FACT CHECK – ഉറപ്പാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നോ നിരത്തില്‍ ഇറക്കിയത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഇ ബുള്‍ജെറ്റ് എ‌ന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബ് വ്ളോഗേഴ്‌സ് ആയ സഹോദരങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കേസെടുത്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. വാന്‍ ലൈഫ് ആസ്പദമാക്കി വ്ളോഗുകള്‍ ചെയ്യുന്ന ഇവര്‍ നിയമ വിരുദ്ധമായി ട്രാവലര്‍ വാഹനം മോഡിഫൈ ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതും പിന്നീട് അറസ്റ്റിലും റിമാന്‍ഡ‍ിലും കലാശിച്ചത്. 

ഈ സാഹചര്യത്തില്‍  മോഡിഫിക്കേഷനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ഒരു പ്രചരണ മാര്‍ഗത്തെ വിമര്‍ശിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രൊഫൈലുകള്‍ രംഗത്ത് എത്തിയത്. 

ഉറപ്പാണ് എല്‍ഡിഎഫ് എന്ന വാചകം എഴുതിയ ചുവന്ന നിറത്തിലുള്ള ഓട്ടോറിക്ഷ എല്‍ഡിഎഫ് പ്രചരണത്തിന് ഇറക്കിയത് ചൂണ്ടിക്കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ചിലര്‍ രംഗത്ത് എത്തിയത്. 

ഇ ബുള്‍ജെറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല.. പക്ഷെ ഇലക്ഷന്‍ സമയം സിപിഎം പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷയുടെ ബോഡിക്ക് ചുവന്ന പെയിന്‍റ് അടിച്ചപ്പോള്‍ എംവിഡി ചത്തുകിടക്കുകയായിരുന്നോ.? എന്ന ചോദ്യം ഉന്നയിച്ച് പോരാളി വാസു എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് നിരവധി പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 3,800ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധമായിട്ടാണോ എല്‍ഡിഎഫ് പ്രചരണത്തിനായി ഓട്ടോറിക്ഷകള്‍ ചുവന്ന നിറത്തിലാക്കിയത്? ഇത് പെയിന്‍റ് അടിച്ചാണോ ഈ നിറത്തിലാക്കിയത്? നിയലംഘനം എങ്കില്‍ എംവിഡി എന്ത് കൊണ്ട് ഈ വിഷയത്തില്‍ ഇടപെട്ടില്ല? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

സംസ്ഥാനം ഒട്ടാകെ ഉറപ്പാണ് എല്‍ഡിഎഫ് പ്രചരണം വാചകം എഴുതിയ ഓട്ടോറിക്ഷകള്‍ നിരത്തിലറക്കിയത് നിയമം ലംഘിച്ചാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ആലപ്പുഴയിലെ എംവിഐയായ ദിലീപ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പ്രചരണത്തിന് എല്‍ഡിഎഫിന് അനുമതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെയാണ്-

കുറഞ്ഞത് ആറ് മാസം വരെ പരസ്യം വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്ക്വയര്‍ സെന്‍റിമീറ്ററിന് നിശ്ചിത തുക ഈടാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്‍കാലങ്ങളില്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഏതാനം കാലങ്ങളായി ഒരു മാസ കാലയളവില്‍ പരസ്യം പതിക്കുന്നതിനായി തുക ഈടാക്കി അനുമതി നല്‍കാമെന്ന നിയമം ഭേദഗതി വന്നിരുന്നു. ഓണവും ക്രിസ്മസും തുടങ്ങിയ ആഘോഷ സീസണുകളില്‍ പല വാണിജ്യ സ്ഥാപനങ്ങളും ഇത്തരത്തില്‍ ചുരുങ്ങിയ കാലത്തേക്ക് പരസ്യ പ്രചരണങ്ങള്‍ക്കായി പണം അടച്ചു അനുമതി തേടുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു മാസം അനുമതി നല്‍കുന്നത്. ഇതെ രീതിയില്‍ പണം മോട്ടോര്‍ വാഹന വകുപ്പില്‍ കെട്ടിവെച്ച ശേഷമാണ് എല്‍ഡിഎഫ് പ്രചരണം നടത്തിയതെന്നും അതുകൊണ്ട് തന്നെ നിയമലംഘനം ഈ വിഷയത്തില്‍ വരുന്നില്ലെന്നും ഇവ അഴിച്ചു മാറ്റാന്‍ കഴിയുന്ന പ്ലാസ്ടിക് ഷീറ്റുകളാണെന്നും പെയിന്‍റല്ലെന്നും എംവിഐ ദലീപ് കുമാര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് സമയത്ത് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലും 1920 രൂപ വീതം ഒരു ഓട്ടോയ്ക്ക് സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ മോട്ടോര്‍ വാഹന വകുപ്പിന് കെട്ടിവെച്ച ശേഷമാണ് പ്രചരണത്തിനിറക്കുന്നതെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് വാര്‍ത്തയുടെ പ്രസക്ത ഭാഗം-

Arsianet News ReportArchived Link

നിഗമനം

നിയമാനുസൃതം നിശ്ചിത തുക മോട്ടോര്‍ വാഹന വകുപ്പില്‍ കെട്ടിവെച്ച ശേഷമാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷയില്‍ പരസ്യ പ്രചരണം നടത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരിപ്പിക്കപ്പെടുത്തുകയാണെന്ന് അനുമാനിക്കാം.

Avatar

Title:ഉറപ്പാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നോ നിരത്തില്‍ ഇറക്കിയത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False