കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമാണ് എന്ന പ്രചരണം തെറ്റാണ്

Coronavirus ആരോഗ്യം

വിവരണം 

നരേന്ദ്രമോദി മാർച്ച് 22 ന് ജനത കർഫ്യുവിന് ആഹ്വാനം ചെയ്തതിനു പിന്നാലെ ചില  സന്ദേശങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളെ പിന്തുണയ്ക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇന്ത്യ മുഴുവൻ വളരെയധികം പേരിലേയ്ക്ക് വിവിധ ഭാഷകളിൽ എത്തപ്പെട്ട ഒരു സന്ദേശമാണ് താഴെ കൊടുത്തിലുള്ളത്. 

“21ന് രാത്രി സുഖമായി ഉറങ്ങുക, എന്ദേന്നാൽ 22ണ് 7 am മുതൽ 24 മണിക്കൂർ എങ്ങും പോകേണ്ട. 12 മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ റോഡുകളിലും, വീടിനു ചുറ്റും ഉള്ള വൈറസ് നശിച്ചുപോകും. ഇതാണ് break the circle. ദയവായി സഹകരിക്കുക. ഇതു നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. യാതൊരു രാഷ്ട്രീയ താൽപര്യങ്ങളും ഇതിൽ ആരും കാണരുത്,

*ഒരു കാര്യം കൂടി ഓർക്കുക*

കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ആണ്.

അപ്പോൾ എവിടെ എങ്കിലും പറ്റിയിരിക്കുന്ന വൈറസ് എങ്ങനെ ആയാലും 14 മണിക്കൂറിനുള്ളിൽ നശിച്ചിരിക്കും.

അതുകൊണ്ടാണ് 14 മണിക്കൂർ ആരും പുറത്തിറങ്ങി അതിനു ജീവൻ കൊടുക്കരുത് എന്ന് ഉദ്ദേശിക്കുന്നത്.

അതായത് 14 മണിക്കൂർ കഴിയുമ്പോൾ വെളിയിലെങ്ങും ഒരു വൈറസും ഇല്ലാത്ത അവസ്ഥ ഉണ്ടാകും.

ഈ രീതിയിൽ ഘട്ടം ഘട്ടമായി അതിനെ പൂർണ്ണമായി ഇല്ലാതാക്കാം

ചൈനയിൽ അങ്ങിനെ ആണ് ഇതിനെ നിയന്ത്രിച്ചത്.

അതുകൊണ്ട് എല്ലാവരും രാഷ്ട്രീയം മറന്നു സഹകരിച്ച് ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുക”

ഇത്തരത്തിൽ ഫേസ്‌ബുക്കിൽ പ്രചരിച്ച ഒരു പോസ്റ്റ് താഴെ കൊടുക്കുന്നു 

archived linkFB post

നിങ്ങളെല്ലാവരും ഇതിനോടകം ഈ സന്ദേശം കണ്ടുകാണും. ഏറെപ്പേരും ഇതിൽ നൽകിയിരിക്കുന്ന പ്രധാന കാര്യം വിശ്വസിച്ചിട്ടുമുണ്ടാകും. അതായത് 14 മണിക്കൂറിൽ കൂടുതൽ കൊറോണവൈറസിന് ആയുസ്സില്ല എന്ന കാര്യം. എന്നാൽ ഇക്കാര്യം അടിസ്ഥാനപരമായി  ശരിയല്ല. കുറച്ചുകൂടി വ്യക്തമായിപറയാം

വസ്തുതാ അന്വേഷണം 

കൊറോണ വൈറസ് വർഗ്ഗത്തിലെ കോവിഡ് 19 എന്ന ഏറെ  വിനാശകാരിയായ വൈറസാണ് ഇപ്പോൾ ലോകം മുഴുവൻ രോഗം പടർത്തിയിരിക്കുന്നത്. ഇത് ഒരു പുതിയ വൈറസായതിനാലും ഇതിനുള്ള മരുന്നിനായി ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനാലും വൈറസിനെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. എങ്കിലും വൈറസിന്‍റെ ആയുസ്സിനെ പറ്റി ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പ്രതിപാദിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം കൊറോണ വൈറസിന് പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവ പോലുള്ള ചില പ്രതലങ്ങളിൽ മൂന്ന് ദിവസം ജീവിക്കാൻ കഴിയുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, അത്തരം വസ്തുക്കളിൽ സ്പർശിക്കുന്നതിൽ നിന്ന് രോഗം വരാനുള്ള സാധ്യത ഇപ്പോഴും കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. 

ഈ വൈറസ് പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നു, 72 മണിക്കൂർ വരെ നിലനിൽക്കുന്നു. എന്നാൽ വൈറസിന്‍റെ അളവ് ഈ സമയത്ത് കുത്തനെ കുറയുന്നു. വൈറസിന് ചെമ്പിൽ പ്രവർത്തനം കുറവാണ്.  നാല് മണിക്കൂർ വരെ നിലനിന്നേക്കാം., കാര്‍ഡ് ബോര്‍ഡില്‍ ഡെലിവറി ചെയ്യുന്ന വ്യക്തി അതിൽ ഉറങ്ങുകയോ തുമ്മുകയോ അല്ലെങ്കിൽ മലിനമായ കൈകളാൽ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ കാർഡ്ബോർഡിൽ, ഇത് 24 മണിക്കൂർ വരെ നിലനിൽക്കുന്നു. അങ്ങനെ ചെയ്താല്‍ വൈറസിന്‍റെ ആയുസ്സ് വീണ്ടും കൂടും. 

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതേ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റുചില വെബ്‌സൈറ്റുകളും  റിപ്പോർട്ട് നൽകിയിട്ടുണ്ട്.

http://archive.is/wip/7gN0t

ജനത കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടത് സാമൂഹിക അകലം പാലിക്കുക എന്ന  ഏറ്റവും സുപ്രധാന കാര്യം ശീലിക്കാനായാണ്. കൊറോണവൈറസ് 14 മണിക്കൂർ കൊണ്ട് നശിക്കും എന്ന് ഈ നടപടിക്ക് അർത്ഥമില്ല. ഇത് തെറ്റായ പ്രചരണം മാത്രമാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ആറുമുതൽ 12  മണിക്കൂർ വരെ മാത്രമാണ് കൊറോണവൈറസിന് ആയുസ്സുള്ളത് എന്ന അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഇതുവരെയുള്ള പഠനങ്ങൾ പ്രകാരം കോവിഡ്19 ന്‍റെ ആയുസ്സ് വിവിധ പ്രതലങ്ങൾ അനുസരിച്ച് മൂന്നു മണിക്കൂർ മുതൽ മൂന്നു ദിവസം വരെയുണ്ട്. അതിനാൽ തെറ്റായ വാർത്തകൾ വിശ്വസിക്കാതിരിക്കുക. 

Avatar

Title:കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമാണ് എന്ന പ്രചരണം തെറ്റാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •