സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു എന്നു തെറ്റായ പ്രചരണം…

പ്രാദേശികം രാഷ്ട്രീയം

മണ്ഡലകാലം സമാഗതമായതോടെ പലയിടത്തും പല സന്നദ്ധ സംഘടനകളും പതിവുപോലെ അയ്യപ്പന്മാർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്.  ആർഎസ്എസിന്‍റെ അനുബന്ധ സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ ഭക്തന്മാർക്കായുള്ള അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു എന്ന വാർത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  

പ്രചരണം

“കോട്ടയത്ത് ആർഎസ്എസ് പോഷകസംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച സംഘ പുത്രന്‍റെ പേര് അറിയാമോ സഖാക്കളെ” എന്ന വാചകങ്ങളുമായാണ് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചിത്രം നൽകിയിട്ടുള്ളത്.  പശ്ചാത്തലത്തിൽ ശബരിമല അയ്യപ്പന്‍റെ പൂമാലയിട്ട് വച്ചിരിക്കുന്ന ചിത്രം കാണാം. കൂടാതെ, “അല്ലാ ഇത് നമ്മുടെ വാസവൻ സഖാവിനെ പോലെ തന്നെ ഉണ്ടല്ലോ സഖാക്കളേ …..!” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 

archived linkFB post

എന്നാൽ ഈ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും  മന്ത്രിയുടെ ഈ ഉദ്ഘാടനച്ചടങ്ങ് സേവാഭാരതിയുടേതല്ലേന്നും  അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ മന്ത്രി വി എൻ വാസവൻ ഇതേ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ  നിന്നും നവംബർ 17 ന് പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ശബരിമല ഹെല്‍പ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണിത് എന്ന വിവരണവും നൽകിയിട്ടുണ്ട്. 

തുടർന്ന് ഞങ്ങൾ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്നും പേഴ്സണൽ സ്റ്റാഫംഗം അറിയിച്ചത് ഇങ്ങനെയാണ്: “കോട്ടയം മെഡിക്കൽ കോളേജും സംസ്ഥാന റവന്യൂ വകുപ്പും ഒത്തുചേര്‍ന്ന് നടത്തുന്ന ശബരിമല ഹെല്‍പ്പ് ഡെസ്ക്ക് മന്ത്രി ഉല്‍ഘാടനം ചെയ്യുന്ന ചിത്രമാണിത്. എല്ലാ വര്‍ഷവും ഈ ഹെല്‍പ്പ് ഡെസ്ക്ക് ഉണ്ടാകാറുണ്ട്. ഈ ഹെൽപ്പ് ഡെസ്ക് വഴി ചികിത്സ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. ശബരിമലയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് കോട്ടയം മെഡിക്കൽ കോളേജാണ്.  എന്തെങ്കിലും തരത്തിലുള്ള ചികിത്സാ സഹായം ആവശ്യമായി വന്നാൽ നല്‍കാനാണ് ഈ ഹെൽപ്പ് ഡെസ്ക്. 

നിരവധി സന്നദ്ധ സംഘടനകൾ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്.  സേവാഭാരതി, അഭയം, അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനകളെല്ലാം ഈ പദ്ധതിയിൽ എല്ലാവർഷവും പൂര്‍ണ്ണ സഹകരണം നൽകാറുണ്ട്.  രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഇവരുടെയെല്ലാം ആംബുലൻസ് ഉപയോഗിക്കാറുണ്ട്. സന്നദ്ധ  സംഘടനകളുടെ ചില പ്രതിനിധികളുടെ സാന്നിധ്യം ഉദ്ഘാടന വേളയില്‍ ഉണ്ടായിരുന്നു. അതാവാം ദുര്‍വ്യാഖ്യാനം ചെയ്തത്.  സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും മന്ത്രിക്കെതിരെ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു. മന്ത്രിയുടെ ഓഫീസില്‍ നിന്നും പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.” 

കോട്ടയം മെഡിക്കൽ കോളേജ് ഫേസ്ബുക്ക് പേജിലും ഇതേ ചിത്രവും വാര്‍ത്തയും നൽകിയിട്ടുണ്ട്.  സേവാഭാരതിയുടേതാണ് സംരംഭം എന്ന് അവർ പരാമർശിച്ചിട്ടില്ല. അതേസമയം ചില മാധ്യമങ്ങൾ ഉദ്ഘാടനത്തിനെ ചൊല്ലി വിവാദം ഉണ്ടായതായി വാർത്ത നൽകിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ കോട്ടയം സേവാഭാരതി ജില്ലാ സെക്രട്ടറി മധുവുമായി സംസാരിച്ചു: “കോട്ടയം മെഡിക്കല്‍  കോളേജിലെ സേവാഭാരതി ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിക്കുന്നത് കണ്ടു. തെറ്റായ പ്രചരണമാണ്. മെഡിക്കല്‍ കോളേജില്‍ ശബരിമല ഹെല്‍പ്പ് ഡെസ്ക്ക് വര്‍ഷങ്ങളായി നടത്തുന്നതാണ്. സേവാഭാരതി കൂടാതെ മറ്റ് ചില സേവാ സംഘടകളും പദ്ധതിക്ക് പിന്തുണയും സഹകരണവും  നല്‍കിവരുന്നുണ്ട്.  കോട്ടയം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലാണ്. അവിടുത്തെ എംഎല്‍എയാണ് മന്ത്രി വി എന്‍ വാസവന്‍. ആ നിലയ്ക്കാണ് അദ്ദേഹം പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇതിന് മുമ്പ് പ്രതിനിധികളായിരുന്ന സുരേഷ് കുറുപ്പ്, തോമസ് ചാഴിക്കാടന്‍ തുടങ്ങിയവരും മുമ്പ് ഇതേ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊരു കൂട്ടായ സേവനമാണ്. സേവാഭാരതിയുടെ പേര് തെറ്റായി ഉപയോഗിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്.” 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയം മെഡിക്കൽ കോളേജ് ശബരിമല ഉദ്ഘാടനം ചെയ്തത് പൂർണമായും സർക്കാർ തലത്തിലുള്ള ചടങ്ങായിരുന്നു. സന്നദ്ധസംഘടനകളുടെ സഹകരണവും പിന്തുണയും  ലഭിക്കുന്നുണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായിട്ടാണ് ഹെൽപ്പ് ഡെസ്ക് സേവനം നൽകുന്നത്.  സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രമാണ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നത് എന്നത് തെറ്റായ വാർത്തയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു എന്നു തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •