവിമാനം തലനാരിഴയ്ക്ക് അക്രമണം ഏല്‍ക്കാതെ രക്ഷപെടുന്ന ഞെട്ടിക്കുന്ന വീഡിയോ എന്ന പേരിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ റിക്കോര്‍ഡ്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റഷ്യന്‍ യുദ്ധവിമാനത്തെ യുക്രെയിന്‍ ആക്രമിക്കുന്നതിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ തന്നെയാണോ ഇത്? എന്താണ് പ്രചരിക്കുന്ന വാര്‍ത്ത വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

റഷ്യ-യുക്രെയിന്‍ തര്‍ക്കം യുദ്ധത്തില്‍ കലാശിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഫെയ്‌സ്ബുക്ക് ഗെയിമിങ് ചാനലുകള്‍ ഈ വിഷയത്തിന്‍റെ പേരില്‍ വാര്‍ ഗെയിമുകളുമായി സജീവമായി സ്ട്രീമിങ് തുടങ്ങിയിരുന്നു. യുദ്ധം ചെയ്യുന്ന ഇരുരാജ്യങ്ങളുടെയും പേരില്‍ ടീമുകളായി തിരിഞ്ഞ് വാര്‍ ഗെയിമുകള്‍ കളിക്കുന്നതും പതിവായി. ഈ ഗെയിമിന്‍റെ വിഷ്വലുകള്‍ സ്ക്രീന്‍ റിക്കോര്‍ഡ് ചെയ്ത് റഷ്യാ-യുക്രെയിന്‍ യഥാര്‍ത്ഥ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കാനും തുടങ്ങിയരുന്നു. പ്രധാനമായും അര്‍മാ 3 (Arma 3) എന്ന കംപ്യൂട്ടര്‍ ഗെയിമന്‍റെ വിഷ്വലുകളായി ഇത്തരത്തില്‍ യഥാര്‍ത്ഥ യുദ്ധ വീഡിയോ എന്ന പേരില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലിഷ് ഇതെ കുറിച്ച് ഇന്നലെ (ഫെബ്രുവരി 23)  ഫാക്ട് ചെക്ക് ചെയ്തിരുന്നു. അര്‍മ 3 എന്ന ഗെയിമിന്‍റെ വിഷ്വല്‍ ഉപയോഗിച്ച് തന്നെയായിരുന്നു ഈ പ്രചരണവും. ഇതെ ഗെയിം കാകാറോട്ട് ഗെയിമിങ്  എന്ന ഫെയ്‌സ്ബുക്ക് ഗെയിമിങ് ചാനലില്‍ സ്ട്രീം ചെയ്തതിന്‍റെ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് റഷ്യന്‍ വിമാനത്തെ യുക്രെയിന്‍ ആക്രമിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കാകാറോട്ട് ഗെയിമിങ് ചാനല്‍ സ്ട്രീം ചെയ്ത അര്‍മാ 3 (Arma 3) ഗെയിമിന്‍റെ വീഡിയോ-

മാതൃഭൂമി യഥാര്‍ത്ഥ യുദ്ധ വീഡിയോ എന്ന പേരില്‍ നല്‍കിയ വാര്‍ത്തയിലെ ദൃശ്യവും അര്‍മാ 3 ഗെയിമിന്‍റെ ദൃശ്യവും താരതമ്യം ചെയ്ത വീഡിയോ കാണാം-

നിഗമനം

അര്‍മാ 3 എന്ന കംപ്യൂട്ടര്‍ ഗെയിമന്‍റെ സ്ക്രീന്‍ റിക്കോര്‍ഡ് ചെയ്ത ദൃശ്യമാണ് യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനം ആക്രമിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •