ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

50,000 രൂപ പിഴയിട്ടതിന്‍റെ പേരില്‍ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലകുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്രയും ഭീമമായ തുക തട്ടുകടയ്ക്ക് പിഴയിട്ടതെന്നതാണ് അവകാശവാദം. വീട്ടിലെ 4 വയറുകൾ വിശന്നിരിക്കാതിരിക്കാൻ രാപ്പകൽ തട്ടുകടയിൽ  കഷ്ടപ്പെടുന്ന ഈ അച്ഛൻ്റെ മുഖം ആണ് രാവിലെ മുതൽ മനസിൽ…50000 രൂപ ഒക്കെ തട്ട് കടയിൽ നിന്ന് ഉണ്ടാക്കുവാൻ 7 രൂപക്ക് വിൽക്കുന്ന എത്ര പൊറോട്ട വേണം സാറുമാരെ?എത്രയാളുകൾക്ക് എത്രമാസം 10 രൂപയുടെ ചായ കൊടുക്കണം..പിഴയാണ് ഉദ്ദേശമെങ്കിൽ 500 ഉം 1000 ഒക്കെ ആവാമായിരുന്നില്ലെ നിങ്ങൾക്ക്? എന്തിനാണ് ഈ പാവങ്ങളോട് ഈ ക്രൂരത ചെയ്തത് സർക്കാരിൻറെ കയ്യിൽ പണമില്ല എന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ.. എന്ന തലക്കെട്ട് നല്‍കി സുദീപ് ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 99ല്‍ അധികം റിയാക്ഷനുകളും 312ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം 50,000 രൂപ പിഴ ഈടാക്കിയിട്ടുണ്ടോ? ഈ കാരണം കൊണ്ടാണോ കുടുംബം ആത്മഹത്യ ചെയ്തത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

കീ വേര്‍ഡ് ഉപയോഗിച്ച് സംഭവത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2022 ജൂലൈ 2നാണ് ഇത്തരമൊരു സംഭവം തിരുവനന്തപുരം ആലംകോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത പരിശോധനയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്- (ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മീഷര്‍ അനില്‍ കുമാറിന്‍റെ പ്രതികരണം)

5000 രൂപ മാത്രമാണ് ഭക്ഷ്യ സുരക്ഷ വിഭാഗം തട്ടുകടയ്ക്ക് ഈടാക്കിയ പിഴ. വൃത്തിഹീനമായ സാഹചര്യമാണെന്നും ബീഫിന് പകരം പട്ടിയിറച്ചയാണ് നല്‍കിയതെന്ന സംശയത്തിന്‍റെ പേരില്‍ ഒരു വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂണ്‍ 29ന് തട്ടുകടയില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യവും പരിശോധന വേളയില്‍ ലൈസന്‍സ് ഹാജരാക്കാത്തതിനാലും തുടങ്ങിയ പത്തോളം ന്യൂനതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടുകടയ്ക്ക് പൂട്ട് ഇടുകയും നോട്ടീസ് നല്‍കുകയും പിഴ അടയ്ക്കാന്‍ മൂന്ന് ദിവസം സമയം നല്‍കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം അതായത് ജൂണ്‍ 30ന് ഉച്ചയ്ക്ക് ഒരു മണിയോടെ നോട്ടീസ് കൈപ്പറ്റി ഒപ്പിട്ട ഗിരിജ എന്ന സ്ത്രീ ഒരാള്‍ക്കൊപ്പം ഭക്ഷ്യസുരക്ഷ ഓഫിസിലെത്തി. ഇവരുടെ പക്കല്‍ ലൈസന്‍സ് രേഖയുണ്ടായിരുന്നു കടയ്ക്ക് ലൈസന്‍സ് ഉണ്ടെന്ന കാര്യം ഗിരിജയ്ക്ക് അറിയില്ലായിരുന്നു എന്നും കൂടെയുള്ളയാള്‍ പറഞ്ഞു. ലൈസന്‍സ് പരിശോധിച്ചപ്പോള്‍ ഇത് സത്യമാണെന്ന് മനസിലാകുകയും ചെയ്തു. പക്ഷെ നിരവധി ന്യൂനതകള്‍ കടയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 5000 രൂപ പിഴയടയ്ക്കണമെന്നും ഇവരോട് പറഞ്ഞു. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഏകദേശം മൂന്ന് മണിയോടെ തന്നെ പിഴ ട്രഷറിയില്‍ അടച്ച ചെല്ലാനുമായി ഭക്ഷ്യസുരക്ഷ ഓഫിസില്‍ എത്തി തട്ടുകട തുറക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 50,000 രൂപയാണ് ഭക്ഷ്യവിഭാഗം പിഴ ഈടാക്കിയതെന്നും ഇതുമൂലമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും വ്യാജ പ്രചരണമാണെന്നും ഭക്ഷ്യ വിഭാഗം അസി. കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കടബാധ്യത മൂലമാണ് ആത്മഹത്യ എന്നതാണ് പോലീസ് നിഗമനം എന്ന് വാര്‍ത്തയില്‍ വിശദമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത-

Reporter News 

ചില മുഖ്യധാര മാധ്യമങ്ങളില്‍ തിരുവനന്തപുരം ആലംകോടാണ് സംഭവം നടന്നതെന്ന പേരില്‍ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആറ്റിങ്ങല്‍ നഗരസഭയിലെ ആലംകോട് വാര്‍ഡ് കൗണ്‍സിലറായ എ.നജാമുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്- 

ആറ്റിങ്ങല്‍ നഗരസഭയിലെ ആലംകോടാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് ചുമത്തിയ 50,000 രൂപ പിഴയുടെ പേരിലാണ് ആത്മഹത്യക്ക് കാരണമെന്നുമുള്ള പേരില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണ്. ചാത്തന്‍പാറ പഞ്ചയാത്തിലെ കരവാരം എന്ന സ്ഥലത്താണ് മരണപ്പെട്ട മണിക്കുട്ടനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ വീടിന് സമീപം തന്നെയാണ് ദേശീയപാത. ഇതിന്‍റെ മറുവശത്തായിരുന്നു തട്ടുകട നടത്തിയിരുന്നത്. ഭക്ഷ്യവകുപ്പ് 50,000 രൂപയല്ല 5000 രൂപയാണ് പിഴ ഈടാക്കിയതെന്നത് തെളിവ് സഹിതം അവര്‍ പുറത്ത് വിട്ട കാര്യമാണ്. കടബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഇത് ആറ്റിങ്ങലാണ് നടന്നതെന്നും ഭീമമായ പിഴ തുക കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും ആദ്യം വാര്‍ത്ത നല്‍കിയ വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണെന്നും ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണെന്നും നജാം പറഞ്ഞു.

തട്ടുകട ഉടമ 5000 രൂപ പിഴ ട്രഷറിയില്‍ അടച്ചതിന്‍റെ ചെല്ലാന്‍-

നിഗമനം

50,000 അല്ല 5000 രൂപയാണ് ഭക്ഷ സുരക്ഷ വിഭാഗം തട്ടുകട ഉടമയില്‍ നിന്നും ഈടാക്കിയതെന്ന് ട്രഷറിയില്‍ പിഴ തുക അടച്ചതിന്‍റെ ചെല്ലാന്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം. അതുകൊണ്ട് തന്നെ പ്രചരമം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading